‘ഭീമനായി അഭിനയിക്കുന്ന മോഹന്‍ലാലിനെതിരെ ഭീമഹര്‍ജിയോ’ ?……അവാര്‍ഡ് ദാന ചടങ്ങില്‍ മോഹന്‍ലാല്‍ വരരുതെന്ന് ജോയ് മാത്യു

കൊച്ചി:സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിഷയത്തില്‍ അഭിപ്രായവുമായി ജോയ് മാത്യു. അവാര്‍ഡ് ദാന ചടങ്ങില്‍ മോഹന്‍ലാല്‍ അതിഥിയായി വരരുത് എന്നാണ് തന്റെ അഭിപ്രായം. അവാര്‍ഡ് ദാനം ചടങ്ങ് എന്ന സര്‍ക്കാര്‍ ധൂര്‍ത്തിന്റെ ഭാഗമാകരുത് ലാല്‍ എന്നും ജോയ് മാത്യു കുറിച്ചു. തന്റെ സോഷ്യല്‍ മീഡിയ പേജിലാണ് അദ്ദേഹം വിഷയത്തിലുള്ള തന്റെ നിലപാട് വ്യക്തമാക്കിയത്.

മോഹന്‍ലാല്‍ വന്നാല്‍ നാലാള് കൂട്ടുകയും അങ്ങിനെ നഷ്ടത്തിലോടുന്ന നമ്മുടെ സര്‍ക്കാര്‍ വണ്ടിക്ക് അത് അല്പം ഇന്ധനമാവും എന്നേ ശുദ്ധഹൃദയനായ മന്ത്രി ബാലന്‍ ഉദ്ദേശിച്ചുകാണൂ എന്നും ജോയ് മാത്യു അഭിപ്രായപ്പെട്ടു. ആരാണ് അവാര്‍ഡ് നല്‍കുന്നത്? അതാത് കാലത്തെ ഗവര്‍മെന്റ്. അപ്പോള്‍ അവാര്‍ഡ് കമ്മിറ്റിയില്‍ ആരൊക്കെയാണ് ഉണ്ടാവുക? സ്വാഭാവികമായും ഭരിക്കുന്ന ഗവര്‍മ്മെന്റിനു ഓശാന പാടുന്നവര്‍. അവര്‍ക്ക് ഇഷ്ടമുള്ളവര്‍ക്ക് അവാര്‍ഡ് കൊടുക്കുന്നു. ഇഷ്ടമില്ലാത്തവരെ, അതിലെ സംവിധായകര്‍ക്ക് ഡേറ്റ് കൊടുക്കാത്തവരെ, മുന്‍ അവാര്‍ഡ് കമ്മിറ്റിയില്‍ ഉണ്ടായിട്ടും തങ്ങള്‍ക്ക് അവാര്‍ഡ് തരാതിരുന്നവരെ, ഇവരോടോക്കെയുള്ള പ്രതികാരം തീര്‍ക്കുവാനുള്ള ഒരവസരം കൂടിയായിട്ടാണ് അവാര്‍ഡ് കമ്മിറ്റികള്‍ ഉണ്ടാവുന്നത് എന്നും ജോയ് മാത്യു കൂട്ടിച്ചേര്‍ത്തു.

അദ്ദേഹം കുറിച്ചത് പൂര്‍ണ രൂപത്തില്‍ താഴെ വായിക്കാം.

