നെല്‍വയല്‍-തണ്ണീര്‍ത്തട ബില്‍ നിയമഭേദഗതി കീറിയെറിഞ്ഞ് പ്രതിപക്ഷം, പ്രതിഷേധത്തിനിടെ ബില്‍ പാസാക്കി

തിരുവനന്തപുരം: നെല്‍വയല്‍ നീര്‍ത്തട നിയമഭേദഗതി ബില്‍ നിയമസഭയില്‍ പാസാക്കി. പ്രതിപക്ഷ പ്രതിഷേധത്തിനിടെയായിരുന്നു ബില്‍ നിയമസഭ പാസാക്കിയത്. നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ ഭേദഗതി ബില്‍ കീറിയെറിഞ്ഞ പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപോയി. ഇതിന് പിന്നാലെയാണ് ബില്‍ പാസാക്കിയത്. നിയമസഭയുടെ ചരിത്രത്തിലെ കറുത്ത ദിനമാണ് ഇതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. നിയമഭേദഗതി സുപ്രിംകോടതി വിധിക്ക് എതിരാണെന്നും ചെന്നിത്തല പറഞ്ഞു.

നേരത്തെ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ ഭേദഗതി ബില്ലിനെതിരെ പ്രതിപക്ഷം ഉയര്‍ത്തിയ തടസവാദങ്ങള്‍ സ്പീക്കര്‍ തള്ളിയിരുന്നു. ബില്ലിലെ വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന് വി ഡി സതീശനും ഹൈക്കോടതി സ്റ്റേ ചെയ്തതാണെന്ന് വി ടി ബല്‍റാമും പറഞ്ഞു. ഹൈകോടതി സ്റ്റേ നിയമനിര്‍മാണത്തിന് തടസമല്ലെന്ന് സ്പീക്കര്‍ റൂളിങ് നല്‍കി.

2008ന് മുമ്പുള്ള നികത്തലിന് ന്യായവിലയുടെ 50% പിഴ ഈടാക്കി ക്രമപ്പെടുത്തുന്ന ബില്ലിലെ 27 എ 3 വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു വി ഡി സതീശന്റെ തടസവാദം. 2008 ന് മുമ്പ് നികത്തല്‍ കുറ്റമല്ല. അന്ന് നികത്തിയവര്‍ക്ക് ഇപ്പോള്‍ ശിക്ഷ വിധിക്കുന്നത് ഭരണഘടനയുടെ 21 അനുഛേദത്തിന് വിരുദ്ധമാണ്.

pathram desk 2:
Leave a Comment