സിപിഎം രാമായണ മാസാചരണം സംഘടിപ്പിക്കുന്നു എന്നത് അടിസ്ഥാനരഹിതം, സംസ്‌കൃത സംഘം പാര്‍ട്ടി സംഘടനയല്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: സിപിഎം രാമായണ മാസാചരണം സംഘടിപ്പിക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രാമായണമാസം എന്ന നിലയില്‍ കര്‍ക്കിടകമാസത്തെ ആര്‍.എസ്.എസ് വര്‍ഗ്ഗീയ പ്രചരണത്തിനും രാഷ്ട്രീയ ആവശ്യത്തിനുമായി ദുര്‍വിനിയോഗം ചെയ്തു വരികയാണ്. ഹിന്ദു പുരാണേതിഹാസങ്ങളെ ഉപയോഗിച്ച് നടത്തുന്ന ഈ തെറ്റായ നീക്കങ്ങളെ തുറന്ന് കാണിക്കുന്നതിന് സംസ്‌കൃത പണ്ഡിതരും, അധ്യാപകരും രൂപം നല്‍കിയിട്ടുള്ള സംസ്‌കൃതസംഘം വിവിധങ്ങളായ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ഈ സംഘടന പാര്‍ട്ടിയുടെ കീഴിലുള്ള സംഘടനയല്ലെന്ന് സിപിഎമ്മിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലുടെ കോടിയേരി വ്യക്തമാക്കി.

മറിച്ച് ഇത് ഒരു സ്വതന്ത്ര സംഘടനയാണ്. ആ സംഘടന നടത്തുന്ന പ്രചാരണ പരിപാടികള്‍ കര്‍ക്കിടകമാസത്തിലെ രാമായണ പാരായണമല്ല എന്നാണ് മനസ്സിലാക്കുന്നത്. ഇത് കര്‍ക്കിടക മാസത്തിലൊതുങ്ങുന്ന ഒരു പ്രത്യേക പരിപാടിയുമല്ല. വസ്തുത ഇതായിരിക്കെ ഈ പരിപാടിയെ സിപിഎമ്മിനെതിരെയുള്ള ഒരു പ്രചരണമാക്കാനാണ് ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറിച്ചു.

കര്‍ക്കടകമാസത്തില്‍ പാര്‍ട്ടിയുടെ ആഭിമുഖ്യത്തില്‍ രാമായണ മാസാചരണം നടത്താന്‍ നീക്കം നടത്തുന്നുവെന്ന് ആരോപിച്ച് വിവിധ കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനെതിരെ കേന്ദ്രനേതൃത്വം വരെ അതൃപ്തി അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആരോപണങ്ങള്‍ തളളി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തുവന്നത്.

സിപിഎമ്മിന്റെ നേതൃത്വത്തില്‍ രാമായണ മാസം ആചരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍് ദേശീയതലത്തില്‍ ഇടതുപക്ഷ പാര്‍ട്ടിക്കെതിരെ ആയുധമാക്കാന്‍ സംഘപരിവാര്‍ നീക്കം ആരംഭിച്ചിരുന്നു. സിപിഎമ്മിനെ കുറ്റപ്പെടുത്തി നിരവധി വിമര്‍ശനങ്ങളാണ് സംഘ്പരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നും ഉയര്‍ന്നുവന്നത്.

രാമായണത്തിന്റെ സാമൂഹിക പശ്ചാത്തലം വിശദമാക്കുന്ന സെമിനാറുകളും പ്രഭാഷണങ്ങളും സംഘടിപ്പിക്കാന്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ നീക്കം നടക്കുന്നതായുളള റിപ്പോര്‍ട്ടുകളാണ് വിവാദമായത്.

pathram desk 2:
Related Post
Leave a Comment