ഭീമനായി അഭിനയിക്കുന്ന മോഹന്‍ലാലിനെതിരെ ഭീമഹര്‍ജിയോ ?
—————————
ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ മോഹന്‍ലാല്‍ അതിഥിയായി വരരുത് എന്ന് തന്നെയാണ് എന്റെയും അഭിപ്രായം.അത് നൂറുപേര്‍ ഒപ്പിട്ട ഭീമഹര്‍ജിയുടെ പേരിലല്ല.അവാര്‍ഡ് ചടങ് എന്ന സര്‍ക്കാര്‍ ധൂര്‍ത്തിന്റെ ഭാഗമാകേണ്ട ഒരാളല്ല മോഹന്‍ലാല്‍ എന്ന അഭിനേതാവ്.മോഹന്‍ലാല്‍ വന്നാല്‍ നാലാള് കൂട്ടുകയും അങ്ങിനെ നഷ്ടത്തിലോടുന്ന നമ്മുടെ സര്‍ക്കാര്‍ വണ്ടിക്ക് അത് അല്പം ഇന്ധനമാവും എന്നേ ശുദ്ധഹൃദയനായ മന്ത്രി ബാലന്‍ ഉദ്ദേശിച്ചുകാണൂ.
എന്നാല്‍ ഭീമഹര്‍ജിക്കാര്‍ വിപ്ലവകരമായി ചിന്തിക്കുന്നവരാണ് .അനാവശ്യമായ സര്‍ക്കാര്‍ ധൂര്‍ത്തിനു അവര്‍ എതിരാണ് ,ലളിതമായ ഒരു ചടങ്,ഒരു ചാവ് അടിയന്തിരമൊക്കെപ്പോലെ സിനിമാ അവാര്‍ഡ് നടത്തിയാല്‍പ്പോരേ എന്നായിരിക്കാം ഭീമഹര്‍ജിക്കാര്‍ ഉദ്ദേശിച്ചത് .അത് തന്നെയാണ് എന്റെയും അഭിപ്രായം .പക്ഷെ ഭീമഹര്‍ജിയില്‍ ഒപ്പിടാന്‍ എന്നെ ആരും ക്ഷണിച്ചില്ല.ഇപ്പോള്‍ കേള്‍ക്കുന്നു ഒപ്പ് വെച്ചു എന്ന് പറയുന്ന പ്രകാശ് രാജ് അങ്ങിനെയൊരു കാര്യം അറിഞ്ഞിട്ടേയില്ലത്രെ. മോഹന്‍ലാലിന്റെ ഡേറ്റ് കിട്ടാത്തവരുടെ സംഘത്തില്‍ ഞാന്‍ പെടില്ല എന്നതായിരിക്കാം ചിലപ്പോള്‍ എന്നെ ഭീമഹരജില്‍ ഒപ്പിടാന്‍ വിളിക്കാതിരുന്നതിന്റെ ഗുട്ടന്‍സ് .ഏതായാലും അവാര്‍ഡ് അടിയന്തിരത്തിന്റെ ഗുണദോഷങ്ങള്‍ ചര്‍ച്ചചെയ്യാന്‍ മോഹന്‍ലാല്‍ നിമിത്തമായി എന്നത് തന്നെയാണ് മോഹന്‍ലാല്‍ എന്ന അഭിനേതാവിനു കിട്ടാവുന്ന വലിയ ബഹുമതി.പുരസ്‌കാരങ്ങളാല്‍ ഓര്‍മ്മിക്കപ്പെടേണ്ടവരല്ല കലാകാരന്മാര്‍.മോഹന്‍ലാലിന് എന്തൊക്കെ അവാര്‍ഡ് കിട്ടി എന്ന് എത്രപേര്‍ക്കറിയാം ?(എനിക്ക് പോലും ഒരു കൃത്യമായ കണക്ക് പറയാനാവില്ല )കാരണം അവാര്‍ഡിന്റെ പെരുമയിലല്ല അദ്ദേഹം അഭിരമിക്കുന്നത് എന്നതാണ് .

