11 എ.സിയുള്ള വീടിന്റെ മതില്‍ തകര്‍ന്നത് നന്നാക്കാന്‍ അഞ്ചരലക്ഷം രൂപ ധനസഹായം; പ്രളയത്തിനിടെ അനധികൃത സഹായമൊരുക്കി പഞ്ചായത്ത് ഉദ്യോഗസ്ഥര്‍; ഞെട്ടിക്കുന്ന തട്ടിപ്പിന്റെ കഥകള്‍ ഇങ്ങനെ…

മലപ്പുറം: പ്രളയക്കെടുതിയില്‍ നിന്ന് കരകയറും മുന്‍പ് പുറത്തുവരുന്നത് തട്ടിപ്പിന്റെ ഞെട്ടിക്കുന്ന കഥകള്‍. ധനസഹായം ചെലവഴിക്കാനുള്ള മലപ്പുറത്ത് പ്രളയ ബാധിതര്‍ക്കായുള്ള സര്‍ക്കാര്‍ ധനസഹായം വകമാറ്റി നല്‍കാന്‍ ശ്രമിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. സംഭവം തദ്ദേശഭരണ എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ അന്വേഷിക്കുമെന്ന് ജില്ലാഭരണകൂടം അറിയിച്ചു.

അതേസമയം, വഴിവിട്ട് നഷ്ടപരിഹാരം ശുപാര്‍ശ ചെയ്തതില്‍ നടപടി ഉണ്ടാകുമെന്ന് മന്ത്രി ഇ.പി.ജയരാജന്‍ പറഞ്ഞു. തെറ്റുകാരെ കര്‍ശനമായി നേരിടുമെന്നു മന്ത്രി വ്യക്തമാക്കി. വാര്‍ത്ത വിശ്വസിക്കുന്നുവെന്നും ഇപ്പോഴുള്ള ഉദ്യോഗസ്ഥരില്‍ ഭൂരിപക്ഷവും ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്നവരാണെന്നും മന്ത്രി പറഞ്ഞു. കലക്ടറുടെ അന്വേഷണത്തിനുശേഷം നടപടിയെടുക്കുമെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനും വ്യക്തമാക്കിയിട്ടുണ്ട്.

പ്രളയക്കെടുതിയില്‍പ്പെട്ട പതിനായിരങ്ങള്‍ ആശ്വാസ ധനത്തിനുവേണ്ടി കാത്തുനില്‍ക്കുമ്പോള്‍ ഇഷ്ടക്കാര്‍ക്കുണ്ടായ നഷ്ടം പെരുപ്പിച്ചുകാട്ടി ഉദ്യോഗസ്ഥര്‍ നടത്തുന്ന തട്ടിപ്പിന്റെ വാര്‍ത്ത പുറത്തു വന്നതോടെയാണ് അന്വേഷണം ആരംഭിച്ചത്. മലപ്പുറം തൃക്കലങ്ങോട് പഞ്ചായത്തില്‍ പതിനായിരം രൂപയുടെ പോലും നഷ്ടമുണ്ടാകാത്തവര്‍ക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ മൂന്നുലക്ഷത്തിലധികം രൂപ നഷ്ടപരിഹാരത്തിന് ശുപാര്‍ശ നല്‍കിയിരുന്നു.

തൃക്കലങ്ങോട് ഒരു വീടിനുപിന്നില്‍ മണ്ണിടിച്ചിലുണ്ടായെങ്കിലും മുറ്റത്തു മാത്രമേ മണ്ണ് പതിച്ചുള്ളൂ. ഒന്‍പതു കിടപ്പുമുറികളും 11 എ.സി യുമുള്ള ഈ വീടിന്റെ അറ്റകുറ്റപ്പണിക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ കണക്കാക്കിയത് 5,79, 225 രൂപ. വീടിനുപിന്നില്‍ വലിയ ഭിത്തി നിര്‍മിക്കാനാണ് 5,40,000 രൂപ ശുപാര്‍ശ ചെയ്തത്. തൊഴിലാളികളെ വച്ച് ഈ മണ്ണു നീക്കാന്‍ പതിനായിരം രൂപയില്‍ താഴെ മാത്രമേ ചെലവാകൂ. അവിടെയാണ് അഞ്ചുലക്ഷത്തി എഴുപത്തൊന്‍പതിനായിരം രൂപയുടെ കണക്ക് അസിസ്റ്റന്റ് എന്‍ജിനീയര്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയത്.

അയല്‍പക്കത്തെ രണ്ടാമത്തെ വീട്ടിലും ഇതു തന്നെ സ്ഥിതി. ഇവിടെയും കെട്ടിടത്തിന്റെ തറയിലേക്കോ ചുമരിലേക്കോ മണ്ണിടിഞ്ഞിട്ടില്ല. പക്ഷെ ഈ കുടുംബത്തിന് 3,86,150 രൂപ നഷ്ടം കൊടുക്കണമെന്നാണ് ശുപാര്‍ശ. തൊട്ടപ്പുറത്തുള്ള മറ്റൊരു വീട് കാണുക. വീടിനടുത്തു വരെ മണ്ണുവീണെങ്കിലും കേടുപാടില്ല. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഈ മണ്ണു നീക്കാന്‍ പതിനായിരത്തില്‍ താഴെയാണ് ചിലവ് വരിക. പക്ഷെ ഔദ്യോഗികമായി കണക്കാക്കിയ നഷ്ടം 3,47,535 രൂപ.

പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ വില്ലേജ് ഓഫീസര്‍ വഴി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് കാര്യമായ പരിശോധനകളില്ലാതെ പാസാക്കാറാണ് പതിവ്. പ്രളയകാലമായതിനാല്‍ വലിയ പരിശോധനകളുണ്ടാകില്ലെന്ന വിശ്വാസമാണ് ഇത്തരം ഉദ്യോഗസ്ഥരെ ക്രമക്കേടുകള്‍ക്ക് പ്രേരിപ്പിക്കുന്നത്.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment