‘ഭൂമിവിവാദ കേസില്‍ അതിരൂപതയിലെ പ്രശ്‌നങ്ങള്‍ തീര്‍ന്നിട്ടില്ല, കര്‍ദിനാള്‍ വിഷയം കൂടുതല്‍ വഷളാക്കി’; ആലഞ്ചേരിക്കെതിരായ വൈദിക സമിത സെക്രട്ടറിയുടെ കത്ത് പുറത്ത്

എറണാകുളം: അഴിക്കാന്‍ ശ്രമിക്കുന്തോറും കൂടുതല്‍? മുറുകുകയാണ് സീറോ മലബാര്‍ സഭയിലെ എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട വിവാദം. സഭയെയും രൂപതയെയും വിശ്വാസികളെയും പിടിച്ചുലച്ച വിവാദത്തില്‍ സംഭവങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുന്ന നടപടിയാണ് കര്‍ദിനാളിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നാണ് വൈദിക സമിതിയുടെ ആരോപണം.
ഏറ്റവും ഒടുവിലായി വൈദിക സമിതി സെക്രട്ടറി ഫാദര്‍ കുര്യാക്കോസ് മുണ്ടാടന്‍, കര്‍ദിനാളിനെഴുതിയ കത്തിലാണ് സഭയ്ക്കുളളിലെ വിവാദങ്ങള്‍? കൂടുതലായി പുറത്തു വന്നിരിക്കുന്നത്.

വൈദികരെയും വിശ്വാസികളെയും ഒരുപോലെ പിടിച്ചുലച്ച ഭൂമിവിവാദ കേസില്‍ അതിരൂപതയിലെ പ്രശ്‌നങ്ങള്‍ തീര്‍ന്നിട്ടില്ലെന്നും പിതാവിന്റെ പ്രസംഗം വിഷയത്തെ കൂടുതല്‍ വഷളാക്കിയെന്നും വൈദിക സമിതിയുടെ സെക്രട്ടറി കത്തില്‍ ?പറയുന്നു.

”2018 മാര്‍ച്ച് 22, 23 തീയതികളില്‍ അഭിവന്ദ്യ സൂസപാക്യം പിതാവിന്റെയും ക്ലീമിസ് പിതാവിന്റെയും മദ്ധ്യസ്ഥതയില്‍ പേര്‍മെനന്റ് സിനഡ് അംഗങ്ങളുടെ സാന്നിധ്യത്തില്‍ അഭിവന്ദ്യ ആലഞ്ചേരി പിതാവിനോടും ജോഷി പൂതുവയച്ചനോടും മോണ്‍ വടക്കുംപാടച്ചനോടും വൈദികരുടെ പ്രതിനിധികള്‍ ചര്‍ച്ച ചെയ്യപ്പെട്ട പല കാര്യങ്ങളും ഇന്ന് വരെ പ്രാവര്‍ത്തികമായിട്ടില്ല. മാത്രവുമല്ല അഭിവന്ദ്യ ആലഞ്ചേരി പിതാവ് പിന്നീട് ഓശാന ഞായര്‍, ദുഃഖ വെള്ളി, ഈസ്റ്റര്‍ ദിനങ്ങളിലെ അദ്ദേഹത്തിന്റെ പ്രസംഗത്തിലൂടെ കാര്യങ്ങള്‍ കുറച്ചു കൂടി വഷളാക്കുകയും ചെയ്തു”

”ഈ വിഷയത്തിലുള്ള ധാര്‍മിക പ്രശ്‌നത്തിനോ സാമ്പത്തിക ബാധ്യതയ്‌ക്കോ യാതൊരു പരിഹാരവും ഇതുവരെ കണ്ടെത്തിയിട്ടില്ല. സ്വാധീനമുള്ളവരും പണമുള്ളവരും വിജയം തങ്ങളുടെതാക്കാനുള്ള എല്ലാ കുതന്ത്രങ്ങളും ഇതിനിടയില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്” വൈദിക സമിതിക്ക് വേണ്ടി നല്‍കിയ കത്തില്‍ പറയുന്നു.

