പൂക്കളമില്ല, ആഘോഷമില്ല..! ദുരിതക്കാഴ്ചകള്‍ക്കിടെ മലയാളികള്‍ക്ക് ഇന്ന് തിരുവോണം

കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത പ്രളയദുരിതത്തിനിടെ മലയാളിക്ക് ഇന്ന് തിരുവോണം. മഴപെയ്ത് തോര്‍ന്നെങ്കിലും മാവേലിയുടെ നാട്ടില്‍ പ്രളയം വിതച്ച ദുരിതക്കാഴ്ചകള്‍ അവസാനിച്ചിട്ടില്ല. പൂക്കളമൊരുങ്ങേണ്ട മുറ്റങ്ങളിലൊക്കെ ചെളിയും മലിന്യവും നിറഞ്ഞു കിടക്കുന്നു. അത്തത്തിന് ഇരുണ്ടുപെയ്ത മാനം മലയാളിയുടെ തിരുവോണവും ഇരുളിലാക്കി. പ്രളയം വിഴുങ്ങിയ കേരളക്കരയില്‍ പൂമണമില്ലാത്ത തിരുവോണനാളാണിത്.

ഓരോ മലയാളിയും മാവേലിയായി മാറുന്നതാണ് ഈ പ്രളയകാലത്തെ നന്മയുടെ കാഴ്ച. ദുരിതത്തിലായവര്‍ക്ക് വസ്ത്രവും ഭക്ഷണവുമടക്കം വേണ്ടെതെല്ലാമെത്തിക്കാന്‍ മലയാളികള്‍ മത്സരിച്ചു. സര്‍ക്കാരും, ക്ലബ്ബുകളുമെല്ലാം ആഘോഷങ്ങള്‍ വേണ്ടെന്നു വെച്ചു. ദുരിതാശ്വാസ ക്യാംപുകളില്‍ എല്ലാവരും ഒന്നായിട്ടാണ് ഇത്തവണ ഓണം.

പ്രളയകാലം വിപണിയെയും കാര്യമായി ബാധിച്ചു. കാര്‍ഷിക മേഖലയ്ക്കും പ്രളയം കനത്ത തിരിച്ചടിയാണ് നല്‍കിയത്. മലയാള സിനിമയിലും ഓണറിലീസുകളില്ല. ഈ പ്രളയകാലത്തെ ഓര്‍മ്മയിലേക്ക് പറഞ്ഞുവിട്ട് അടുത്ത ഓണക്കാലത്തിന്റെ സമൃദ്ധിക്കായി നമുക്ക് കാത്തിരിക്കാം.

ഓണം മലയാളിമനസ്സുകളില്‍ ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നിറകുടം തീര്‍ക്കുന്നതാണ്. ഗൃഹാതുരത്വമുണര്‍ത്തുന്ന ഒട്ടേറെ ബിംബങ്ങളും ഐതിഹ്യങ്ങളും കേരളത്തനിമയുടെ ഓജസ്സും തേജസ്സും വിളിച്ചോതുന്നു. കലാ-സാംസ്‌കാരികം, സാമൂഹികചരിത്രം, സാഹിത്യം തുടങ്ങിയ സമസ്തമേഖലകളിലും ഓണം മലയാളിമനസ്സുകളില്‍ സ്വാധീനം ചെലുത്തിപ്പോരുന്നു. മലയാളികള്‍ ഒന്നടങ്കം ജാതിഭേദമില്ലാതെ ഓണം ആഘോഷിക്കുന്നു. അത്തം മുതല്‍ തിരുവോണം വരെ എല്ലാ വീടുകളിലും പോയ്മറഞ്ഞ വര്‍ഷത്തിന്റെ ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മപ്പെടുത്തലും വരാനിരിക്കുന്ന വര്‍ഷത്തിന്റെ പ്രതീക്ഷകളും കാത്തിരിക്കുന്നു.
കേരളത്തിന്റെ തനത് സംസ്‌കാരം വിളിച്ചോതുന്ന ഗ്രാമീണമേഖലകളിലെ ഓണം, അങ്ങ് ഉത്തരകേരളംമുതല്‍ ദക്ഷിണകേരളംവരെ പലതരത്തിലുള്ള ആചാരങ്ങളും അനുഷ്ഠാനങ്ങളും കാഴ്ചവയ്ക്കുന്നു. പത്തുനിരയിലായി പൂക്കളം തീര്‍ക്കുന്നതിനായി കുട്ടികളും കന്യകമാരും പച്ചപ്പരവതാനി വിരിച്ച പാടങ്ങളിലും തോപ്പുകളിലും പോയി തുമ്പ, മുക്കുറ്റി, കണ്ണാന്തളി തുടങ്ങിയ നാടന്‍പൂക്കളും പറിച്ച് പൂക്കൂടയിലാക്കി പുതുവസ്ത്രങ്ങളും ധരിച്ച് ആടിപ്പാടി സങ്കല്‍പ്പങ്ങള്‍ക്കനുസൃതമായി പൂക്കള്‍ നിരത്തുന്നു.
ഒന്നാംനിരയില്‍ ഗണപതി, രണ്ടാമത്തേതില്‍ ശിവശക്തി, മൂന്നാമത്തേതില്‍ ശിവന്‍, നാലാമത്തേതില്‍ ബ്രഹ്മാവ്, അഞ്ചാമത്തേതില്‍ പഞ്ചപ്രാണങ്ങള്‍, ആറില്‍ ഷണ്മുഖന്‍, ഏഴില്‍ ഗുരുനാഥന്‍, എട്ടില്‍ ദിക് പാലകന്മാര്‍, ഒമ്പതില്‍ ഇന്ദ്രന്‍, പത്തില്‍ വിഷ്ണു എന്നീ ക്രമത്തിലാണ്. ശേഷം സ്ത്രീകളും കുട്ടികളും കൈകൊട്ടി കളിച്ചും തുമ്പിതുള്ളിയും ഊഞ്ഞാലാടിയും ഓണത്തപ്പനെ വരവേല്‍ക്കുന്നു. പിന്നീട് വിഭവസമൃദ്ധമായ സദ്യയാണ്. ‘കാണം വിറ്റും ഓണം ഉണ്ണണം’ എന്ന ചൊല്ല് ഇവിടെ ഓര്‍ക്കുന്നു.
ഓണക്കാലത്ത് ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ് വിനോദപരിപാടികള്‍. തെക്കന്‍ കേരളത്തില്‍ ഏറ്റവും പ്രാമുഖ്യം, പാട്ടുംപാടി തുഴഞ്ഞു ആര്‍പ്പുവിളിച്ച് ഒന്നാമതായി എത്തുന്ന വള്ളംകളി മത്സരമാണ്. മധ്യകേരളത്തിലും തൃശ്ശൂരിലെ പ്രാന്തപ്രദേശങ്ങളിലും എറണാകുളത്തെ തൃക്കാക്കര പോലെയുള്ള പ്രദേശത്തും മെയ്വഴക്കവും ബലവുമുള്ള പുരുഷന്മാര്‍ കെട്ടിയാടുന്നതാണ് പുലിക്കളി. പുരുഷന്മാരും കുട്ടികളും ഏര്‍പ്പെടുന്ന മറ്റൊരു വിനോദമാണ് പന്തുകളിയും ഓണത്തല്ലും. തീണ്ടലും തൊടീലും കൊടികുത്തിവാണിരുന്ന ഒരു സമയത്ത് എല്ലാ ജാതിമതസ്ഥര്‍ക്കും ഒത്തൊരുമിച്ച് ആഘോഷിക്കാനും ഉണ്ണാനും വിളമ്പാനും ‘ഓണക്കാഴ്ച’ ഫലപ്രദമായി. ദേവപ്രീതിക്കും വിളവെടുപ്പിനോടനുബന്ധിച്ചും ഓണത്തപ്പനെ വരവേല്‍ക്കാന്‍ തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ പ്രചാരത്തിലുള്ള നാടന്‍ കലാരൂപമാണ് കുമ്മാട്ടിക്കളി. ഓണവില്ലിന്റെ താളത്തിനൊത്ത് പാട്ടുകള്‍പാടി പൊയ്മുഖം ധരിച്ചാടുന്ന കലാരൂപമാണിത്.
