നോട്ട് നിരോധനമല്ല രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകര്‍ന്നതിന് കാരണം ; രഘുറാം രാജനാണെന്ന് നീതി ആയോഗ് ഉപാധ്യക്ഷന്‍

ന്യൂഡല്‍ഹി: നോട്ടുനിരോധനത്തെ തുടര്‍ന്ന് 99 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്ന റിപ്പോര്‍ട്ട് വന്നതോടെ രൂക്ഷ വിമര്‍ശനമാണ് കേന്ദ്രസര്‍ക്കാര്‍ നേരിടേണ്ടി വന്നത്. ഇതിനെ പ്രതിരോധിക്കാന്‍ പലതരത്തിലും ബിജെപി മുന്നിട്ടിറങ്ങിയിരുന്നു. ഇപ്പോഴിതാ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ഇടക്കാലത്ത് മന്ദഗതിയിലാക്കിയതു നോട്ടുനിരോധനമല്ലെന്നും റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്റെ നയങ്ങളാണെന്നും നീതി ആയോഗ് ഉപാധ്യക്ഷന്‍ രാജീവ് കുമാര്‍ പറയുന്നു. നിഷ്‌ക്രിയ ആസ്തികളുമായി ബന്ധപ്പെട്ടു രഘുറാം രാജന്‍ സ്വീകരിച്ച നയങ്ങളുടെ പോരായ്മയാണു വളര്‍ച്ചാനിരക്കിനെ ബാധിച്ചത്. അല്ലാതെ 500, 1000 രൂപാ നോട്ടുകള്‍ നിരോധിച്ചതല്ല – വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയ്ക്കു നല്‍കിയ അഭിമുഖത്തില്‍ രാജീവ് കുമാര്‍ വ്യക്തമാക്കി.

നോട്ടുനിരോധനത്തിനു ശേഷം രാജ്യത്തിന്റെ വളര്‍ച്ചാ നിരക്കില്‍ കാര്യമായ കുറവു വന്നിരുന്നു. നോട്ടുനിരോധത്തിനു പിന്നാലെയാണ് ഇതു സംഭവിച്ചത് എന്നതുകൊണ്ടു നോട്ടുനിരോധനമാണ് ഇതിനു കാരണം എന്ന് അര്‍ഥമില്ല. ഈ സമയത്ത് സമ്പദ് വ്യവസ്ഥയില്‍ മൊത്തത്തില്‍ ഒരു ഇടിവു സംഭവിച്ചിരുന്നു. 2015–-16 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദം മുതല്‍ തുടര്‍ച്ചയായി ആറു പാദങ്ങളില്‍ ഈ ഇടിവു തുടര്‍ന്നു – രാജീവ് കുമാര്‍ ചൂണ്ടിക്കാട്ടി.

ഈ ഇടിവിനു പിന്നിലെ കാരണങ്ങളിലേക്കു വിരല്‍ ചൂണ്ടവെയാണ്, രഘുറാം രാജന്റെ ചില നയങ്ങളും ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നു രാജീവ് കുമാര്‍ ആരോപണം ഉയര്‍ത്തിയത്. രഘുറാം രാജന്റെ ചില സാമ്പത്തിക നയങ്ങള്‍ ബാങ്കിങ് മേഖലയില്‍ നിഷ്‌ക്രിയ ആസ്തി കുമിഞ്ഞുകൂടാന്‍ ഇടയാക്കിയെന്നാണ് ആക്ഷേപം.

2014 മേയ് മാസത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തുമ്പോള്‍ ബാങ്കിങ് മേഖലയിലെ നിഷ്‌ക്രിയ ആസ്തി നാലു ലക്ഷം രൂപയായിരുന്നു. എന്നാല്‍, 2017 പകുതിയായപ്പോഴേക്കും ഇത് 10.5 ലക്ഷം കോടിയായി ഉയര്‍ന്നു. ഇതോടെ ബാങ്കുകള്‍ വായ്പ നല്‍കുന്നതു കുറയ്ക്കുകയും തല്‍ഫലമായി സമ്പദ്‌വ്യവസ്ഥ മൊത്തത്തില്‍ ക്ഷീണിക്കുകയും ചെയ്തു .രാജീവ് കുമാര്‍ പറഞ്ഞു.

2016–-17 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ ജിഡിപി വളര്‍ച്ചാനിരക്ക് 6.1 ശതമാനമായി കുറഞ്ഞിരുന്നു. നോട്ടുനിരോധനത്തിനു ശേഷമുള്ള മൂന്നു മാസങ്ങളുള്‍പ്പെടുന്നതാണ് ഈ പാദം. അടുത്ത പാദത്തില്‍ (2017–-18) സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദം) ഇതു വീണ്ടും കുറഞ്ഞ് 5.7 ശതമാനമായി.

pathram:
Leave a Comment