കര്‍ദിനാളിനെതിരെ ആഞ്ഞടിക്കുന്ന കത്തില്‍ കോട്ടപടിയിലെ സ്ഥലം വില്‍പനയിലൂടെ മാത്രമേ പ്രശ്‌നം തീരുകയുള്ളൂ എന്ന് പറയുന്ന തല്‍പരകക്ഷികള്‍ അതിരൂപതയെ വീണ്ടും സാമ്പത്തികമായി തകര്‍ക്കാന്‍ മാത്രമേ സഹായിക്കുവെന്നും, അതിനു അതിരൂപത വഴങ്ങുമെന്ന് കരുതരുതെന്നും പറയുന്നതിനോടൊപ്പം അബദ്ധങ്ങള്‍ ആവര്‍ത്തിക്കുന്നത് വിവേകശൂന്യതയാണെന്നും ഓര്‍മിപ്പിക്കുന്നുണ്ട്.

കഴിഞ്ഞ ഏതാനും നാളുകളായി എറണാകുളം ജില്ലയിലെ ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട് സഭയ്ക്കകത്തും പുറത്തും നടന്ന സംഭവങ്ങള്‍ വലിയ പ്രശ്‌നങ്ങള്‍ക്കാണ് തിരി കൊളുത്തിയത്. വൈദികരിലെ ഒരു വിഭാഗം സഭാ പിതാവിന്റെ പ്രവര്‍ത്തനങ്ങള്‍ അഗീകരിക്കാനാകില്ലെന്നും സഭയുടെ ഔദ്യോഗിക വിഷയങ്ങളില്‍ നിന്ന് ആര്‍ച്ച് ബിഷപ്പ് മാറി നില്‍ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. വൈദികര്‍ ഒത്തുചേര്‍ന്നു വിഷയം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും സഭയിലെ പ്രതിസന്ധികള്‍ എങ്ങും എത്താതെ പോവുകയായിരുന്നു. ഈ സാഹചര്യത്തിലാണ് അതിരൂപതയിലെ വൈദികരുടെ നിര്‍ദേശപ്രകാരം ഫാദര്‍ കുര്യാക്കോസ് മുണ്ടാടന്‍ കര്‍ദിനാളിനു കത്തെഴുതിയിരിക്കുന്നത്.

ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട വസ്തുതകളെപ്പറ്റി പറയുന്നതിനോടോപ്പംതന്നെ ഇന്ത്യന്‍ കാത്തലിക് ഫോറം എന്ന സംഘടനയെപ്പറ്റിയും അതിന്റെ പ്രസിഡന്റ് എന്ന് വിശേഷിപ്പിക്കുന്ന അഡ്വക്കേറ്റ് മെല്‍വിനെപ്പറ്റിയും കത്തില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ഇന്ത്യന്‍ കത്തോലിക് ഫോറം സഭയുടെ ഔദ്യോഗിക സംഘടനയാണോയെന്നും ഇതിന്റെ പ്രസിഡന്റിനെ ആരാണ് തിരഞ്ഞെടുത്തത് എന്നതുള്‍പ്പെടെ പിതാവിനോ പിതാവിന്റെ രൂപതയ്‌ക്കോ ഈ സംഘടനയുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നു വ്യക്തമാക്കണമെന്നും കത്തില്‍ പറയുന്നു.

”ഈ പ്രശ്‌നത്തിന് വെറുതെ ഒരു പരിഹാരം കണ്ടെത്താനാവില്ല. ധാര്‍മികതയ്ക്കും സത്യത്തിനും നിരക്കുന്ന പരിഹാരമാണ് എല്ലാവരും ആഗ്രഹിക്കുന്നതും ക്ഷമയോടെ കാത്തിരിക്കുന്നതും. അത് എത്രയും വേഗം ഉണ്ടാകട്ടെ എന്നാണു ഞങ്ങളുടെ പ്രാര്‍ഥനകള്‍” എന്ന് പറഞ്ഞുകൊണ്ടാണ് കത്ത് അവസാനിപ്പിക്കുന്നത്.

pathram desk 2:
Leave a Comment