കൊച്ചി:നാലു വര്‍ഷത്തിനുശേഷമുളള നസ്രിയയുടെ മടങ്ങിവരവ് ആഘോഷമാക്കുകയാണ് ആരാധകര്‍. അഞ്ജലി മേനോന്‍ ചിത്രം കൂടെയിലൂടെയാണ് നസ്രിയ വീണ്ടും അഭിനയരംഗത്തേക്ക് എത്തുന്നത്. ചിത്രത്തിലെ നസ്രിയയുടെ ഗാനം കഴിഞ്ഞ ദിവസം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഇതിനെ ഇരുകൈയ്യും നീട്ടിയാണ് നസ്രിയയുടെ ആരാധകര്‍ സ്വീകരിച്ചത്.
രണ്ടാം വരവില്‍ തനിക്ക് വന്‍ വരവേല്‍പ് നല്‍കിയ ആരാധകര്‍ക്ക് നന്ദി പറഞ്ഞിരിക്കുകയാണ് നസ്രിയ. വീഡിയോയിലൂടെയാണ് നസ്രിയ ആരാധകരോടുളള തന്റെ സന്തോഷം പങ്കുവച്ചത്.
താന്‍ വളരെയധികം സന്തോഷത്തിലാണെന്നും അതുപോലുളള സ്വീകരമാണ് തനിക്ക് ആരാധകര്‍ നല്‍കിയതെന്നും നസ്രിയ വീഡിയോയില്‍ പറയുന്നു. ഈ പാട്ട് കാണുമ്പോള്‍, അതിനോടുള്ള നിങ്ങളുടെ പ്രതികരണം കാണുമ്പോള്‍ കഴിഞ്ഞ നാല് വര്‍ഷമായി ഞാന്‍ ഒരു ചിത്രം ചെയ്തിട്ട് അല്ലെങ്കില്‍ നാലു വര്‍ഷത്തിന് ശേഷമാണ് ഞാന്‍ ഒരു ചിത്രം ചെയ്യുന്നത് എന്ന് തോന്നുന്നേയില്ലെന്നും നസ്രിയ പറഞ്ഞു. ഞാന്‍ ഇവിടെ തന്നെ ഉണ്ടായിരുന്നു എന്ന രീതിയിലാണ് നിങ്ങള്‍ എന്നെ സ്വീകരിച്ചത്. ഒരുപാട് സന്തോഷമുണ്ടെന്നും ‘കൂടെ’ ഈ യാത്രയില്‍ നിങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും നസ്രിയ പറഞ്ഞു.
വിവാഹം കഴിഞ്ഞ് നാലു വര്‍ഷങ്ങള്‍ക്കുശേഷം നസ്രിയ സിനിമയിലേക്ക് മടങ്ങിവരികയാണ് കൂടെയിലൂടെ. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഷെയര്‍ ചെയ്തുകൊണ്ട് ഫഹദ് എഴുതിയ കുറിപ്പ് വൈറലായിരുന്നു. ”ഒരു സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഷെയര്‍ ചെയ്യുന്നതിന് ഇത്രയധികം ആവേശം ഇതിനു മുന്‍പ് എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. മികച്ച അഭിനേതാക്കളും സാങ്കേതിക വിദഗ്ധരും ഒത്തുചേരുന്ന മികച്ച സിനിമ എന്നതിനെക്കാളുപരി ഞാന്‍ കാണാന്‍ ഇഷ്ടപ്പെടുന്ന ഒരാളെ നാലു വര്‍ഷത്തിനുശേഷം സ്‌ക്രീനില്‍ കാണാന്‍ പോകുന്നുവെന്നതിന്റെ ആവേശവും ഉണ്ട്. ജീവിതത്തിലെ നാലു സുവര്‍ണ വര്‍ഷങ്ങള്‍ അവള്‍ ത്യജിച്ചത് എനിക്കൊരു നല്ല കുടുംബം നല്‍കാനാണ്. ഞാന്‍ നിന്നെ സ്നേഹിക്കുന്നു നസ്രിയ. അഞ്ജലിക്കും രാജുവിനും പാറുവിനും പിന്നെ എന്റെ നസ്രിയയ്ക്കും എല്ലാവിധ ആശംസകളും”, ഫഹദ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
Leave a Comment