കോളേജ് വിദ്യാര്‍ഥിനികള്‍ക്ക് അശ്ലീല സന്ദേശം അയച്ച മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

കോളേജ് വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറുകയും അശ്ലീല സന്ദേശങ്ങള്‍ അയക്കുകയും ചെയ്ത സംഭവത്തില്‍ 29കാരനായ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്‍ അറസ്റ്റിലായി. ഹോങ്കോംഗ് ആസ്ഥാനമായുള്ള കമ്പനിയില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനായ സുരാജ് ദേ ആണ് അറസ്റ്റിലായത്. തെക്കല്‍ ഡല്‍ഹിയിലെ ഒരു കോളെജിലെ അഞ്ച് വിദ്യാര്‍ഥിനികള്‍ക്കാണ് ഉദ്യോഗസ്ഥന്‍ അശ്ലീല സന്ദേശമയച്ചത്.

അമര്‍ കോളനിയില്‍ താമസക്കാരനായ സുരാജ് പാര്‍ക്കില്‍ വെച്ചാണ് പരാതിക്കാരില്‍ ഒരു പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. തന്റെ സുഹൃത്തിന് താമസസൗകര്യം നോക്കുന്നുണ്ടെന്ന് പറഞ്ഞായിരുന്നു സുരാജ് പെണ്‍കുട്ടിയില്‍ നിന്ന് ഫോണ്‍നമ്പര്‍ വാങ്ങിയത്. എന്നാല്‍ കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ ഇയാള്‍ ഫോണിലൂടെ മോശമായി പെരുമാറാന്‍ തുടങ്ങിയെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. ആ നമ്പര്‍ ബ്ലോക്ക് ചെയ്തപ്പോള്‍ മറ്റൊരു നമ്പറില്‍ നിന്ന് അയാള്‍ വീണ്ടും മെസേജ് ചെയ്യാന്‍ തുടങ്ങി. മോശമായി സംസാരിക്കാനും തുടങ്ങി.

ഏപ്രില്‍ 17നാണ് വിദ്യാര്‍ഥി പൊലീസില്‍ പരാതി നല്‍കിയത്. പരാതി നല്‍കിയതിനെ തുടര്‍ന്ന് സുരാജ് വിദ്യാര്‍ഥിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ് സുരാജിനെ അറസ്റ്റ് ചെയ്തു. ഇയാളെ അറസ്റ്റ് ചെയ്തതോടെയാണ് മറ്റ് നാല് കോളെജ് വിദ്യാര്‍ഥികള്‍ക്ക് കൂടി ഇയാള്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ചതായി കണ്ടെത്തിയത്. പല നമ്പറുകളാണ് ഇയാള്‍ ഉപയോഗിച്ചിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മൂന്ന് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

pathram desk 1:
Related Post
Leave a Comment