‘ഇതെന്റെ പ്രേമല്ലാ… എന്റെ പ്രേമം ഇങ്ങനല്ലാ’ ന്ന വാചകം ഉള്ളില്‍ കിടന്ന് വീര്‍പ്പുമുട്ടിച്ചാകും! ദീപാ നിശാന്ത്

കോട്ടയത്ത് പ്രണയിച്ചതിന്റെ പേരില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ തന്റെ പ്രണയം വീട്ടില്‍ അറിഞ്ഞപ്പോള്‍ അനുഭവിക്കേണ്ടി വന്ന ഉള്ളുരുക്കുന്ന വേദനകള്‍ തുറന്ന് എഴുതി എഴുത്തുകാരി ദീപാ നിശാന്ത്. ഇതോ ഇതിലും വേദന നിറഞ്ഞതോ ആയ അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ടാകും പ്രണയം പിടിക്കപ്പെട്ട പ്രണയികള്‍…

ദീപയുടെ കുറിപ്പ് ഇങ്ങനെ

കെവിനെപ്പറ്റിയും നീനുവിനെപ്പറ്റിയും എഴുതാനിരിക്കുമ്പോള്‍ ഉള്ളിലൊരു വിറപടരും..

പ്രേമം പിടിക്കപ്പെട്ടപ്പോള്‍ മുതല്‍ വീട്ടിലനുഭവിച്ച ഒറ്റപ്പെടല്‍ ഓര്‍മ്മ വരും..

‘ചത്താപ്പോലും ഈ കല്യാണം നടത്തിക്കൊടുക്കില്ലാ” ന്ന അച്ഛന്റെ വാക്കുകള്‍ ഓര്‍മ്മ വരും…

വീട്ടിലുള്ളവരെല്ലാം മിണ്ടാതെ നടന്ന കുറേ നാളുകള്‍ ഓര്‍മ്മ വരും….

ചുറ്റിലും മൗനം കനത്തു പെയ്യുമ്പോള്‍ ശ്വാസം മുട്ടിപ്പിടഞ്ഞ പെണ്‍കുട്ടിയെ ഓര്‍മ്മ വരും ..

അവള്‍ക്ക് തമാശ പറഞ്ഞ് പൊട്ടിച്ചിരിക്കാനാവില്ല…

അവള്‍ പറയുന്ന തമാശ കേട്ട് ഒരാളും ചിരിക്കില്ല…

അല്ലെങ്കില്‍ത്തന്നെ പ്രേമം പിടിക്കപ്പെട്ട പെണ്‍കുട്ടികളുടെ വീട്ടില്‍ എവിടാണ് തമാശ ?

ചുറ്റിലുമുള്ള ബന്ധുമിത്രാദികളുടെ ജാഗ്രതക്കണ്ണുകള്‍ക്ക് കീഴിലാണവള്‍ … കോളേജില്‍ പോയ പെണ്‍കുട്ടി വരാനല്‍പ്പമൊന്ന് താമസിച്ചാല്‍ അവരില്‍ ചിലര്‍ അവളുടെ വീടിനെ ചുറ്റിപ്പറ്റി നടക്കും…

അമ്മയോട് സംസാരിക്കുന്നതിനിടയില്‍
,’കോളേജീന്ന് ഇത്ര നേരായിട്ടും വന്നില്ലേ?’ എന്ന് പറഞ്ഞ് അവര്‍ ക്ലോക്കിലേക്ക് നോക്കും..

പിന്നെ സെക്കന്റ് സൂചിക്കൊപ്പം മിടിക്കുന്നത് അമ്മയുടെ നെഞ്ചായിരിക്കും..

അമ്മ വഴിയിലേക്ക് കണ്ണുംനട്ട് താടിക്ക് കൈയും കൊടുത്ത് ഉമ്മറപ്പടിയിലിരിക്കും..

അവളെ ദൂരെ നിന്ന് കാണുമ്പോള്‍ എഴുന്നേറ്റ് അകത്തേക്ക് നടക്കും..

അവളമ്മയെ ദൂരെ നിന്നേ കണ്ടിട്ടുണ്ടായിരിക്കും…

പടി കടന്ന് അവളകത്തേക്കു വരുമ്പോള്‍ ഒരാളും കാത്തിരിക്കാനുണ്ടാവില്ല!