സത്യത്തില്‍ സിനിമാക്കാര്‍ക്ക് എന്തിനാണ് അവാര്‍ഡ് ? അതും ഒരു താരനിശാ പരിവേഷത്തില്‍? അതൊക്കെ മുതലാളിത്ത ലൈനല്ലേ ബാലന്‍ സാര്‍ ? കേരളത്തിലെ മികച്ച ഒരു തൊഴിലാളിയെക്കാളും ഒരു കര്‍ഷകനെക്കാളും നാടിന് ഗുണം ചെയ്യുന്ന വ്യവസായിക്കാളും അല്ലെങ്കില്‍ ഒരു മികച്ച അധ്യാപകനേക്കാളും അതുമല്ലെങ്കില്‍ എട്ടും പത്തും മണിക്കൂര്‍ വെയിലത്തും മഴയത്തും ഇരിക്കാന്‍ പോലുമാകാതെ ട്രാഫിക് നിയന്ത്രിക്കുന്ന പോലീസുകാരനെക്കാളും വലുതാണോ സിനിമാക്കാര്‍ ?(ഇപ്പറഞ്ഞതിന്റെ പകുതി ക്രഡിറ്റ് മുന്‍ ഡി ജി പി സെന്‍കുമാറിന് കൊടുക്കുന്നു)
മുകളില്‍ സൂചിപ്പിച്ച ഗണത്തില്‍പ്പെട്ടവര്‍ക്ക് അവാര്‍ഡ് നല്‍കുമ്പോള്‍ അതൊരു സാദാ ചടങ് മാത്രമായി ചുരുണ്ടുപോകുന്നിടത്തതാണ്
സിനിമാക്കാര്‍ക്ക് മാത്രമായി ഒരു സ്പെഷ്യല്‍ സദ്യ.
വിപ്ലവ ഗവര്‍മെന്റ് പോലും ഇങ്ങനെയായാല്‍ നമുക്കിനി ആരെയാ പ്രതീക്ഷിക്കാനുള്ളത് ?
ഒരു സാധാരണ തൊഴിലാളിയെക്കാളും ഒരു കര്‍ഷകനെക്കാളും വലുതാണോ സിനിമാക്കാരന്‍ ? അല്ല എന്ന് തന്നെയാണ് എന്റെ ഉത്തരം . ഭീമഹര്‍ജിക്കാര്‍പ്പോലും ഇക്കാര്യത്തിലെങ്കിലും എന്നോട് യോജിക്കാതിരിക്കില്ല .മുഖ്യമന്ത്രിയുടെ ആപ്പീസിലോ നിയമസഭാ ഹാളിലോ വിളിച്ച് വരുത്തി അര്‍ഹതപ്പെട്ടവര്‍ക്ക് അവാര്‍ഡുകള്‍ നല്‍കി ആദരിച്ചാല്‍ നഷ്ട്ടത്തിലോടുന്ന സര്‍ക്കാരിന് വന്‍തുക ലാഭിക്കാം ,സംഭവത്തിനു ലഭിക്കുന്ന അന്തസ്സിന്റെ ലവള്‍ തന്നെ മാറിപ്പോകില്ലേ ?.
അവാര്‍ഡ് ലഭിച്ചവര്‍ അവര്‍ക്ക് കിട്ടിയ തുക കുട്ടനാടന്‍ വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിലേക്കോ,മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസ നിധിയിലേക്കോ നല്‍കി
മാതൃക കാണിക്കണമെന്നൊന്നും ഞാന്‍ പറയില്ല .അതൊക്കെ അവരവരുടെ ഇഷ്ടം.കാശ് കിട്ടിയാല്‍ ആവശ്യമില്ലാത്തവര്‍ ആരെങ്കിലും ഉണ്ടാവുമോ?
( ഞാന്‍ മാതൃകാ കാണിക്കണം എന്ന് കരുതിയിരുന്നതാ.പക്ഷെ അവാര്‍ഡ് കിട്ടിയില്ല )

