മലയാളി ഡ്രൈവര്‍മാര്‍ക്ക് സൗദിയില്‍ തിരിച്ചടി

റിയാദ്: സൗദി അറേബ്യയില്‍ വനിതകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി നല്‍കിയതോടെ ഒട്ടേറെ മലയാളി ഡ്രൈവര്‍മാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. ഇവരില്‍ പലരും നാട്ടിലേക്ക് മടങ്ങാനൊരുങ്ങുകയാണ്.

സൗദിയില്‍ ഇപ്പോള്‍ എട്ടു ലക്ഷത്തിലേറെ വിദേശ ഡ്രൈവര്‍മാരുണ്ട്. ഇതില്‍ രണ്ടു ലക്ഷത്തോളം പേരും ഹൗസ് ഡ്രൈവര്‍മാരാണ്. ഒരു ഡ്രൈവര്‍ക്ക് താമസവും ഭക്ഷണവും ഉള്‍പ്പെടെ ശരാശരി അയ്യായിരം റിയാലാണ് ശമ്പളം. ആവശ്യക്കാര്‍ കുറഞ്ഞതോടെ ഹൗസ് ഡ്രൈവര്‍മാരുടെ ശമ്പളം 4000 റിയാലിനും അതിനു താഴെയായി. രാജ്യത്ത് വനിതാ ടാക്‌സിയും ഉടനെയെത്തുമെന്നാണ് സൂചന. സ്വദേശി വനിതകള്‍ക്ക് ഡ്രൈവിങ് പരിശീലനത്തിനുള്ള വിവിധ പദ്ധതികളും സൗദി ആസൂത്രണം ചെയ്തിട്ടുണ്ട്.

വിദേശ ഡ്രൈവര്‍മാരുടെ നിയമനത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 30 ശതമാനം ഇടിവാണ് സൗദിയില്‍ ഉണ്ടായിട്ടുള്ളത്. വനിതകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കിത്തുടങ്ങിയതോടെ ഇത് 40 ശതമാനത്തിലേറെയാകുമെന്നാണ് സൂചന. വനിതകള്‍ക്ക് ലൈസന്‍സ് കിട്ടിയ വനിതകള്‍ പലരും വീട്ടിലെ ഡ്രൈവര്‍മാരെ ഒഴിവാക്കുകയാണ്. വരും ദിവസങ്ങളില്‍ ഇത് രൂക്ഷമാകുമെന്ന ആശങ്കയിലാണ് മലയാളികള്‍.

pathram:
Related Post
Leave a Comment