ഞങ്ങളെ രക്ഷിക്കണേ… ! ആശുപത്രിയില്‍ ഒറ്റപ്പെട്ടത് 250 ഓളം പേര്‍; രക്ഷപ്പെടുത്താന്‍ അപേക്ഷിച്ച് നഴ്‌സ്

പത്തനംതിട്ട: തങ്ങള്‍ നേരിടുന്ന അപായകരമായ സാഹചര്യം വിശദീകരിച്ച് പത്തനംതിട്ട കോഴഞ്ചേരി മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലെ നഴ്സിന്റെ ഫേസ്ബുക്ക് ലൈവ്. രമ്യ രാഘവന്‍ എന്ന നഴ്സാണ് കനത്ത മഴയില്‍ ഒറ്റപ്പെട്ട ആശുപത്രിയില്‍ കുടുങ്ങിപ്പോയ രോഗികള്‍ ഉള്‍പ്പെടെയുള്ളവരുടെ കാര്യം ലൈവ് വീഡിയോയിലൂടെ വിശദീകരിച്ചത്. 250ഓളം ജീവനക്കാരും രോഗികളും അവര്‍ക്കൊപ്പമുള്ളവരും ആശുപത്രി കെട്ടിടങ്ങളില്‍ ഒറ്റപ്പെട്ട അവസ്ഥയിലാണെന്നും എമര്‍ജന്‍സി നമ്പരുകളിലൊന്നും വിളിച്ചിട്ട് കിട്ടുന്നില്ലെന്നും രമ്യ വിശദീകരിക്കുന്നു. ആശുപത്രി കെട്ടിടവും ചുറ്റുപാടുകളും വെള്ളത്തില്‍ മുങ്ങിയത് വീഡിയോയില്‍ കാണാം. ഇന്നലെ താഴത്തെ നിലയിലെ ഐസിയുവിലടക്കം വെള്ളം കയറിയിരുന്നെങ്കില്‍ ഇപ്പോള്‍ ആദ്യനില പൂര്‍ണമായും മുങ്ങിപ്പോയ അവസ്ഥയിലാണ്. പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ പൂര്‍ണമായും മുങ്ങിയിട്ടുണ്ട്.

പത്തനംതിട്ടയിലെ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി കനത്ത മഴ തുടരുകയാണ്. വീടുകളുടെ മുകള്‍ നിലയില്‍ കുടുങ്ങിക്കിടക്കുന്ന മിക്കവര്‍ക്കും ആവശ്യത്തിന് വെള്ളമോ ഭക്ഷണമോ ഇല്ലാത്ത നിലയിലാണുള്ളത്. കുടുങ്ങിക്കിടക്കുന്ന ബന്ധുക്കളെ രക്ഷിക്കണമെന്ന് ആവശ്യവുമായി നിരവധിപേരാണ് ബന്ധപ്പെടുന്നത്.

11 മണി മുതല്‍ രണ്ട് ഹെലികോപ്റ്ററുകള്‍ ആളുകളെ പുറത്തെത്തിക്കുമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ വിശദമാക്കുന്നത്. കൂടുതല്‍ കേന്ദ്രസേനയും ഹെലികോപ്റ്ററുകളും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേരുകയാണ്.

പത്തനംതിട്ടയിലും രക്ഷാ പ്രവര്‍ത്തനത്തിന് കൂടുതല്‍ സേനയെത്തുന്നുണ്ട്. നിലവില്‍ മേഖലയില്‍ ഹെലികോപ്റ്ററുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. 11 മണിയോടെ രണ്ട് ഹെലികോപ്റ്ററുകളിലായി റാന്നി, കോഴഞ്ചേരി ഭാഗങ്ങളിലെത്തി ആകാശ മാര്‍ഗം ആളുകളെ രക്ഷിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തുന്നത്. കൂടുതല്‍ ഫിഷിംഗ് ബോട്ടുകളും മേഖലയിലേക്ക് എത്തിക്കുകയാണ്. ആറന്‍മുള കോഴഞ്ചേരി ഭാഗങ്ങളിലാകും ഈ ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തുക.

അതേസമയം പത്തനംതിട്ടയില്‍ നിന്ന് 21 പേരെ രക്ഷപ്പെടുത്തി. വ്യോമസേന രക്ഷപ്പെടുത്തിയവരെ തിരുവന്തപുരം വിമാനത്താവളത്തിലെത്തിച്ചിട്ടുണ്ട്.

pathram:
Leave a Comment