കാലവര്‍ഷക്കെടുതി: ദുരിതാശ്വാസത്തിനായി 113 കോടി രൂപ അനുവദിച്ചതായി റവന്യൂ മന്ത്രി; അടിയന്തര സഹായം ലഭ്യമാക്കാന്‍ കേന്ദ്ര സംഘത്തെ അയയ്ക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കാലവര്‍ഷക്കെടുതിയെ തുടര്‍ന്നുള്ള ദുരിതാശ്വാസത്തിനായി 113.19 കോടി രൂപ അനുവദിച്ചതായി റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ അറിയിച്ചു. തുക അടിയന്തരമായി വിതരണം ചെയ്യാന്‍ കലക്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കി. അതേസമയം, കാലവര്‍ഷക്കെടുതി മൂലമുളള ഭീമമായ നഷ്ടം വിലയിരുത്തി അടിയന്തര സഹായം ലഭ്യമാക്കുന്നതിനു കേരളത്തിലേക്കു കേന്ദ്രസംഘത്തെ അയയ്ക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനോട് ആവശ്യപ്പെട്ടു.

കാലവര്‍ഷക്കെടുതി മൂലം ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിയ മുഴുവന്‍ കുടുംബങ്ങള്‍ക്കും ആയിരം രൂപ വീതം ഒറ്റത്തവണയായി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ജൂലൈ 17 വൈകിട്ട് ആറ് മണിവരെ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഉളളവര്‍ക്കും ക്യാമ്പുകളില്‍ എത്തി തിരിച്ചുപോയവര്‍ക്കും സഹായധനം ലഭിക്കും.

വീടുകള്‍ പൂര്‍ണമായോ ഭാഗികമായോ നശിച്ചവര്‍ക്കു നല്‍കുന്ന ധനസഹായം നാലു ലക്ഷം രൂപയാക്കി. പ്രളയത്തില്‍പ്പെട്ടു വീടു നിന്ന ഭൂമി ഒഴുകിപ്പോകുകയും സംസ്ഥാനത്തു സ്വന്തമായി വേറെ ഭൂമി ഇല്ലാതിരിക്കുകയോ ഉള്ള സ്ഥലം വീടുവയ്ക്കാന്‍ യോഗ്യമല്ലെങ്കിലോ വേറെ സ്ഥലം വാങ്ങുന്നതിനായി പരമാവധി ആറു ലക്ഷം രൂപ അനുവദിക്കും. വെളളപ്പൊക്കം, ഉരുള്‍പൊട്ടല്‍, ചുഴലിക്കാറ്റ് എന്നിവ മൂലം സംസ്ഥാനത്തെ 27,000ത്തിലധികം പേര്‍ ദുരിതാശ്വാസ ക്യാംപുകളിലാണ്.

തീരപ്രദേശത്തെയും സമതലങ്ങളെയും മലയോര മേഖലകളെയും ഒരുപോലെ ദുരിതം ബാധിച്ചിട്ടുണ്ട്. 965 വില്ലേജുകളെ കെടുതി ബാധിച്ചിട്ടുണ്ടെന്നാണ് കണക്കാക്കിയിട്ടുളളത്. ഇതിനകം 90 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അമ്പതിലേറെ സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി. 333 വീടുകള്‍ പൂര്‍ണ്ണമായും എണ്ണായിരത്തിലധികം വീടുകള്‍ ഭാഗികമായും തകര്‍ന്നു. പതിനായിരത്തോളം ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചു. കഴിഞ്ഞ രണ്ടുമാസത്തിനിടയിലാണ് ഇത്രയും ഭീമമായ നഷ്ടമുണ്ടായത്.

pathram desk 1:
Related Post
Leave a Comment