വഴിമാറി ഒഴുകി പെരിയാര്‍; ജലനിരപ്പ് ഉയരുന്നു; വൈദ്യുതി ബന്ധം നിലച്ചേക്കും; കൂടുതല്‍ പ്രദേശങ്ങള്‍ ഒറ്റപ്പെടുന്നു

ആലുവ: ഇടുക്കി, മുല്ലപ്പെരിയാര്‍ ഡാമുകൡനിന്ന് വെള്ളം കവിഞ്ഞൊഴുകാന്‍ തുടങ്ങിയതോടെ, പെരിയാര്‍ കരകവിഞ്ഞ് ഒഴുകിയതോടെ ആലുവയില്‍ ദേശീയ പാത വെള്ളത്തിനടിയിലായി. പെരിയാര്‍ വഴിതിരിഞ്ഞ് താഴ്ന്ന പ്രദേശങ്ങളിലേക്ക് ഒഴുകാന്‍ ആരംഭിച്ചതോടെ എറണാകുളം ജില്ലയുടെ പലഭാഗത്തും വെള്ളപ്പൊക്ക ഭീഷണി പടരുകയാണ്. കാലടിയില്‍ പെരിയാര്‍ കരകവിഞ്ഞു. ആലുവയില്‍ പെരിയാര്‍ പലയിടത്തും വഴിമാറിയൊഴുകി റെയില്‍ ഗതാഗതവും താറുമാറായി. പാടശേഖരങ്ങളില്‍ വെള്ളം നിറയുന്ന സ്ഥിതിയാണ് നിലവില്‍ ഉള്ളത്.

പെരിയാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. പെരിയാറിന്റെ കൈവഴികളിലൂടെ കൂടുതല്‍ മേഖലകളിലേക്ക് ജലം ഇരച്ചെത്തുകയാണ്. ദേശീയപാതയില്‍ വെള്ളം കയറി ഗതാഗതം സ്തംഭിച്ചു. ട്രെയിന്‍ ഗതാഗതവും നിര്‍ത്തിവച്ചു. കൊച്ചി മെട്രോയും നിര്‍ത്തിവച്ചിരിക്കുകയാണ്. മുട്ടം യാര്‍ഡില്‍ അടക്കം വെള്ളം കയറി. പല സ്ഥലങ്ങളും വൈദ്യുതി ബന്ധവും വിശ്ചേദിച്ച അവസ്ഥയിലാണ്. മിക്ക പ്രദേശങ്ങളും ഒറ്റപ്പെടുന്ന നിലയാണുള്ളത്.

ആലുവ കമ്പനിപ്പടിയില്‍ ഗതാഗതം പൂര്‍ണമായും തകരാറിലായി. മുതിരപ്പാടം മേഖലയില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. ഇരുചക്രഗതാഗതം ഈ മേഖലയില്‍ പൂര്‍ണമായി വിലക്കിയിരിക്കുകയാണ്. മുട്ടം യാര്‍ഡില്‍ വെള്ളം കയറിയതോടെ മെട്രോ സര്‍വ്വീസ് നിര്‍ത്തിവച്ചു. എറണാകുളം തൃശൂര്‍ റോഡില്‍ റോഡ് ഗതാഗതം സ്തംഭിച്ചു. കാലടിയില്‍ എംസി റോഡിലും വെള്ളം കയറി. ദേശീയപാതയിലും ദുരിതാശ്വാസ ക്യാമ്പുകളിലും വരെ വെള്ളം കയറുന്ന സ്ഥിതിയാണ് പെരിയാറിന്റെ കരകളിലുള്ളത്.

pathram:
Leave a Comment