പാലക്കാട് കോച്ച് ഫാക്ടറി ‘ഗോവിങ’….. മലക്കംമറിഞ്ഞ് കേന്ദ്രം; പുതിയ കോച്ച് ഫാക്ടറി ആവശ്യമില്ലെന്ന്

ന്യൂഡല്‍ഹി: പാലക്കാട് കോച്ച് ഫാക്ടറിയെന്ന കേരളത്തിന്റെ സ്വപ്നത്തിന് കനത്ത തിരിച്ചടി. പുതിയ കോച്ച് ഫാക്ടറി ആവശ്യമില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടാണ് കേരളത്തിന് തിരിച്ചടിയായി മാറുന്നത്. ലോക്സഭയില്‍ എം.ബി രാജേഷ് എം.പിക്ക് രേഖാമൂലം നല്‍കിയ മറുപടിയിലാണ് മുന്‍ നിലപാടിന് വിരുദ്ധമായുള്ള ഉത്തരം കേന്ദ്രം നല്‍കിയത്. പാലക്കാട്ടെ കഞ്ചിക്കോടടക്കം പുതിയ കോച്ച് ഫാക്റികള്‍ സ്ഥാപിക്കേണ്ട ആവശ്യമില്ലെന്നും നിലവിലുള്ള ഫാക്ടറികള്‍ പര്യാപ്തമാണെന്നും റെയില്‍വേ മന്ത്രാലയം നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി.

കോച്ച് ഫാക്ടറി സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി സംഘം പ്രധാനമന്ത്രിയെ കാണാനിരിക്കെയാണ് റെയില്‍വേയുടെ മറുപടി. ഇതോടെ കോച്ച് ഫാക്ടറി എന്ന കേരളത്തിന്റെ ദീര്‍ഘകാല ആവശ്യം എതാണ്ട് ഉപേക്ഷിക്കേണ്ട അവസ്ഥയിലായി.

2008ലെ ബജറ്റില്‍ നിര്‍ദേശിച്ച പദ്ധതി സംബന്ധിച്ച് നിലനില്‍ക്കുന്ന അനിശ്ചിതത്വം ഒഴിവാക്കാനുള്ള സംസ്ഥാനത്തിന്റെ ശ്രമം നടക്കുന്നതിനിടെയാണ് കേന്ദ്രത്തിന്റെ മലക്കംമറിച്ചില്‍. ദിവസങ്ങള്‍ക്ക് മുന്‍പ് ഭരണ പരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന് അയച്ച കത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്ര പിയൂഷ് ഗോയല്‍ പദ്ധതി ഉപേക്ഷിക്കില്ലെന്ന് മറുപടിയും നല്‍കിയിരുന്നു.

pathram desk 2:
Leave a Comment