ക്യാമ്പിലെ ജിമിക്കി കമ്മല്‍ നൃത്തം ഹിറ്റായി; ആസിയ ബീവി സിനിമയിലേക്ക്…!!!

കൊച്ചി: മുളന്തുരുത്തിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ ആസിയ ബീവി എന്ന യുവതി ജിമിക്കി കമ്മല്‍ എന്ന പാട്ടിന് ചുവട്‌വെച്ചത് സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമായിരുന്നു. ഇപ്പോഴിതാ കിസ്മത്തിന്റെ സംവിധായകന്‍ ഷാനവാസ് കെ ബാവക്കുട്ടി തന്റെ പുതിയ ചിത്രത്തിലേക്ക് ആസിയയെ തിരഞ്ഞെടുത്തിരിക്കുകയാണ്. വിനായകന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഭാഗമാകാന്‍ ഒരുങ്ങുകയാണ് ആസിയയും. സര്‍വ്വതും നഷ്ടമായി ദുഖിച്ചിരിക്കുന്നവര്‍ക്ക് തന്റെ നൃത്തം പ്രചോദനമായിത്തീരട്ടെ എന്നാണ് വൈറ്റില ഹബ്ബിലെ ട്രാഫിക് വാര്‍ഡനായ ആസിയയ്ക്ക് പറയാനുള്ളത്.

ഫ്രാന്‍സിസ് നൊറാണയുടെ ‘തൊട്ടപ്പന്‍’ എന്ന കഥയെ ആസ്പദമാക്കിയുള്ള ചിത്രമാണ് ഷാനവാസ് ബാവകുട്ടി അടുത്ത് സംവിധാനം ചെയ്യുന്നത്. തിരക്കഥയെഴുതുന്നത് എഴുത്തുകാരനും തിരക്കഥാകൃത്തുമായ പിഎസ് റഫീക്കാണ്. ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്നും വൈകാതെ തന്നെ താന്‍ ആസിയയെ കാണാന്‍ ചെല്ലും എന്നും സംവിധായകന്‍ അറിയിച്ചു.

കൊച്ചിയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ആഗസ്ത് അവസാന വാരം ചിത്രീകരണം ആരംഭിക്കും. ചിത്രത്തില്‍ വിനായകനെ കൂടാതെ റോഷന്‍ മാത്യു, മനോജ് കെ ജയന്‍, കൊച്ചുപ്രേമന്‍ ,പോളി വത്സന്‍ എന്നിവര്‍ മുഖ്യവേഷങ്ങളഭിനയിക്കുന്നു. പുതുമുഖമാണ് നായിക.

pathram desk 1:
Related Post
Leave a Comment