നാടന്‍കലാരൂപങ്ങള്‍ പഞ്ചവാദ്യം, പെരുമ്പറവാദ്യം, താലപ്പൊലി, കലാ ദൃശ്യങ്ങള്‍, പ്രച്ഛന്നവേഷക്കാര്‍ തുടങ്ങിയ അണിനിരന്ന ഘോഷയാത്രയും മത്സരങ്ങളും ഔദ്യോഗികതലത്തില്‍ നടക്കുന്ന ഒരു പരിപാടിയാണ് ‘അത്തച്ചമയം’. കൊല്ലം, കായംകുളം ഭാഗത്ത് ഓണസന്ധ്യയില്‍ വീട്ടുമുറ്റങ്ങളില്‍ വാഴക്കരിയിലയും ഈര്‍ക്കില്‍കളഞ്ഞ ഓലയും കെട്ടി അലങ്കരിച്ച് ഗഞ്ചിറ, കൈമണി തുടങ്ങിയ വാദ്യോപകരണങ്ങളുടെ താളത്തിനോട് ചുവടുവച്ച് അരങ്ങേറുന്ന കലയാണ് കരടിക്കളി. താളക്കാരും കരടിയും വേട്ടക്കാരുമാണ് പ്രധാന കഥാപാത്രങ്ങള്‍. മലബാറുകാരുടെ ഗ്രാമവീഥിയില്‍ മുഖത്ത് ചായംപൂശി തലയില്‍ തെച്ചിപ്പൂവേന്തിയ കിരീടവും ചുവന്ന പട്ടും കുരുത്തോലയുമായി വീടുകള്‍തോറും കയറിയിറങ്ങുന്ന ഓണത്തപ്പന്‍ മറ്റൊരു സങ്കല്പമാണ്.
കാലത്തിന്റെ സഞ്ചാരഗതിക്കൊത്ത് മാറുന്ന മലയാളിയും ഓണവിചാരങ്ങളും പഴമയില്‍നിന്ന് ന്യൂജെനിലേക്ക് പോകുമ്പോള്‍ ഉണ്ടാകുന്ന കലാസാംസ്‌കാരിക ആചാരാനുഷ്ഠാന മൂല്യങ്ങളിലെ അന്തരം, എത്രമാത്രം ഓരോ വ്യക്തിയെയും ബാധിക്കുന്നു എന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. ‘മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരും ഒന്നുപോലെ’: ഈ വരികളില്‍ മാത്രം ഒതുങ്ങുകയാണ് പുത്തന്‍ തലമുറയുടെ ഓണസങ്കല്‍പ്പങ്ങളും ഐതിഹ്യങ്ങളും.
മംഗ്ലീഷ് കലര്‍ന്ന വാക്കുകളുപയോഗിച്ച് കേരളസംസ്‌കാര പൈതൃകം അടിച്ചമര്‍ത്തപ്പെടുകയാണ്. തറവാടുകളിലും ഇല്ലങ്ങളിലും ജീവിച്ചുപോന്ന കുടുംബങ്ങള്‍, അണുകുടുംബങ്ങള്‍ ആയതോടെ ഓണസദ്യ വിലപിടിപ്പുള്ള ഓണക്കിറ്റുകള്‍ ആയിമാറി. നഗരത്തിന്റെ മുഖമുദ്ര എന്നും തിരക്കേറിയ ജീവിതം മാത്രം. ഓണക്കളികളും വസന്തകാലത്തിന്റെ പ്രതീകമായ പൂക്കളും ഇന്ന് നാമാവശേഷമായി മാറുന്നു. കാര്‍ഷികമേഖലയെ തച്ചുടച്ച് കൂറ്റന്‍ കെട്ടിട സൗധങ്ങള്‍ പണിയുമ്പോള്‍ നഷ്ടപ്പെടുന്നത്, മനുഷ്യന്റെ കായികാധ്വാനവും ആരോഗ്യശേഷിയുമാണ്. തുള്ളിച്ചാടി ഓണക്കളികള്‍ കളിച്ചുനടന്ന കുട്ടികള്‍, സ്വീകരണമുറിയിലെ ദൃശ്യവിസ്മയത്തിനുമുന്നിലും കൈപ്പിടിയിലൊതുങ്ങുന്ന മൊബൈല്‍ ജീവിതത്തിലും അടിമപ്പെട്ടിരിക്കുന്നു.

pathram:
Leave a Comment