പ്രശസ്ത പോളണ്ട്(പോളണ്ടിനെക്കുറിച്ച് തന്നെ പറയും ) സംവിധായകന്‍ ആന്ദ്രേ വൈദയുടെ Man of the Marble എന്നൊരു സിനിമയുണ്ട് .വിപ്ലവാനന്തര പോളണ്ടിലെ ഗവര്‍മെന്റ് അവിടെ ആദ്യം അവാര്‍ഡ് നടപ്പാക്കിയത് സിനിമാക്കാര്‍ക്കല്ല തൊഴിലാളികള്‍ക്കാണ് .ഏറ്റവും കൂടുതല്‍ ഇഷ്ടിക പാകുന്ന ബിര്‍ക്കുത്ത് എന്ന തൊഴിലാളിക്കാണ് ആ വര്‍ഷത്തെ അവാര്‍ഡ്,അയാളെ കേന്ദ്രീകരിച്ചാണ് സിനിമയും .അത് ഒരു ഒന്നൊന്നൊരു സിനിമയാണെന്ന് ഏത് ഭീമഹര്‍ജിക്കാരനും സമ്മതിക്കും. നമ്മുടെ നാട്ടില്‍ ഇനിയും വിപ്ലവം വരാത്തതുകൊണ്ടും ഇഷ്ടിക പണിക്കാര്‍ ഇപ്പോള്‍ ഇതര സംസ്ഥാനക്കാരായതിനാലും നമുക്ക് അത് വേണ്ടെന്ന് വെക്കാം.എന്നാലും എഴുപതുകളില്‍ നിര്‍മ്മിച്ച ആ സിനിമ ഇപ്പോഴും ഓര്‍ക്കുന്നത് കാലം ഏറെ മാറിയിട്ടും മനസ്സുകൊണ്ടും ജീവിതം കൊണ്ടും മാറാന്‍ കൂട്ടാക്കാത്ത നമ്മള്‍ മല്ലൂസിനെക്കുറിച്ചോര്‍ത്തതാണ് .

ഇനി അവാര്‍ഡിന്റെ പിന്നാപുറങ്ങളിലേക്ക് വന്നു നോക്കാം.ആരാണ് അവാര്‍ഡ് നല്‍കുന്നത്?അതാത് കാലത്തെ ഗവര്‍മെന്റ് .അപ്പോള്‍ അവാര്‍ഡ് കമ്മിറ്റിയില്‍ ആരൊക്കെയാണ് ഉണ്ടാവുക ? സ്വാഭാവികമായും ഭരിക്കുന്ന ഗവര്‍മ്മെന്റിനു ഓശാന പാടുന്നവര്‍.അവര്‍ക്ക് ഇഷ്ടമുള്ളവര്‍ക്ക് അവാര്‍ഡ് കൊടുക്കുന്നു. ഇഷ്ടമില്ലാത്തവരെ,അതിലെ സംവിധായകര്‍ക്ക് ഡേറ്റ് കൊടുക്കാത്തവരെ, മുന്‍ അവാര്‍ഡ് കമ്മിറ്റിയില്‍ ഉണ്ടായിട്ടും തങ്ങള്‍ക്ക് അവാര്‍ഡ് തരാതിരുന്നവരെ ,ഇവരോടോക്കെയുള്ള പ്രതികാരം തീര്‍ക്കുവാനുള്ള ഒരവസരം കൂടിയായിട്ടാണ് അവാര്‍ഡ് കമ്മിറ്റികള്‍ ഉണ്ടാവുന്നത് .ഇപ്പോള്‍ മനസ്സിലായല്ലോ അവാര്‍ഡ് കമ്മിറ്റികള്‍ ഉണ്ടാവുന്നതിന്റെയും അവര്‍ നിര്‍വ്വഹിക്കുന്ന ധര്‍മ്മത്തിന്റെയും പൊരുള്‍ .
