ഒരു കുടുംബത്തിന് അനുവദിച്ച 10,000 രൂപ വിതരണം ചെയ്തു തുടങ്ങി; 1,600 പേരുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് പണം എത്തി

തിരുവനനന്തപുരം: പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവരെ കരകയറ്റാന്‍ അടിയന്തര സഹായമായി ഒരു കുടുംബത്തിന് അനുവദിച്ച 10000 രൂപ വിതരണം ചെയ്തു തുടങ്ങിയെന്ന് റവന്യൂവകുപ്പ്. പാലക്കാട്ടുളള 1600 പേരുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് പണം നിക്ഷേപിച്ചിട്ടുണ്ട്. ഡാറ്റാ എന്‍ട്രി പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് മറ്റുളളവര്‍ക്കും തുക കൈമാറുമെന്ന് റവന്യൂവകുപ്പ് അറിയിച്ചു.

ദുരിതബാധിതരുടെ അക്കൗണ്ടിലേയ്ക്ക് പണം കൈമാറാന്‍ കലക്ടര്‍മാര്‍ക്ക് 242.73 കോടി രൂപയാണ് നല്‍കിയിരിക്കുന്നത്. നാലുലക്ഷത്തോളം പേര്‍ക്കാണ് അടിയന്തര ധനസഹായം ലഭിക്കുക. നിലവില്‍ 59,000ത്തിലേറെ പേരാണ് 305 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത്. വെളളം വറ്റിയെങ്കിലും വീടുകള്‍ ഇപ്പോഴും വാസയോഗ്യമല്ലാത്ത കാരണത്താലാണ് ഇവര്‍ ക്യാമ്പുകളില്‍ തന്നെ കഴിയുന്നത്.

അതേസമയം ലക്ഷകണക്കിന് ആളുകള്‍ തിരിച്ചുവീടുകളില്‍ എത്തികഴിഞ്ഞു. ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഇവര്‍ക്ക് സംഭവിച്ചിരിക്കുന്നത്. ഇവരുടെ വിവരശേഖരണമാണ് പുരോഗമിക്കുന്നത്. ക്യാമ്പുകളില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും മറ്റുളളവരുടെ വീടുകളില്‍ പോയി വിവരം ശേഖരിച്ചുമാണ് അടിയന്തരധനസഹായം നല്‍കുന്നത്.

അതിനിടെ പ്രളയക്കെടുതി ചര്‍ച്ച ചെയ്യുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ എംഎല്‍എയോട് പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മൂവാറ്റുപുഴ എംഎല്‍എയായ എല്‍ദോ എബ്രഹാമിനോടാണ് മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിച്ചത്. പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരം 25 ലക്ഷമാക്കണമെന്ന എല്‍ദോയുടെ പ്രസ്താവനയാണ് മുഖ്യമന്ത്രിയുടെ അതൃപ്തിയ്ക്ക് കാരണമായത്.

പ്രളയത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കുള്ള നഷ്ടപരിഹാരം ഇപ്പോള്‍ നില്‍ക്കുന്നതില്‍ നിന്ന് അല്പം കൂടി ഉയര്‍ത്തി 25 ലക്ഷം രൂപയാക്കണമെന്നും പരുക്കുപറ്റിയവര്‍ക്കുള്ള നഷ്ടപരിഹാരം ഉയര്‍ത്തണമെന്നും വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള നഷ്ടപരിഹാരവും ഉയര്‍ത്തണമെന്നുമായിരുന്നു എല്‍ദോ എംഎല്‍എ പറഞ്ഞത്. എന്നാല്‍ ഇത് കേട്ടതും മുഖ്യമന്ത്രി കസേരയില്‍ നിന്നും എഴുന്നേറ്റ് പ്രതികരിക്കുകയായിരുന്നു.

‘കേന്ദ്രം അനുവദിച്ചത് എത്രയാണ് ? സംസ്ഥാനം അനുവദിച്ചത് എത്രയാണ്? എന്നൊക്കെ സംബന്ധിച്ച് അംഗത്തിന് വല്ല ധാരണയുമുണ്ടോ? എന്താ സ്ഥിതി? ‘ എന്നായിരുന്നു പിണറായിയുടെ പ്രതികരണം. മുഖ്യമന്ത്രിയുടെ പ്രതികരണത്തില്‍ എംഎല്‍എ ആദ്യമൊന്നു പതറിയെങ്കിലും പിന്നീട് പ്രസംഗം പൂര്‍ത്തിയാക്കി. സഹായധനം കൂട്ടണമെന്നും മലങ്കര ഡാം തുറന്നതില്‍ വീഴ്ചയുണ്ടായെന്നും എല്‍ദോ പറഞ്ഞതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.

അതേസമയം, സഭയില്‍ പ്രതിപക്ഷത്തിന്റെ ശബ്ദമായി മാറിയത് ഉപപ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിച്ചതിന് പിന്നാലെ കടുത്ത വിമര്‍ശനങ്ങളുമായാണ് വി.ഡി.സതീശന്‍ രംഗത്തെത്തിയത്.

പ്രളയം ഭരണാധികാരികളുടെ ആസൂത്രണമില്ലായ്മ സൃഷ്ടിച്ച മഹാദുരന്തമെന്ന് ചരിത്രം വിധിയെഴുതുമെന്ന് വി.ഡി.സതീശന്‍ പറഞ്ഞു. സര്‍ക്കാര്‍ ദുരിതബാധിതര്‍ക്ക് പ്രഖ്യാപിച്ച 10000 രൂപയുടെ നഷ്ട പരിഹാരം എത്രയും പെട്ടെന്ന് വിതരണം ചെയ്യണം. സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭക്ഷ്യധാന്യങ്ങളുടെ കിറ്റ് നൂറിലൊരാള്‍ക്ക് പോലും വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. എല്ലാ വീടുകളിലും കിറ്റ് എത്തിക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

pathram desk 2:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment