100 കോടി ജെഡിഎസ് എംഎല്‍എമാര്‍ക്ക് വാഗ്ദാനം ചെയ്ത് , ഇത്രയും പണം എവിടെനിന്നെന്ന് എച്ച്.ഡി.കുമാരസ്വാമി

ബെംഗളൂരു: ബിജെപിയുമായി യാതൊരുവിധ സഖ്യത്തിനുമില്ലെന്ന് എച്ച്.ഡി.കുമാരസ്വാമി. ജനങ്ങള്‍ ജെഡിഎസിനെ പിന്തുണച്ചതിന് നന്ദി. കര്‍ണാടകയില്‍ ബിജെപി ഭരണം ജനങ്ങള്‍ ആഗ്രഹിക്കുന്നില്ല. ബിജെപി ഏതു വിധേനയും ഭരണം പിടിക്കാനാണ് ശ്രമിക്കുന്നത്. താനോ തന്റെ പാര്‍ട്ടിയോ അധികാര കൊതിയന്മാരല്ലെന്നും അദ്ദേഹം പറഞ്ഞു. ജെഡിഎസ് നിയമസഭാ കക്ഷി യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് കേവല ഭൂരിപക്ഷത്തെക്കാള്‍ അധികം സീറ്റുണ്ട്. ബിജെപിക്ക് കേവലഭൂരിപക്ഷത്തിന് 9 സീറ്റുകളാണ് കുറവുളളത്. ജെഡിഎസ് എംഎല്‍എമാര്‍ക്ക് 100 കോടിയാണ് ബിജെപി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇത്രയും പണം ബിജെപിക്ക് എവിടെ നിന്നാണ്? പാവപ്പെട്ടവര്‍ക്കുവേണ്ടിയാണ് ബിജെപി പ്രവര്‍ത്തിക്കുന്നതെന്ന് പറയുന്നതിനോടൊപ്പം കോടിക്കണക്കിന് രൂപ എംഎല്‍എമാരെ കൂടെ കൂട്ടാന്‍ വാഗ്ദാനം ചെയ്യുന്നു. ബിജെപിയുടെ പക്കല്‍ ഇത്രയും പണം എവിടെനിന്നാണ്? ഇത് അന്വേഷിക്കേണ്ട ആദായ നികുതി വകുപ്പ് അധികൃതര്‍ എവിടെ? കുമാരസ്വാമി ചോദിച്ചു.

കോണ്‍ഗ്രസില്‍നിന്നും ബിജെപിയില്‍നിന്നും ജെഡിഎസിന് വാഗ്ദാനം ലഭിച്ചു. 2004 ലും 2005 ലും ബിജെപിക്ക് ഒപ്പം ഞാന്‍ നിന്നത് തെറ്റായിപ്പോയി. അത് തിരുത്താന്‍ ദൈവം എനിക്ക് ഇപ്പോള്‍ അവസരം തന്നു. അതിനാല്‍ ഞാന്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നു. കോണ്‍ഗ്രസിനോട് ഞാന്‍ മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ല. അവരുടെ പിന്തുണയ്‌ക്കൊപ്പം അവര്‍ എനിക്ക് അത് വാഗ്ദാനം ചെയ്തതാണെന്ന് കുമാരസ്വാമി പറഞ്ഞു.

ബിജെപിയുടെ അശ്വമേധ യാത്ര വടക്കേ ഇന്ത്യയില്‍നിന്നുമാണ് തുടങ്ങിയത്. പക്ഷേ കര്‍ണാടകയില്‍ എത്തിയപ്പോള്‍ കുതിരകള്‍ നിന്നുപോയി. കര്‍ണാടകയിലെ ജനവിധി അവരുടെ അശ്വമേധ യാത്രയെ തടസപ്പെടുത്തി.

pathram desk 2:
Leave a Comment