ബി.ജെ.പി നടത്തുന്നത് കുതിരക്കച്ചവടം; എം.എല്‍.എമാര്‍ക്ക് 100 കോടി രൂപയും മന്ത്രി പദവും ഓഫര്‍ ചെയ്തു, ഗുരുതര ആരോപണങ്ങളുമായി കുമാരസ്വാമി

കര്‍ണാടകയില്‍ അധികാരം പിടിച്ചെടുക്കാന്‍ ബി.ജെ.പി ചാക്കിട്ട് പിടിത്തം നടത്തുകയാണെന്ന് ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമി. തിരഞ്ഞെടുപ്പിന് പിന്നാലെ ബി.ജെ.പി സംസ്ഥാനത്ത് ബിജെപി കുതിരകച്ചവടത്തിന് ശ്രമിക്കുകയാണ്. സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് ഉടന്‍ ഗവര്‍ണറെ കാണുമെന്ന് മാധ്യമങ്ങളെ അറിയിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് കുമാരസ്വാമി ബിജെപിക്കെതിരെ ആരോപണം ഉന്നയിച്ചത്. കര്‍ണാടകയിലെ ജനങ്ങള്‍ താന്‍ മുഖ്യമന്ത്രിയാകണമെന്നാണ് ആഗ്രഹിക്കുന്നത്, അവര്‍ക്ക് ബിജെപി നേതാക്കളെ വേണ്ടെന്നും കുമാരസ്വാമി പറഞ്ഞു.

ബിജെപിയുമായി യാതൊരു വിധ സഖ്യവും തങ്ങള്‍ രൂപീകരിക്കില്ല. ബിജെപിക്ക് അധികാരത്തിന് വേണ്ടിയുള്ള ആര്‍ത്തിയാണ്. മതേതര വോട്ടുകള്‍ ഭിന്നിപ്പിച്ചാണ് ബിജെപി 104 സീറ്റുകള്‍ നേടിയത്. സര്‍ക്കാര്‍ രൂപീക്കരണമെന്ന ആവശ്യം ഗവര്‍ണര്‍ അംഗീകരിക്കുമെന്നാണ് പ്രതീക്ഷ. കേന്ദ്രം അധികാരം ദുരുപയോഗം ചെയ്യുകയാണ് അധികാരം പിടിക്കുന്നതിന് വേണ്ടിയെന്ന് കുമാരസ്വാമി ആരോപിച്ചു. കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കാം എന്നത് മോദിയുടെ വ്യാമോഹമാണെന്നും കുമാരസ്വാമി പറഞ്ഞു. തങ്ങളെ ഭിന്നിപ്പിക്കാന്‍ ബി.ജെ.പി കഠിനമായി പരിശ്രമിക്കുന്നുണ്ട് എന്നാല്‍ ഞങ്ങള്‍ അതിനൊന്നും വഴങ്ങില്ലെന്നും കുമാരസ്വാമി വ്യക്തമാക്കി.

116 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് ഗവര്‍ണറെ തങ്ങള്‍ അറിയിച്ചിരുന്നു. കര്‍ണാടകയെ വര്‍ഗീയമായി വിഭജിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അവര്‍ കുതിരകച്ചവടത്തിന് ശ്രമിക്കുകയാണ്. 100 കോടി രൂപയും മന്ത്രി പദവും തങ്ങളുടെ എംഎല്‍എമാര്‍ക്ക് ബിജെപി ഓഫര്‍ ചെയ്തിരുന്നു. ബിജെപി കൊടുക്കുമെന്ന് പറയുന്നത് കള്ളപ്പണമാണോയെന്ന് കുമാരസ്വാമി ചോദിച്ചു.

ഞാന്‍ മുഖ്യമന്ത്രി സ്ഥാനത്തിന് പിന്നാലെ പോവുകയില്ല. കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന് ആവശ്യമായ ഭൂരിപക്ഷമുണ്ട്. മേഘാലയിലും ഗോവയിലും കോണ്‍ഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. പക്ഷേ ഭൂരിപക്ഷമുള്ള സഖ്യത്തെയാണ് ഗവര്‍ണര്‍ മന്ത്രിസഭാ രൂപീകരിക്കുന്നതിന് ക്ഷണിച്ചത്. സമാനമായി നിലപാട് ഇവിടെയും സ്വീകരിക്കണമെന്ന് തങ്ങള്‍ ഗവര്‍ണറോട് അഭ്യര്‍ത്ഥിച്ചു.

ബിജെപിയും പ്രധാനമന്ത്രിയും കുതിരക്കച്ചവടത്തില്‍ വിശ്വസിക്കുന്നുണ്ടോ. ബിജെപിയുടെ കള്ളപണത്തിന്റെ ഉറവിടം എന്താണെന്ന് കുമാരസ്വാമി ചോദിച്ചു. ജനങ്ങളെ സേവിക്കേണ്ട പാര്‍ട്ടിക്കാര്‍ക്ക് എവിടെ നിന്നാണ് ഇത്രയും പണം. ഇതിന്റെ ഉറവിടം അന്വേഷിക്കേണ്ട ആദായ നികുതി വകുപ്പിനെ കാണുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപിയുടെ കൂടെ പോയത് തന്റെ അച്ഛന്റെ കരിയറിലെ കറുത്ത അധ്യായമാണ്. ആ അധ്യായം തുടച്ച് നീക്കുന്നതിന് തനിക്ക് ലഭിച്ച അവസരമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ഉടന്‍ തന്നെ ഗവര്‍ണറെ സര്‍ക്കാര്‍ രൂപീകരിക്കുന്നത് അവകാശം ഉന്നിയിച്ച് കാണുമെന്നും കുമാരസ്വാമി പറഞ്ഞു.

pathram desk 1:
Leave a Comment