പൃഥ്വിരാജ് -പാര്‍വതി ജോഡിയുടെ വിവാദ ചിത്രം ‘മൈ സ്‌റ്റോറി’ വീണ്ടും റിലീസ് ചെയ്യുന്നു

കൊച്ചി:പൃഥ്വിരാജ്, പാര്‍വതി ജോഡികളുടെ വിവാദചിത്രമായ മൈസ്റ്റോറി വീണ്ടും റിലീസ് ചെയ്യാനുള്ള ശ്രമത്തിലാണ് ചിത്രത്തിന്റെ സംവിധായികയും, നിര്‍മാതാവുമായ റോഷ്‌നി ദിനകര്‍. പല പ്രത്യേകതകളും ഉണ്ടായിരുന്ന ചിത്രമായിരുന്നു മൈസ്റ്റോറി. പോര്‍ച്ചുഗല്‍, സ്‌പെയിന്‍, ജോര്‍ജിയ തുടങ്ങിയ സ്ഥലങ്ങളില്‍ ചിത്രീകരിച്ച ആദ്യ മലയാള ചിത്രമാണിത്.

കൂടാതെ എന്നു നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിനുശേഷം പൃഥ്വിരാജ്, പാര്‍വതി ജോഡികള്‍ ഒന്നിച്ച ചിത്രവും. പാര്‍വതി ഡബിള്‍ റോളില്‍ അഭിനയിച്ച ആദ്യ ചിത്രം, ചെന്നൈ എക്‌സ്പ്രസ് പോലുള്ള ഷാരൂഖ് ഖാന്‍ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ക്യാമറാമാന്‍ വിനോദ് പെരുമാള്‍ ആദ്യമായി ക്യാമറ ചെയ്ത മലയാള ചിത്രം അങ്ങനെ വിശേഷണങ്ങള്‍ നിരവധി. ഇങ്ങനെ പല പ്രത്യേകതകളും ഉണ്ടായിരുന്നിട്ടും മൈസ്റ്റോറി വേണ്ടവിധം ശ്രദ്ധിക്കപ്പെടാതെ പോയി.

ചിത്രം കണ്ടവര്‍ മികച്ച അഭിപ്രായമാണ് പറഞ്ഞതെന്നും. അതുകൊണ്ടാണ് ചിത്രം വീണ്ടും റിലീസ് ചെയ്യാന്‍ തയ്യാറായതെന്നും റോഷ്‌നി ദിനകര്‍ പറഞ്ഞു. ആഗസ്റ്റ് 9 ന് വീണ്ടും ചിത്രം റിലീസ് ചെയ്യുമ്പോള്‍ ജനം സ്വീകരിക്കും എന്ന വിശ്വാസത്തിലാണ് റോഷ്‌നി ദിനകര്‍.

ഹിന്ദി, തമിഴ്, കന്നട, തെലുങ്ക് ഭാഷകളിലായി നാല്‍പ്പതോളം ചിത്രങ്ങള്‍ക്ക് കോസ്റ്റ്യൂം ഡിസൈനറായി വര്‍ക്ക് ചെയ്ത റോഷ്‌നി, ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് മൈസ്റ്റോറി. പാലാക്കാരിയാണെങ്കിലും, കര്‍ണ്ണാടകത്തില്‍ ജനിച്ചു വളര്‍ന്ന റോഷ്‌നിയുടെ വലിയ ഒരു സ്വപ്നമായിരുന്നു മലയാള സിനിമ. അതുകൊണ്ടാണ് ആദ്യ ചിത്രം മലയാളമാക്കിയത്. പക്ഷേ, ആദ്യ സംരംഭം വേണ്ടവിധം പ്രേക്ഷകരില്‍ എത്തിയില്ല.

ഒരു സ്ത്രീപക്ഷ സംവിധായികയായി അറിയാന്‍ ആഗ്രഹമില്ലാത്ത റോഷ്‌നി, നല്ല വിനോദമൂല്യമുള്ള ചിത്രങ്ങളാണ് ലക്ഷ്യമിടുന്നത്. മൈസ്റ്റോറി നല്ല ഒരു വിനോദ ചിത്രമെന്നതില്‍ ഉപരി, നല്ലൊരു മ്യൂസിക്കല്‍ ഡ്രാമ കൂടിയാണെന്ന് റോഷ്‌നി പറയുന്നു. ഷാന്‍ റഹ്മാന്റെ വ്യത്യസ്ത ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.

മൈസ്റ്റോറിയുടെ സെക്കന്‍ഡ് റിലീസില്‍ ചിത്രത്തിന്റെ വിജയത്തിനുവേണ്ടി കേരളത്തിലെ കുടുംബശ്രീ അംഗങ്ങളും കൈകോര്‍ക്കുമെന്ന് റോഷ്‌നി പറയുന്നു. കൂടാതെ രാഷ്ട്രീയ നേതാക്കന്മാരുടെ സഹകരണവും ഉണ്ടാകും. മൈസ്റ്റോറി ജനങ്ങളുടെ കഥയായി, അവരുടെ ചിത്രമായി മാറ്റിയെടുക്കാനുള്ള പ്രയത്‌നത്തിലാണ് റോഷ്‌നി ദിനകര്‍.

റോഷ്‌നി ദിനകര്‍ പ്രൊഡക്ഷന്‍സിനുവേണ്ടി റോഷ്‌നിയും ഭര്‍ത്താവ് ദിനകറും ചേര്‍ന്ന് നിര്‍മിച്ച മൈസ്റ്റോറി വീണ്ടും റിലീസ് ചെയ്യുന്നത് പാദുവാ ഫിലിംസാണ്. പമനോജ് കെ. ജയന്‍, മണിയന്‍പിള്ള രാജു, ഗണേഷ് വെങ്കിട്ടരാമന്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റുതാരങ്ങള്‍.

pathram desk 2:
Leave a Comment