അവള്‍ പതുക്കെ അകത്തേക്ക് നടക്കും..

നീളമുള്ള ആ ഉമ്മറത്തെ സോഫയ്ക്കടിയിലേക്ക് ചെരുപ്പ് അധികം ശബ്ദമില്ലാതെ ഊരിയിടും.

അടുക്കളയില്‍ ചെന്ന് തണുത്തചായ മൂടി തുറന്ന് അവള്‍ കുടിക്കും…

‘വൈകീത്, മഴ കാരണാ ‘ ന്നോ, ‘ആര്‍ ജി മാഷ് വ്യാകരണം ക്ലാസ്സ് നീട്ടി എടുത്തതു കൊണ്ടാ’ന്നോ അവള്‍ക്ക് പറയണമെന്നുണ്ട്.

പിന്നെ തോന്നും പറയേണ്ടെന്ന്!

ആരും വിശ്വസിക്കില്ലെന്ന്!

പ്രേമിക്കുന്ന പെണ്‍കുട്ടികളെ ആര് വിശ്വസിക്കാനാണ്?

മൗനങ്ങള്‍ക്കും അവഗണനകള്‍ക്കുമാണ് ചെകിട്ടത്തടികളേക്കാള്‍ പ്രഹരശേഷിയെന്ന് ഓര്‍ത്ത് അവള്‍ മുറിയിലേക്ക് നടക്കും..

ലൈബ്രറീന്നെടുത്ത ഏതെങ്കിലും പുസ്തകത്തിലേക്ക് കണ്ണും നട്ടിരിക്കും!

ചിലപ്പോള്‍ കണ്ണില്‍ നിന്നും നീര്‍ത്തുള്ളികള്‍ ഇറ്റുവീണ് പുസ്തകത്തില്‍ ഭൂപടങ്ങള്‍ വരയ്ക്കും..

ആരും കാണാതെ വേണം കരയാന്‍!

ചോദ്യം വരും, ‘ആര്‍ക്കു വേണ്ടിയാണ് കരയുന്നതെന്ന് ‘

പോസ്റ്റുമാന്റെ സൈക്കിള്‍ ബെല്ലുകള്‍ കേള്‍ക്കുമ്പോഴേക്കും അവള്‍ക്ക് തളര്‍ച്ച വരും…

പ്രണയഭാരം കൊണ്ടല്ല !

ഭയം കൊണ്ട് !

പ്രിയപ്പെട്ടവന്റെ പേരിട്ട് ആരോ അയക്കുന്ന നിറയെ അക്ഷരത്തെറ്റുകളുള്ള ആ കത്തുകള്‍ അന്നത്തെ അത്താഴം മുടക്കും!

‘ ഉമ്മകളോടെ ‘ എന്ന അവസാനത്തെ വാചകം വായിക്കുമ്പോഴേക്കും അവളുടെ തല അപമാനഭാരംകൊണ്ട് കുനിയും…

”ഇതെന്റെ പ്രേമല്ലാ… എന്റെ പ്രേമം ഇങ്ങനല്ലാ’ ന്ന വാചകം ഉള്ളില്‍ കിടന്ന് വീര്‍പ്പുമുട്ടിച്ചാകും!

മറ്റു ചിലപ്പോള്‍ ഊമക്കത്തുകളാകും!

അവളറിയാത്ത, അവള്‍ പേരു പോലും കേട്ടിട്ടില്ലാത്ത സ്ഥലങ്ങളിലൂടെ അവള്‍ സഞ്ചരിച്ചതായി കത്തില്‍ സാക്ഷ്യപ്പെടുത്തും!

വാദിച്ചും കരഞ്ഞും അവളൊടുവില്‍ ദയനീയമാം വിധം പരാജയപ്പെടും!

ഒരാളോടും സങ്കടം പറയാനാവില്ല…

മൊബൈലില്ല..

വീട്ടിലെ ലാന്‍ഡ് ഫോണ്‍ ചെന്നെടുക്കാനുള്ള അധികാരമില്ല..

പല ബന്ധുക്കളും അച്ഛനെ ഉപദേശിക്കുന്നത് കേട്ടിട്ടുണ്ട്, ‘പഠിപ്പങ്ങ് നിര്‍ത്തീട്ട് പിടിച്ചുകെട്ടിച്ചാ മതി.. പ്രശ്‌നം തീരും!’ എന്ന്.

