ശ്രീജിത്തിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായവും ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലിയും

കൊച്ചി: വരാപ്പുഴയില്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ശ്രീജിത്തിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും.

ധനസഹായവും സര്‍ക്കാര്‍ ജോലിയും തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് ശ്രീജിത്തിന്റെ ഭാര്യ പറഞ്ഞു.

അതേസമയം, ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ആലുവ മുന്‍ റൂറല്‍ എസ്പി എവി ജോര്‍ജിനെ ചോദ്യം ചെയ്യും. അറസ്റ്റിലായ പറവൂര്‍ സിഐ ക്രിസ്പിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. ഫോണ്‍രേഖകള്‍ പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. കസ്റ്റഡിക്കൊല നടക്കുമ്പോള്‍ എ.വി ജോര്‍ജ് ആലുവ റൂറല്‍ എസ്പിയായിരുന്നു.

അന്യായ തടങ്കല്‍, രേഖകളിലെ തിരിമറി, തെളിവുനശിപ്പിക്കല്‍ എന്നിവയാണ് സിഐ ക്രിസ്പിനെതിരായ കുറ്റങ്ങള്‍. ആലുവ പൊലീസ് ക്ലബിള്‍ വിളിച്ചുവരുത്തി ചോദ്യംചെയ്തശേഷമായിരുന്നു അറസ്റ്റ്. കസ്റ്റഡിമരണം നടന്ന വരാപ്പുഴ സ്റ്റേഷന്‍ ചുമതല ക്രിസ്പിന്‍ സാമിനായിരുന്നു.

സി.ഐ ക്രിസ്പിന്‍ സാമിനെതിരെ കൊലക്കുറ്റം ചുമത്തിയില്ലെന്നാണ് വിവരം. ശ്രീജിത്തിനെ കസ്റ്റഡിയില്‍ മര്‍ദിച്ചവരില്‍ സിഐ ഇല്ല എന്നതാണ് കാരണം. സിഐക്കെതിരെ നിലവിലുള്ളത് ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങള്‍ മാത്രമാണ്. എങ്കിലും പ്രത്യേക അന്വേഷണസംഘം ജാമ്യം നല്‍കില്ല.

pathram desk 1:
Leave a Comment