അനധികൃത ഹോട്ടല്‍ ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥയെ ഹോട്ടലുടമ വെടിവെച്ച് കൊന്നു; കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥന് വെടിയേറ്റു

സോളാന്‍: അനധികൃതമായി നിര്‍മിച്ച ഹോട്ടല്‍ ഒഴിപ്പിക്കാനെത്തിയ അസിസ്റ്റന്റ് ടൗണ്‍ ആന്‍ഡ് കണ്‍ട്രീ പ്ലാനിംഗ് ഉദ്യോഗസ്ഥയെ ഹോട്ടലുടമ വെടിവെച്ചു കൊന്നു. ഹിമാചലിലെ സോളന്‍ ജില്ലയിലാണ് സംഭവം. ഒഴിപ്പിക്കാനെത്തിയ ഒരു ഉദ്യോഗസ്ഥനും വെടിയേറ്റു.

സോളനിലെ അപകടകരമാണെന്ന് കണ്ടെത്തിയ 13 ഓളം ഹോട്ടലുകളും റിസോര്‍ട്ടുകളും പൊളിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് ഷൈല്‍ ബാലയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ സോളനിലെ ധരംപൂരിലുള്ള നാരായണി ഗസ്റ്റ് ഹൗസിലെത്തിയപ്പോളാണ് ഉടമയായ വിജയ്കുമാര്‍ ഇവര്‍ക്കെതിരെ വെടിയുതിര്‍ത്തത്.

ഷൈല്‍ ബാല സ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെടുകയായിരുന്നു. വിജയ് ഓടി രക്ഷപ്പെടുകയും ചെയ്തു. ഇയാളെ കുറിച്ചുള്ള വിവരം നല്‍കുന്നവര്‍ക്ക് പൊലീസ് 1 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്.

ഏപ്രില്‍ 17നാണ് അനധികൃത കെട്ടിടങ്ങള്‍ പൊളിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി ഉത്തരവിട്ടിരുന്നത്. ഇത് പ്രകാരം ഷൈല്‍ ബാലയടക്കം നാല് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘമാണ് സോളനില്‍ കെട്ടിടങ്ങള്‍ പൊളിക്കാനെത്തിയത്.

pathram desk 1:
Leave a Comment