ഇന്നത്തെ ധൈര്യത്തിന്റെ നൂറിലൊരംശം അന്നില്ല.

എന്റെ സമ്മതമില്ലാതെ എന്റെ വിവാഹം നടക്കില്ല എന്ന ഉറപ്പുണ്ടായിരുന്നെങ്കിലും ഇടയ്ക്ക് ഒരാന്തല്‍ വരും!

പഠിപ്പെങ്ങാനും നിര്‍ത്തുമോ?

പിന്നെന്ത് ചെയ്യും?

വീട്ടില്‍ പൂട്ടിയിട്ടാലോ?

ആരോടു പറയും?
ആരറിയും?

ഒരു ദിവസം പഠിപ്പു നിര്‍ത്താനുപദേശിച്ച ഒരു ബന്ധുവിനോട് അച്ഛന്‍ പറഞ്ഞ വാക്കുകളാണ് നെഞ്ചിലേക്ക് ഒരു മഴ പെയ്യിച്ചത്!

‘ പഠിപ്പ് നിര്‍ത്തില്ല. അവള്‍ടെ സമ്മതമില്ലാതെ വേറെ കല്യാണോം നടത്തില്ല. ഞാനൊരു പോലീസുകാരനാണ്. പ്രായപൂര്‍ത്തിയായവരാണ്. നിയമം അവരുടെ കൂടെയാണ്.. പഠിപ്പിക്കും. എവിടേങ്കിലും പോയി ജീവിച്ചോട്ടെ.. കൊണ്ടു പോവണോന്‍ ഉപേക്ഷിച്ചാലും ഒറ്റയ്ക്ക് ജീവിച്ചോട്ടെ…”

അതിലപ്പുറം ഞാനും പ്രതീക്ഷിച്ചിരുന്നില്ല.. അതു പോലും പ്രതീക്ഷിക്കത്തക്ക ജനാധിപത്യാന്തരീക്ഷം എന്റെ കുടുംബത്തിലില്ലായിരുന്നു.. കുടുംബത്തിന്റെ സല്‍പ്പേര്, മറ്റ് പെണ്‍കുട്ടികളുടെ ഭാവി… എല്ലാം ഡമോക്ലസിന്റെ വാള്‍പോലെ മുകളില്‍ തൂങ്ങിയാടുന്നുണ്ടായിരുന്നു..

