വിവാദങ്ങളുടെ മുന്നിലേക്കില്ല; ഉമ്മന്‍ചാണ്ടി ഇന്ന് ആന്ധ്രയിലേക്ക് പറക്കും; രാഷ്ട്രീയകാര്യ സമിതിയില്‍ പങ്കെടുക്കില്ല

തിരുവനന്തപുരം: ഇന്നു നടക്കുന്ന രാഷ്ട്രീയകാര്യ സമിതിയില്‍ രാജ്യസഭാ സീറ്റിന്റെ പേരില്‍ തുടരുന്ന പോരടിക്കല്‍ വ്യാപിക്കാനിരിക്കെ ഉമ്മന്‍ ചാണ്ടി ഇന്ന് ആന്ധ്രയിലേക്ക്. ആന്ധ്രയിലേക്കു പോകുന്നതിനാല്‍ ഇന്നു ചേരുന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ ഉമ്മന്‍ ചാണ്ടി പങ്കെടുക്കില്ല. ഇക്കാര്യം കെപിസിസി പ്രസിഡന്റിനെയും പ്രതിപക്ഷനേതാവിനെയും അറിയിച്ചതായി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ആന്ധ്രയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയെടുത്തശേഷം ആദ്യമായാണ് അദ്ദേഹം അവിടെയെത്തുന്നത്. ഇന്നും നാളെയും ആന്ധ്രയില്‍ തങ്ങുന്ന ഉമ്മന്‍ചാണ്ടി മുന്‍ എംപിമാര്‍, ഡിസിസി ഭാരവാഹികള്‍ എന്നിവരുമായി ചര്‍ച്ച നടത്തും.
ഉമ്മന്‍ ചാണ്ടി ഇന്നു രാത്രി ആന്ധ്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കായി അത്താഴവിരുന്ന് നല്‍കും. കോണ്‍ഗ്രസില്‍ നിന്നു വിട്ടുപോയവരെ കാണാനും നീക്കമുണ്ട്.
അതേസമയം, രാഷ്്ട്രീയകാര്യസമിതി ചേര്‍ന്നതുകൊണ്ട് ഫലമില്ലെന്ന് ജോസഫ് വാഴയ്ക്കന്‍ പറഞ്ഞു. പാര്‍ട്ടിക്കു നന്മയുണ്ടാക്കുന്ന ഒരു ആലോചനയും ഉണ്ടാകാനിടയില്ല എന്ന് വാഴയ്ക്കന്‍ വിമര്‍ശിച്ചു. സമിതിയിലെ മിക്കവരും സ്വന്തം അജന്‍ഡകളുമായി പരസ്യപ്രസ്താവന നടത്തുന്നവരാണ്. വാര്‍ത്ത സൃഷ്ടിക്കാനാകും നേതാക്കളുടെ ശ്രമം. കെപിസിസി നിര്‍വാഹകസമിതി വിളിക്കണമെന്ന് വാഴയ്ക്കന്‍ പറഞ്ഞു.

കോണ്‍ഗ്രസിനു കിട്ടുമെന്ന് ഉറപ്പിച്ചിരുന്ന രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിനു നല്‍കിയതില്‍ പ്രതിസ്ഥാനത്തുനില്‍ക്കുന്ന നേതാവാണ് ഉമ്മന്‍ ചാണ്ടി. ഇന്നു ചേരുന്ന പാര്‍ട്ടി ഫോറത്തില്‍ അദ്ദേഹത്തിനെതിരെ നേതാക്കള്‍ ആഞ്ഞടിക്കുമെന്നും വിലയിരുത്തലുണ്ട്. സമിതിയംഗങ്ങളായ പി.ജെ. കുര്യന്‍, പി.സി. ചാക്കോ, ഷാനിമോള്‍ ഉസ്മാന്‍ എന്നിവര്‍ അവസാനം വരെ സീറ്റ് പ്രതീക്ഷ നല്‍കി കബളിപ്പിച്ചുവെന്ന വികാരത്തിലുമാണ്.

ഇന്നലെയും പരസ്യപ്രതിഷേധം തുടര്‍ന്ന വി.എം. സുധീരന്‍ വിട്ടുവീഴ്ചയ്ക്കു തയാറാകില്ല. ചര്‍ച്ച കൂടാതെ സീറ്റ് അടിയറവച്ചതിലുള്ള അതൃപ്തി കെ. മുരളീധരന്‍, കെ.വി. തോമസ് എന്നീ സമിതിയംഗങ്ങളും പ്രകടമാക്കി. പരസ്യ പ്രതികരണത്തിനു മുതിരാത്ത ചിലര്‍ പാര്‍ട്ടി ഫോറത്തില്‍ തുറന്നുപറയാനുള്ള തീരുമാനത്തിലുമാണ്. എന്നാല്‍ ഉമ്മന്‍ചാണ്ടിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള നീക്കങ്ങളെ ചെറുക്കാന്‍ തന്നെയാണ് എ ഗ്രൂപ്പിന്റെ തീരുമാനം.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment