വി.എസ്. ഗോളടിച്ചു……!!! പിണറായിയെ കടത്തി വെട്ടി അപ്രതീക്ഷിത നീക്കം; റെയില്‍വേ മന്ത്രിയെ നേരിട്ട് കണ്ട് കഞ്ചിക്കോട് കോച്ച് ഫാക്ടറി യാഥാര്‍ഥ്യമാക്കുമെന്ന് ഉറപ്പ് മേടിച്ചു; പിണറായിക്കെതിരേ വിമര്‍ശനവും

ന്യൂഡല്‍ഹി: കേന്ദ്ര പദ്ധതി മുടങ്ങാതിരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ കടത്തിവെട്ടി വി.എസ്. അച്യുതാനന്ദന്റെ അപ്രതീക്ഷിത നീക്കം. കേന്ദ്ര സര്‍ക്കാര്‍ പിന്‍മാന്‍ മാറാന്‍ സാധ്യത കണ്ടതോടെ കഞ്ചിക്കോട് കോച്ച് ഫാക്ടറിക്കു വേണ്ടി റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന്റെ ഓഫിസില്‍ നേരിട്ടെത്തിയാണ് മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ ഏവരെയും ഞെട്ടിച്ചത്. കൂടിക്കാഴ്ചയില്‍ അദ്ഭുതവും സന്തോഷവും പങ്കുവച്ച ഗോയല്‍ ഒരു ഉറപ്പു കൂടി നല്‍കി– പദ്ധതിയുമായി കേന്ദ്രം മുന്നോട്ടു പോകും. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരാമര്‍ശങ്ങളിന്മേല്‍ കനത്ത വിമര്‍ശനമാണു ഗോയല്‍ നടത്തിയത്.

കേന്ദ്രകമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാനെത്തിയ വി.എസ് ശനിയാഴ്ച വൈകിട്ടോടെയാണു റെയില്‍ ഭവനിലെത്തി മന്ത്രിയെ കണ്ടത്. താന്‍ മുഖ്യമന്ത്രിയായിരിക്കെയാണു പദ്ധതി പ്രഖ്യാപിച്ചത്. ഇത്ര കാലമായിട്ടും കോച്ച് ഫാക്ടറി നടപ്പാക്കാത്തതില്‍ ആശങ്കയുണ്ട്. ഈ സാഹചര്യത്തില്‍ ഗോയലിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടാണു വി.എസ് നേരിട്ടെത്തിയത്.

വി.എസിന്റെ വരവില്‍ സന്തോഷം പ്രകടിപ്പിച്ച ഗോയല്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ കൊണ്ടുണ്ടായ ആശയക്കുഴപ്പമാണു പദ്ധതി വൈകാന്‍ കാരണമായതെന്നു പറഞ്ഞു. എന്നാല്‍ പദ്ധതി ഉപേക്ഷിക്കില്ല. കോച്ച് ഫാക്ടറിക്കു വേണ്ടി കേന്ദ്രം മുന്നോട്ടു പോകും. ഇക്കാര്യത്തില്‍ വി.എസിനു വ്യക്തിപരമായിത്തന്നെ ഉറപ്പു നല്‍കുകയാണെന്നും ഗോയല്‍ പറഞ്ഞു. കഞ്ചിക്കോട് കോച്ച് ഫാക്ടറി യാഥാര്‍ഥ്യമാകുമെന്നും ഗോയല്‍ പറഞ്ഞു. റെയില്‍വേ വികസനത്തില്‍ സഹകരിക്കാത്തതിന്റെ പേരില്‍ പിണറായി വിജയനു നേരെ വിമര്‍ശനവും ഗോയല്‍ ഉന്നയിച്ചു.

ഹരിയാനയിലും ഉത്തര്‍പ്രദേശിലും പുതിയ കോച്ച് ഫാക്ടറിയാകാം; പക്ഷേ, കേരളത്തിനു വേണ്ട എന്ന നിലപാടിലൂടെ കേന്ദ്ര സര്‍ക്കാര്‍ കേരളത്തിലെ ജനങ്ങളെ ശിക്ഷിക്കുകയാണെന്നായിരുന്നു പിണറായി വിജയന്‍ ഇന്നലെ പറഞ്ഞത്.

അതേസമയം, കോച്ച് ഫാക്ടറി വൈകിയതിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസിനാണെന്നു ഗോയല്‍ പറഞ്ഞു. കേരളത്തില്‍ റെയില്‍വേ വികസനത്തിനു തടസ്സം സ്ഥലം ഏറ്റെടുത്തു നല്‍കാതിരിക്കുന്നതാണ്. ആകാശത്തു കൂടി ട്രെയിന്‍ ഓടിക്കാന്‍ കഴിയില്ലെന്നും ഗോയല്‍ പറഞ്ഞു.

pathram:
Leave a Comment