റിയാലിറ്റി ഷോ വിവാദം; മറുപടിയുമായി ആര്യ രംഗത്ത്

റിയാലിറ്റി ഷോ വിവാദങ്ങള്‍ക്ക് മറുപടിയുമായി ആര്യ. ജീവിത പങ്കാളിയെ കണ്ടെത്താന്‍ ആര്യ നടത്തിയ റിയാലിറ്റി ഷോയുടെ പേരിലുള്ള വിവാദങ്ങള്‍ ഇതുവരെ കെട്ടടങ്ങിയിട്ടില്ല. തുടക്കം മുതല്‍ തന്നെ വിമര്‍ശനങ്ങള്‍ നേരിട്ട ഷോ അവസാനിച്ച ശേഷവും മത്സരാര്‍ഥികള്‍ പല വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്നെങ്കിലും ഇതുവരെ ആര്യ മാത്രം പ്രതികരിച്ചിരുന്നില്ല. ഏറെ വിമര്‍ശനം വരുത്തിവച്ച ഫൈനലിലെ തന്റെ തീരുമാനത്തെക്കുറിച്ചുള്ള വസ്തുതകള്‍ വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് ആര്യ ഇപ്പോള്‍. ഒരു തമിഴ് ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷോയെക്കുറിച്ചും താന്‍ നേരിട്ട് വിമര്‍ശനങ്ങളെക്കുറിച്ചും ആര്യ പ്രതികരിച്ചത്.
‘നമുക്ക് എല്ലാവരെയും തൃപ്തിപ്പെടുത്തിക്കൊണ്ട് ഒന്നും ചെയ്യാന്‍ സാധിക്കില്ല. ഞാന്‍ ആ റിസ്‌ക് ഏറ്റെടുത്തതാണ്. എനിക്ക് അതില്‍ ഒരു കുറ്റബോധവുമില്ല. ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ എനിക്ക് സാധിച്ചു. ആ പതിനാറ് പേരെ മാറ്റാരേക്കാളും നന്നായി എനിക്കറിയാം. അവരുടെ വികാരങ്ങള്‍, മൂല്യങ്ങള്‍, കുടുംബം ഇതെല്ലം എനിക്ക് കണക്കിലെടുക്കേണ്ടതുണ്ട്. എന്തേ ഇന്നയാളെ തിരഞ്ഞെടുത്തില്ല എന്ന ചോദ്യങ്ങള്‍ ഉണ്ടായേക്കാം. പക്ഷേ അതിന് പുറകില്‍ വേറെയും ഒരുപാടു കഥകളുണ്ട്. അവരുടെ കുടുംബങ്ങള്‍ ഇതില്‍ ഭാഗമായിട്ടുണ്ട്. അതെല്ലാം എക്‌സ്പീരിയന്‍സ് ചെയ്യുന്നത് ഞാനാണ്. ഇതിങ്ങനെ ഒക്കെ ആയി തീരുമെന്ന് പ്ലാന്‍ ചെയ്തല്ല മുന്നോട്ട് പോയത്. അത് വന്നു ചേരുകയാണുണ്ടായത്.

നമ്മള്‍ ആളുകളെ പരിചയപ്പെട്ട് ഇടപഴകി വരുമ്പോഴാണ് നമുക്ക് അവരെപ്പറ്റി മനസിലാക്കാന്‍ സാധിക്കുക. നമ്മള്‍ തമാശയ്‌ക്കെന്തെങ്കിലും ചെയ്താല്‍ തന്നെ മറ്റുള്ളവരോട് ഇടപഴകുമ്പാഴാണ് അതിന്റെ സീരിയസ്‌നെസ്സ് നമുക്ക് മനസിലാവുക. ഞാന്‍ എന്ത് തീരുമാനമെടുത്താലും അത് കുറച്ചാളുകളെയെങ്കിലും തൃപ്തിപ്പെടുത്തുന്നത് തന്നെയാകണം. അല്ലാതെ എന്നെ മാത്രം തൃപ്തിപ്പെടുത്തിയാല്‍ പോരാ. എനിക്ക് മറ്റുള്ളവരെക്കുറിച്ചും ചിന്തിക്കണം. അങ്ങനെ എല്ലാം ചിന്തിച്ചു കൊണ്ടുള്ള ഒരു തീരുമാനമാണ് ഞാന്‍ എടുത്തത്. പക്ഷെ അതറിയാതെ എന്തിന് ഇയാള്‍ ഇങ്ങനെയൊരു തീരുമാനമെടുത്തു ആരെയെങ്കിലും തിരഞ്ഞെടുത്തുകൂടായിരുന്നോ എന്നൊക്കെ ചിന്തിക്കാന്‍ തോന്നും. പക്ഷേ, എനിക്ക് ഇത് അതിനെല്ലാം അപ്പുറമാണ്. ആ വ്യക്തികളുമായി എനിക്കുള്ള വ്യക്തിപരമായ അടുപ്പമാണ് എന്റെ തീരുമാനത്തേക്കാള്‍ വലുത്.

നമ്മള്‍ ഒരു ഷോ ചെയ്യുന്നു, അതിലെ മത്സരാര്‍ഥികള്‍ അത് അബര്‍നദിയോ സീതാലക്ഷ്മിയോ സൂസാന്നയോ ആരുമായിക്കൊള്ളട്ടെ അവര്‍ക്കെല്ലാം ഒരു ജീവിതമുണ്ട്. നമ്മള്‍ എന്തെങ്കിലും കാര്യം ചെയ്തിട്ടുണ്ടെങ്കില്‍ അതില്‍ നിന്നും നമുക്കെന്തെങ്കിലും ലഭിക്കണം. ഞാന്‍ മാത്രം അതില്‍ നിന്ന് എന്തെങ്കിലും നേടിയെടുത്താല്‍ പോര. ആ ഷോയിലേക്ക് അവര്‍ വന്നത് തന്നെ വലിയൊരു തീരുമാനമാണ്. ഞാന്‍ അത് ബഹുമാനിക്കണം. എന്നിലുള്ള വിശ്വാസത്തിന്റെ പുറത്താണ് അവര്‍ അതിലേക്ക് വന്നത്. അതിനെ ഞാന്‍ ബഹുമാനിക്കണം. മാത്രമല്ല അവര്‍ക്ക് മോശമായതൊന്നും ഉണ്ടാകില്ല എന്ന് ഞാന്‍ ഉറപ്പു വരുത്തണം. അങ്ങനെ ചിന്തിച്ചിട്ടാണ് ഞാന്‍ ഓരോന്നും ചെയ്തത്. ഇപ്പോള്‍ അവരെ ആളുകള്‍ തിരിച്ചറിയുന്നു, അവര്‍ക്ക് എന്തെങ്കിലുമൊക്കെ ഉയര്‍ച്ചകള്‍ സംഭവിക്കുന്നു അതിലൊക്കെ ഞാന്‍ വളരെയധികം സന്തോഷിക്കുന്നുണ്ട്. പ്രേക്ഷകര്‍ക്ക് അത് വെറും ഷോ ആയിരിക്കാം. പക്ഷെ അതിന് പിറകിലും ഒരുപാട് കാര്യങ്ങളുണ്ട്.’ആര്യ പറഞ്ഞു.

pathram:
Related Post
Leave a Comment