എം എ ക്ക് ഒന്നാം റാങ്കോടെയാണ് വിജയിച്ചത്. മൂന്ന് മണിക്കൂര്‍ നേരത്തെ ഓര്‍മ്മപരീക്ഷയില്‍ ഒന്നാമതായി വിജയിക്കുന്നതിലല്ല വിദ്യാഭ്യാസത്തിന്റെ നിലവാരമളക്കുന്നതെന്ന ധാരണ അന്നുമുണ്ടായിരുന്നു. പക്ഷേ ആ സമയത്ത് ആ റാങ്ക് എനിക്കൊരാവശ്യമായിരുന്നു.” പഠിക്കാനല്ല, പ്രേമിക്കാനാ കോളേജീപ്പോണതെന്ന് പിറുപിറുക്കുന്ന ബന്ധുക്കള്‍ക്കുള്ള മറുപടിയായിരുന്നു അത്. എന്നിട്ടും ഒന്നഭിനന്ദിക്കാന്‍… ഒന്ന് കെട്ടിപ്പിടിക്കാന്‍… ഉമ്മ വെക്കാന്‍… ഒരു സമ്മാനം തരാന്‍… ഒരാളുമുണ്ടായിരുന്നില്ല. ഞാനൊരു കടുത്ത തെറ്റു ചെയ്തവളാണ്.. പ്രണയിച്ചവളാണ്. അതും അന്യജാതിക്കാരനെ !എന്റെ റാങ്ക് കൊണ്ടൊന്നുംഅപമാനം മറികടക്കാനാവില്ല. എന്നോടുള്ള ചിരികളൊക്കെ മങ്ങിപ്പോയിരുന്നു.. എനിക്കു താഴെയുള്ള പെണ്‍കുട്ടികളൊക്കെ വിവാഹിതരായി കുട്ടിയേയുമെടുത്ത് വീട്ടിലേക്കു വരുമ്പോഴൊക്കെ എന്റെ അമ്മ നെടുവീര്‍പ്പിടുമായിരുന്നു. വിവാഹങ്ങള്‍,മറ്റ് ചടങ്ങുകള്‍ ബന്ധുവീടുകളിലേക്കുള്ള സന്ദര്‍ശനങ്ങള്‍ ഒക്കെ പതുക്കെപ്പതുക്കെ ഇല്ലാതായിക്കൊണ്ടിരുന്നു.’ കല്യാണം നോക്കുന്നില്ലേ? വയസ്സ് പത്തിരുപത്തിനാലായില്ലേ?’ എന്ന ബന്ധുക്കളുടെ ചോദ്യങ്ങള്‍ ചുറ്റും മുഴങ്ങുമ്പോള്‍ എന്റമ്മ നിസ്സഹായയായി തലകുനിക്കുമായിരുന്നു.’ അവള് പഠിക്ക്യാണ്. ജോലിയായിട്ടേ കല്യാണം നോക്കുന്നുള്ളൂ’ എന്ന് പറയാനുള്ള ആര്‍ജവം പോലും എന്റമ്മയ്ക്കുണ്ടായിരുന്നില്ല. ഒരു മധ്യവര്‍ഗ്ഗ മലയാളി കുടുംബത്തിന്റെ സദാചാരമൂല്യങ്ങളില്‍ ‘പ്രണയം’ എന്ന വാക്ക് പടിക്കു പുറത്തായിരുന്നു.’ ഇപ്പോഴും ആ ചെക്കനെ കാണാറുണ്ടല്ലേ?’, ‘ കത്ത് കോളേജിക്ക് വരാറുണ്ടല്ലേ?’ തുടങ്ങിയ ചോദ്യങ്ങളാല്‍ ബന്ധുക്കള്‍ അമ്മയെ തളര്‍ത്തിക്കൊണ്ടേയിരുന്നു..

പിന്നെപ്പിന്നെ എതിര്‍പ്പ് നേര്‍ത്തുനേര്‍ത്ത് തീരെ ദുര്‍ബലമായി…

എന്നാലും എന്റെ വിവാഹ ഫോട്ടോകളിലൊന്നില്‍പ്പോലും അച്ഛനും അമ്മയും ചിരിച്ച മുഖമില്ല..

നിറയെ ആശങ്ക നിറഞ്ഞ രണ്ടു മുഖങ്ങള്‍…

പിന്നെപ്പിന്നെ ചിരികള്‍ വീട്ടില്‍ തിരിച്ചു വന്നു…

‘ തറവാട്ടിന് ചീത്തപ്പേരാക്കിയ’ പെണ്‍കുട്ടിയെ കുടുംബത്തിലെ ചെറിയ ചടങ്ങുകളില്‍പ്പോലും പങ്കെടുപ്പിക്കാന്‍ ബന്ധുക്കള്‍ ഉത്സാഹം കാട്ടി.

ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും വിളിച്ചു വരുത്തി പുതിയ ബന്ധുക്കള്‍ക്ക് പരിചയപ്പെടുത്തി..

അച്ഛനുമമ്മയും അതു നോക്കി നിന്നു..

ജാതിയുടേയും പാരമ്പര്യത്തിന്റേയും മിഥ്യാഭിമാനങ്ങളില്‍ നിന്നും പുറത്തു കടക്കാന്‍ ഇപ്പോളവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്..

അതുകൊണ്ടാണ് ടി വി യില്‍ കെവിനെ
കാണുമ്പോള്‍ അവര്‍ വേദനയോടെ അവനെ നോക്കുന്നത്. ആ പെണ്‍കുട്ടിയുടെ അലറിക്കരച്ചില്‍ കേള്‍ക്കുമ്പോള്‍, ‘അവറ്റേനെ ജീവിക്കാന്‍ വിടായിരുന്നില്ലേ ‘ എന്ന് പിറുപിറുക്കുന്നത്… ‘ഇത് ചെയ്യിച്ചോനെയൊന്നും വെറുതെ വിടരുത് ‘ എന്ന് അമര്‍ഷത്തോടെ പറയുന്നത്…

pathram desk 1:
Related Post
Leave a Comment