സിനിമ ഒരു വ്യവസായമാണ് (സിനിമ ഒരു കലാപ്രവര്‍ത്തനം കൂടിയാണ് എന്നതും മറക്കുന്നില്ല )എന്ന് ഗവര്‍മെന്റ് തന്നെ പറയുന്നു .ആ വ്യവസായത്തിലെ പല ഘടകങ്ങളില്‍ ഒന്നുമാത്രമാണ് അഭിനേതാക്കള്‍ . അഭിനയിക്കുന്നതിന് അവര്‍ക്ക് മോശമല്ലാത്ത പ്രതിഫലം കിട്ടുന്നുമുണ്ട് ,പിന്നെയും ഒരു അവാര്‍ഡ് തുക ആവശ്യമുണ്ടോ എന്നാദ്യം ചിന്തിക്കുക.
അതാത് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരവും ആദരവും ലഭിക്കുകതന്നെ വേണം .അല്ലാതെ അത് ഭരിക്കുന്നവനെയും അവര്‍ നിയമിച്ച അവരുടെ ആജ്ഞാനുവര്‍ത്തികള്‍ക്കും ഓശാന പാടിയും സുഖിപ്പിച്ചുമല്ല സംഘടിപ്പിക്കേണ്ടത് .
സംസഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയം എല്ലാകാലത്തും വിവാദമാകുന്നത് ഇതുകൊണ്ടാണ് .
ഇപ്പറഞ്ഞതില്‍ നിന്നും സിനിമ അവാര്‍ഡുകള്‍ എത്രമാത്രം പക്ഷപാതപരമായിരിക്കും എന്ന് വ്യക്തമായല്ലോ .എന്നാല്‍ സിനിമാക്കാര്‍ക്കു അവാര്‍ഡ് കൊടുക്കരുത് എന്നല്ല പറഞ്ഞു വരുന്നത് .കാലം മാറിയിട്ടും മുന്പുള്ളവര്‍ തുടങ്ങിവെച്ചതും കാലാകാലങ്ങളായി തുടര്‍ന്ന് വരുന്നതുമായ രീതികള്‍ മാറ്റാന്‍ നമുക്ക് കഴിഞ്ഞില്ലെങ്കില്‍ നമ്മളും മുന്പുള്ളവരും തമ്മില്‍ എന്താണ് വ്യത്യാസം എന്ന് ഈ ഗവര്‍മെന്റെങ്കിലും ആലോചിക്കേണ്ടതല്ലേ ? കാര്യങ്ങള്‍ സുതാര്യമായിരിക്കുബോഴാണ് അതിനു മാറ്റ് കൂടുക .
അവാര്‍ഡ് കമ്മിറ്റി എന്നൊക്കെയുള്ളത് ഒരു ബൂര്‍ഷ്വാ/മുതലാളിത്ത (അത്തരം വാക്കുകളൊക്കെ ഇപ്പൊ മാര്‍ക്കറ്റില്‍ കിട്ടാനില്ലത്രെ) ഉല്‍പ്പന്നമാണ്.
സാഹിത്യത്തിലെ ഏറ്റവും വലിയ പുരസ്‌കാരമായ സ്വീഡിഷ് അക്കാദമി നല്‍കുന്ന നോബല്‍ സമ്മാനത്തിന്റ മൂല്യം മറ്റൊരു സാഹിത്യ പുരസ്‌കാരത്തിനും ഇല്ല എന്നോര്‍ക്കുക .അത്രത്തോളമൊന്നും നമുക്ക് പോകാനാകില്ലെങ്കിലും.ശാസ്ത്രം വളര്‍ന്ന സ്ഥിതിക്കും ജനങ്ങള്‍ സാക്ഷരായ സ്ഥിതിക്കും
നമ്മുടെ പഴഞ്ചന്‍ രീതികളില്‍ നിന്നും ഒന്ന് മാറി നടക്കാന്‍ ശ്രമിക്കേണ്ട ?

