കര്‍ണാടക മുഖ്യമന്ത്രിയായി കുമാരസ്വാമി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനൊരുങ്ങി ബി.ജെ.പി, സുരക്ഷ ശക്തമാക്കി

ബംഗളൂരു: ജെഡിഎസിലെ എച്ച് ഡി കുമാരസ്വാമി കര്‍ണാടക മുഖ്യമന്ത്രിയായും ഉപമുഖ്യമന്ത്രിയായി കോണ്‍ഗ്രസിലെ ജി പരമേശ്വരയും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. കോണ്‍ഗ്രസിലെ കെ.ആര്‍. രമേശ്കുമാറാണ് സ്പീക്കര്‍. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ജെ.ഡി.എസിന് നല്‍കും.

34 മന്ത്രിമാരില്‍ 22 കോണ്‍ഗ്രസ് മന്ത്രിമാരും മുഖ്യമന്ത്രിയടക്കം 12 മന്ത്രിമാര്‍ ജനതാദളിനും വീതംവെച്ചു. ബുധനാഴ്ച മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും മാത്രം സത്യപ്രതിജ്ഞ ചെയ്യാനും മറ്റു മന്ത്രിമാരുടെ സത്യപ്രതിജ്ഞ 29ന് വിശ്വാസവോട്ടെടുപ്പിനു ശേഷം നടത്താനുമാണ് തീരുമാനം. ബാക്കിയുള്ള മന്ത്രിമരെയും വകുപ്പുകളും വൈകാതെ ചേരുന്ന കോഓഡിനേഷന്‍ കമ്മിറ്റിയോഗത്തില്‍ തീരുമാനിക്കും.വിധാന്‍ സൗധയില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ വൈകുന്നേരം 4.30നാണ് ചടങ്ങ്.

സത്യപ്രതിജ്ഞയോടനുബന്ധിച്ച് സംസ്ഥാനത്തൊട്ടാകെ വന്‍ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കാനൊരുങ്ങുകയാണ് ബിജെപി. പാര്‍ട്ടി വക്താവ് എസ്.ശാന്താറാമാണ് ഇത് സംബന്ധിച്ച വിവരം വ്യക്തമാക്കിയത്.

കോണ്‍ഗ്രസ്-ജെഡിഎസ് അവിശുദ്ധ കൂട്ടുകെട്ട് ജനങ്ങളുടെ വിധിയെഴുത്തിനെ ഹൈജാക്ക് ചെയ്തെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിക്കുമെന്നും ശാന്താറാം അറിയിച്ചു. ബുധനാഴ്ച രാവിലെ ആരംഭിക്കുന്ന പ്രതിഷേധ പരിപാടികള്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ ബി.എസ്.യെദിയൂരപ്പ ഉദ്ഘാടനം ചെയ്യും. ബിജെപിയുടെ പ്രതിഷേധ പരിപാടികള്‍ കണക്കിലെടുത്ത് വന്‍ സുരക്ഷയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരുക്കിയിരിക്കുന്നത്.

pathram desk 1:
Related Post
Leave a Comment