ഓണം, ക്രിസ്മസ് പരീക്ഷ ഒന്നാക്കും; സ്‌കൂള്‍ കലോത്സവവും മാറ്റും

തിരുവനന്തപുരം: പ്രളയക്കെടുതി നേരിടുന്നതിനാല്‍ ഇത്തവണ ഓണാഘോഷം താളം തെറ്റി, ഓണാവധി നേരത്തെയാക്കി. അങ്ങിനെ ആകെ തകിടം മറിഞ്ഞിരിക്കുകയാണ്. പല സ്‌കൂളുകളും ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിക്കുന്നു. ഇതിനിടെ ഓണപ്പരീക്ഷ നടത്തേണ്ടെന്നാണ് പുതിയ തീരുമാനം. സ്‌കൂളുകള്‍ നേരത്തേ തീരുമാനിച്ചതു പോലെ 29നു തുറക്കുമെങ്കിലും വിപുലമായ ഓണപ്പരീക്ഷ നടത്താന്‍ ഇനി സമയമില്ലെന്നു വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തല്‍.

ഓണപ്പരീക്ഷ നടത്തിയാല്‍ തുടര്‍ന്നുള്ള ക്രിസ്മസ് പരീക്ഷയുടെ തയാറെടുപ്പ് അവതാളത്തിലാകുമെന്നതിനാലാണു ക്ലാസ് പരീക്ഷ മതിയെന്നു പൊതുവിദ്യാഭ്യാസ, ഹയര്‍സെക്കന്‍ഡറി വകുപ്പുകള്‍ വിദ്യാഭ്യാസമന്ത്രി മുന്‍പാകെ നിര്‍ദേശം വച്ചത്. എല്ലാ വര്‍ഷവും ഓണം, ക്രിസ്മസ് പരീക്ഷകള്‍ നടത്തുന്നത് അനാവശ്യവും അധികച്ചെലവുമാണെന്ന ചിന്തയും സര്‍ക്കാരിനുണ്ട്.

ക്ലാസ് പരീക്ഷകള്‍ക്കു പുറമെ ഒരു അര്‍ധവാര്‍ഷിക പരീക്ഷയും ഒരു വാര്‍ഷിക പരീക്ഷയുമെന്ന രീതിയിലേക്കു മാറുന്നതിനെക്കുറിച്ചു ചര്‍ച്ച നടക്കുന്നു. ഈ വര്‍ഷമോ അടുത്ത വര്‍ഷമോ ഇതു നടപ്പാക്കിയേക്കും. ഇക്കാര്യത്തിലും സര്‍ക്കാരാണ് അന്തിമ തീരുമാനം എടുക്കേണ്ടത്.

ഡിസംബറില്‍ ആലപ്പുഴയില്‍ നടത്താനിരുന്ന സംസ്ഥാന സ്‌കൂള്‍ കലോല്‍സവം നിശ്ചിത തീയതികളില്‍ നടത്താനാവില്ല. ആലപ്പുഴ ജില്ലയുടെ നല്ലൊരു ഭാഗവും പ്രളയക്കെടുതിയിലാണ്. അതിനാല്‍ തീയതി നീട്ടുകയോ ആര്‍ഭാടം ഒഴിവാക്കി ചെറിയ തോതില്‍ മറ്റേതെങ്കിലും വേദിയില്‍ നടത്തുകയോ ചെയ്യേണ്ടിവരും.

അടുത്തമാസം നടത്താനിരുന്ന സ്‌കൂള്‍തല കലോല്‍സവം ഒക്ടോബറിലേക്കു മാറും. ഇതിനനുസരിച്ചു ജില്ലാ കലോല്‍സവത്തിലും മാറ്റം വരും. 30നു ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം (ക്യുഐപി) യോഗത്തില്‍ അധ്യാപക സംഘടനാ നേതാക്കളുമായി ചര്‍ച്ച ചെയ്തു തീയതികളുടെ കാര്യത്തില്‍ ധാരണയിലെത്തും.

തുടര്‍ന്നു വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നാകും പുതിയ തീയതികള്‍ നിശ്ചയിക്കുക. പ്രളയത്തെ തുടര്‍ന്നു സ്‌കൂളുകള്‍ വൃത്തിയാക്കാന്‍ നാളെ മുതല്‍ 28 വരെ പൊതുവിദ്യാഭ്യാസ സെക്രട്ടറിയും ഡയറക്ടറും വിദ്യാഭ്യാസ ഓഫിസര്‍മാരും അധ്യാപകരും രംഗത്തിറങ്ങുമെന്നും റിപ്പോര്‍ട്ടുണ്ട്.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment