കെവിന്റെ മൃതദേഹം സംസ്‌കരിച്ചു, ആയിരങ്ങളെ കണ്ണീരിലാഴ്ത്തി വിടവാങ്ങല്‍!

കോട്ടയം: ദുരഭിമാനക്കൊലയില്‍ ജീവന്‍ നഷ്ടമായ കെവിന്‍ പി.ജോസഫിന്റെ മൃതദേഹം സംസ്‌കരിച്ചു. കോട്ടയം കളക്ടറേറ്റിനു സമീപത്തെ ഗുഡ്‌ഷെപ്പേര്‍ഡ് പള്ളിയുടെ സെമിത്തേരിയില്‍ ആയിരുന്നു സംസ്‌കാര ചടങ്ങുകള്‍. സുഹൃത്തുക്കളും നാട്ടുകാരും അടങ്ങുന്ന വന്‍ജനാവലി തന്നെ കെവിന് അന്തിമോപചാരമര്‍പ്പിക്കാനെത്തി.

രാവിലെ കുമാരനെല്ലൂര്‍ നട്ടാശേരിയിലെ കെവിന്റെ വീട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരുന്നു. അവിടെയും കെവിന് അന്തിമോചാരമര്‍പ്പിക്കാന്‍ നിരവധി പേരാണ് എത്തിയത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്. രാവിലെ ഒന്‍പത് മണിയോടെ ആരംഭിച്ച പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പത്തരയോടെയാണ് അവസാനിച്ചത്.

സുഹൃത്തുക്കളും നാട്ടുകാരും അടക്കം നിരവധി പേരാണ് കെവിന്റെ വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. കെവിന്റെ പോസ്റ്റ്‌മോര്‍ട്ടം നടന്ന കോട്ടയം മെഡിക്കല്‍ കോളേജിനു മുന്നിലും രാഷ്ട്രീയ പാര്‍ട്ടികളുടെയും ദലിത് സംഘടനകളുടെയും നേതാക്കളും പ്രവര്‍ത്തകരും തടിച്ചുകൂടിയിരുന്നു. ആശുപത്രി മോര്‍ച്ചറിയ്ക്ക് മുന്നില്‍ ചെറിയ രീതിയില്‍ സംഘര്‍ഷവും ഉണ്ടായി.

കെവിനെ തട്ടിക്കൊണ്ടു പോയ സംഘത്തിലെ മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. കേസിലെ മുഖ്യപ്രതിയായ നീനുവിന്റെ സഹോദരന്‍ സാനു ചാക്കോ ഉള്‍പ്പെടെയുളള ബാക്കിയുളള പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കൊലപാതകത്തില്‍ നേരിട്ട് പങ്കുളള മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. നീനുവിന്റെ സഹോദരന്‍ സാനുവിന്റെ സുഹൃത്ത് ഇഷാന്‍, ബന്ധുക്കളായ റിയാസ്, നിയാസ് എന്നിവരാണ് അറസ്റ്റിലായത്. മുഖ്യപ്രതി സാനു ചാക്കോയ്ക്കായി വിമാനത്താവളങ്ങളില്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. സാനു തമിഴ്നാട്ടിലുണ്ടെന്നാണ് സൂചന.

കേസില്‍ നീനുവിന്റെ അച്ഛന്‍ ചാക്കോയെയും പ്രതി ചേര്‍ത്തിട്ടുണ്ട്. കേസില്‍ ആകെ 14 പേര്‍ പ്രതികളാണെന്ന് ഐജി വിജയ് സാഖറെ വ്യക്തമാക്കി.കെവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ്, ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ കോട്ടയം ജില്ലയില്‍ പുരോഗമിക്കുകയാണ്. ഹര്‍ത്താലുമായി ബന്ധപ്പെട്ട് ഇതുവരെ അക്രമസംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍.

കൊല്ലം തെന്മല ഒറ്റക്കല്‍ സാനു ഭവനില്‍ നീനു ചാക്കോ (20)യെ പ്രണയിച്ച് വിവാഹം കഴിച്ചതിനാലാണ് നട്ടാശേരി എസ്എച്ച് മൗണ്ട് പിലാത്തറ കെവിന്‍ പി.ജോസഫി (23)നെ ക്രൂരമായി കൊലപ്പെടുത്തിയത്. നീനുവിന്റെ സഹോദരനും സംഘവും ചേര്‍ന്നാണ് കെവിനെ ഞായറാഴ്ച കോട്ടയത്തുനിന്നും തട്ടിക്കൊണ്ടുപോയത്. ഇന്നലെ രാവിലെ എട്ടരയോടെ കൊല്ലം തെന്മലല ചാലിയക്കര തോട്ടില്‍നിന്നും കെവിന്റെ മൃതദേഹം കണ്ടെത്തി.

pathram desk 2:
Related Post
Leave a Comment