വീണ്ടും ആശങ്ക; ഇടുക്കിയില്‍നിന്ന് വീണ്ടും വെള്ളം തുറന്നുവിടുന്നു; ഇനിയും കൂട്ടുമെന്ന് കെ.എസ്.ഇബി; എതിര്‍പ്പുമായി ജില്ലാഭരണകൂടം

ചെറുതോണി: ഇടുക്കി അണക്കെട്ടില്‍ നിന്ന് ഒഴുക്കിവിടുന്ന ജലത്തിന്റെ അളവ് കൂട്ടി. ജലത്തിന്റെ അളവ് 800ല്‍ നിന്ന് 1000 ഘനമീറ്ററായാണ് കൂട്ടിയത്. ഇനിയും കൂടുതല്‍ വെള്ളം തുറന്നുവിടേണ്ടി വരുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. എന്നാല്‍ ഇത് ജില്ലാഭരണകൂടം എതിര്‍ത്തു. തുറന്നുവിട്ടാല്‍ പെരിയാറില്‍ വീണ്ടും കനത്ത വെള്ളപ്പൊക്കം വീണ്ടും ഉണ്ടാകും. ദുരിതബാധിത പ്രദേശങ്ങളില്‍നിന്ന് വെള്ളം കുറയുന്നതിനുള്ള സാവകാശം ലഭിക്കുമെന്നും ജില്ലാഭരണകൂടം കണക്കുകൂട്ടുന്നു. അതുകൊണ്ടുതന്നെ കൂടുതല്‍ വെള്ളം ഇപ്പോള്‍ തുറന്നുവിടേണ്ടതില്ലെന്നാണ് അധികൃതരുടെ തീരുമാനം.

അതേസമയം, കനത്ത മഴയെ തുടര്‍ന്നു ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ കക്കി അണക്കെട്ടിന്റെ ഭാഗമായ ആനത്തോട് അണക്കെട്ടിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. മൂന്ന് ഷട്ടറുകളാണ് വീണ്ടും ഉയര്‍ത്തിയത്. പമ്ബാ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.

ഇന്ന് രാവിലെ വരെ ആനത്തോട് അണക്കെട്ടില്‍നിന്നും 6.8 ലക്ഷം ലിറ്റര്‍ വെള്ളമാണ് സെക്കന്‍ഡില്‍ പുറത്തേക്ക് ഒഴുക്കിയിരുന്നത്. പിന്നീട് ഇത് 2.81 ലക്ഷം ലിറ്ററായി കുറച്ചിരുന്നു. ഇതോടെ വീണ്ടും അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നു. ഇതിനു പിന്നാലെയാണ് ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തിയത്.

കുട്ടനാട് അനുനിമിഷം മുങ്ങിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സ്ഥലത്ത് ഒരാളെപ്പോലും നിര്‍ത്താതെ ഒഴിപ്പിക്കണമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. രണ്ടേകാല്‍ ലക്ഷം ആളുകളാണ് കുട്ടനാടില്‍ നിന്ന് ആലപ്പുഴയില്‍ ഇന്നെത്തുക. ഇതില്‍ കാംപുകളിലും ഭാഗികമായി വെള്ളം കയറിയ വീടുകളിലും താമസിക്കുന്നവരുണ്ട്.

ഇവരെയെല്ലാം കുട്ടനാട്ടില്‍ നിന്നും മാറ്റുകയാണ്. 678 ദുരിതാശ്വാസ കാംപുകളാണ് ജില്ലയില്‍ ഇതുവരെയുള്ളത്. കാംപുകള്‍ ഉള്‍പ്പെടെ പല ഭാഗങ്ങളിലും വെള്ളം കയറിക്കൊണ്ടിരിക്കുകയാണ്. ഒരു തരത്തിലും ആളുകള്‍ക്ക് അതിജീവിക്കാനാവാത്ത സാഹചര്യത്തിലാണ് ഇവരെ കുട്ടനാട്ടില്‍ നിന്നും മാറ്റുന്നത്.

കിടപ്പുരോഗികള്‍, കുഞ്ഞുങ്ങള്‍, വയോധികര്‍ തുടങ്ങിയവരെയെല്ലാം ആംബുലന്‍സിലും മറ്റുമാണ് കൊണ്ടുപോകുന്നത്. ചെറിയ വള്ളങ്ങളില്‍ എത്തിയാണ് ഇവരെ പുറത്തേക്കെത്തിച്ചത്. ഇട്ടിരിക്കുന്ന വസ്ത്രം മാത്രമെടുത്ത് ഒന്നും കയ്യിലെടുക്കാതെയാണ് ആളുകള്‍ എത്തുന്നത്.

pathram:
Leave a Comment