അന്തര്‍ദേശീയ നിലവാരത്തില്‍ നടത്തപ്പെടുന്ന ഒന്നാണ് നമ്മുടെ തലസ്ഥാനത്ത് നടക്കുന്ന ഫിലിം ഫെസ്റ്റിവല്‍ .രാജ്യത്തിന്റെ നാനാ ഭാഗത്ത് നിന്നും സിനിമയെ സ്‌നേഹിക്കുന്ന ഒട്ടനവധി പേര് ഊണും ഉറക്കവും ഉപേക്ഷിച്ച് അവധിയെടുത്തതും യാത്രാപ്പടി കടം വാങ്ങിയും ലോകത്തിലെ മികച്ച സിനിമകള്‍ കാണാന്‍ വരുന്നു .
ഇങ്ങിനെ തുടര്‍ച്ചയായി മൂന്ന് വര്‍ഷമെങ്കിലും വരുന്ന ഡെലിഗേറ്റസിനെക്കാളും മികച്ച ജൂറിയെ നമുക്ക് കിട്ടില്ല .ഇവര്‍ക്ക് കൂടി വേണ്ടി ഫിലിം ഫെസ്‌റിവലിനോടനുബന്ധിച്ച് ഒരു തിയറ്ററില്‍ അവാര്‍ഡ് പ്രതീക്ഷിക്കുന്നവര്‍ അവരുടെ സ്വന്തം ചിലവില്‍ (അത് പറയുമ്പോഴേ കുറേപ്പേര്‍ സ്ഥലം വിടും ) നമ്മുടെ മലയാള സിനിമകള്‍ അവാര്‍ഡിന് വേണ്ടി പ്രദര്‍ശിപ്പിക്കുകയും പ്രതിനിധികള്‍ അതിനെ വിലയിരുത്തി മാര്‍ക്കിടുകയും ചെയ്യട്ടെ .
സ്റ്റാര്‍ട്ടപ്പ് പോലെയുള്ള കാര്യങ്ങള്‍ക്ക് പണം ചിലവഴിക്കുന്ന ഗവര്‍മെന്റ് ഒന്ന് മനസ്സ് വെച്ചാല്‍ സിനിമക്ക് മാര്‍ക്കറ്റാനുള്ള ഇലക്ട്രോണിക് സംവിധാനം സജ്ജമാക്കാന്‍ നമ്മുടെ നാട്ടിലെ മിടുക്കന്മാരായ കുട്ടികള്‍ക്ക് ദിവസങ്ങള്‍ മതി .ഓരോ സിനിമക്കും ലഭിക്കുന്ന മാര്‍ക്കുകള്‍ വരുന്നവര്‍ക്കും പോകുന്നവര്‍ക്കും കാണാം .ചതിയില്ല , വഞ്ചനയില്ല ,കുതികാല്‍ വെട്ടില്ല.
ഇനി ചില നടന്മാര്‍ തങ്ങളുടെ ഫാന്‍സുകാരെ കുത്തിക്കയറ്റി അവാര്‍ഡ് തരമാക്കാന്‍ കള്ളവോട്ട് ചെയ്യിക്കും എന്ന് പേടിക്കുകയെ വേണ്ട ,ഒരു ഫാന്‍സ്‌കാരനും ഫിലിം ഫെസ്റ്റിവലിന്റെ നാലയലത്ത് പോലും വരില്ല .അവര്‍ക്ക് കിട്ടാവുന്ന വലിയ ശിക്ഷയായിരിക്കും അതെന്ന് അവരെക്കാള്‍ നന്നായി ആര്‍ക്കാണ് അറിയുക !
ഇങ്ങിനെയൊക്കെ ചിന്തിക്കാന്‍ തുടങ്ങാത്ത കാലത്തോളം ഭീമഹരജികള്‍ വന്നുകൊണ്ടിരിക്കും.എന്നാല്‍ മോഹന്‍ലാല്‍ അതിഥിയായി വന്നാലും വന്നില്ലെങ്കിലും ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയ രീതികള്‍ മാറാത്ത കാലത്തോളം മോഹന്‍ലാല്‍ വന്നാലെന്ത് വന്നില്ലെങ്കിലെന്ത് .അവാര്‍ഡ് തുകയില്‍ കുറവ് വരാന്‍ പാടില്ല എന്നതായിരിക്കണം നമ്മുടെ ലൈന്‍ .

വാല്‍കഷ്ണം ഫ്രീ

പുരസ്‌കാരങ്ങളുടെ നാട്
———–
കേരളത്തില്‍ ഒരു വര്‍ഷത്തില്‍ വിവിധയിനങ്ങളിലായി ആയിരത്തിഅലധികം അവാര്‍ഡുകള്‍ നല്കപ്പെടുന്നുണ്ട് .ഇക്കാര്യത്തില്‍ ലോകത്ത് ഒന്നാം സ്ഥാനം നമുക്കായിരിക്കും .എല്ലാ അവാര്‍ഡുകളും പണ വിമുക്തമാക്കിയാല്‍ ആരെങ്കിലും ഈ ചരക്ക് വാങ്ങിക്കാനുണ്ടാവുമോ എന്ന് ആലോചിക്കുന്നത് രസമായിരിക്കും

pathram desk 2:
Related Post
Leave a Comment