ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ പരക്കെ അക്രമം

കൊച്ചി: ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ പരക്കെ അക്രമം. പലയിടത്തും വാഹനങ്ങള്‍ തടയുന്നു. ആലപ്പുഴയില്‍ ബസ് തടഞ്ഞ 11 പേരെ കസ്റ്റഡിയില്‍ എടുത്തു. തിരുവനന്തപുരം തമ്പാനൂരില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തിവെക്കാന്‍ പൊലീസ് നിര്‍ദേശിച്ചു. പാലക്കാട് കെഎസ്ആര്‍ടിസി ബസുകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടയുന്നു. സ്വകാര്യ ബസുകള്‍ ഓടുന്നില്ല.പാലക്കാട് അന്‍പതോളം പേര്‍ പൊലീസ് കസ്റ്റഡിയിലാണ്. കൂടുതല്‍ പൊലീസ് സേന എത്തിയതോടെ മറ്റിടങ്ങളിലേക്കും കെഎസ്ആര്‍ടിസി സര്‍വീസ് ആരംഭിച്ചു. ഇതിനകം 20 സര്‍വീസ് നടത്തി. കൊപ്പത്ത് സമരാനുകൂലികള്‍ ഓട്ടോറിക്ഷ ആക്രമിച്ചു. സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങിയിട്ടില്ല. കെഎസ്ആര്‍ടിസി ബസുകള്‍ക്കുനേരെയും കല്ലേറുണ്ടായി. തിരുവനന്തപുരം മണക്കാട് ബസ് തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ടു. അതിനിടെ, കൊച്ചിയില്‍ വാഹനങ്ങള്‍ തടഞ്ഞുവെന്ന് ആരോപിച്ച് ആദിവാസി ഗോത്രസഭ നേതാവ് ഗീതാനന്ദനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. എന്നാല്‍ തടഞ്ഞില്ലെന്നാണ് ഗീതാനന്ദന്റെ നിലപാട്. ഇദ്ദേഹത്തെ സെന്‍ട്രല്‍ സ്‌റ്റേഷനില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. രാവിലെ സര്‍വീസ് നടത്തിയെങ്കിലും ഇപ്പോള്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഭാഗികമാണ്. തമ്പാനൂരില്‍നിന്നുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ചു. സ്വകാര്യ ബസുകള്‍ ഭൂരിഭാഗവും ഓടിയില്ല. പലയിടത്തും തുറന്ന കടകള്‍ അടപ്പിച്ചു. വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

വലപ്പാടും ശാസ്താംകോട്ടയിലും കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായി. കരുനാഗപ്പള്ളി ഡിപ്പോയിലെ ബസിന്റെ ചില്ല് തകര്‍ത്തു. വാഹനങ്ങള്‍ തടഞ്ഞതിന് വടകരയില്‍ 3 ഹര്‍ത്താല്‍ അനുകൂലികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊച്ചി ബൈപ്പാസില്‍ മാടവനയില്‍ സംഘര്‍ഷമുണ്ടായി. പ്രകടനം നടത്തിയ 18 ദലിത് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. ബസ് തടയാന്‍ ശ്രമിച്ച പ്രവര്‍ത്തകരാണ് അറസ്റ്റില്‍ ആയത്.
ഹര്‍ത്താല്‍ മലപ്പുറം ജില്ലയെ ബാധിച്ചില്ല. ബസുകളും ടാക്‌സികളും ഓട്ടോകളും ഓടുന്നുണ്ട്. കടകളും സ്ഥാപനങ്ങളും തുറുന്നു പ്രവര്‍ത്തിക്കുന്നു. എല്ലാം പതിവു പോലെ പ്രവര്‍ത്തിക്കുന്നു.
പത്തനംതിട്ട ടൗണില്‍ പലയിടത്തും ഹര്‍ത്താല്‍ അനുകൂലികള്‍ തടിച്ചുകൂടി നില്‍ക്കുന്നു. തിരുവല്ലയില്‍ എംസി റോഡിലും വാഹനം തടഞ്ഞു. വിവാഹം എന്നെഴുതി വന്ന വാഹനങ്ങളിലുള്ളവരെ, കല്ല്യാണക്കുറി കാണിച്ചാലേ കടത്തിവിടൂ എന്നു പറഞ്ഞു തടഞ്ഞുവച്ചു. കെഎസ്ആര്‍ടിസിയും ഓടുന്നില്ല.

വയനാട്ടില്‍ ഹര്‍ത്താല്‍ സമാധാനപരമാണ്. പോരാട്ടം ഉള്‍പ്പെടെയുള്ള സംഘടനകളും എം.ഗീതാനന്ദന്‍ നയിക്കന്ന ആദിവാസി ഗോത്ര മഹാസഭയും ഹര്‍ത്താലിനെ പിന്തുണയ്ക്കുന്നുണ്ട്. ‘ പൊലീസ് കാവലില്‍ കെഎസ്ആര്‍ടിസി ബസുകള്‍ ഓടുന്നു. സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നില്ല. പയ്യന്നൂരില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കടകള്‍ അടപ്പിച്ചു. ശ്രീകണ്ഠപുരം, നടുവില്‍ ടൗണുകളില്‍ പ്രകടനമായി എത്തിയ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കടകളും സ്ഥാപനങ്ങളും പൂട്ടിച്ചു.

ദീര്‍ഘദൂര സര്‍വീസുകള്‍ ഉള്‍പ്പെടെ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നു. മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് പ്രത്യേക സര്‍വീസ് നടത്തുന്നുണ്ട്.സ്വകാര്യ ബസുകളും നിരത്തിലിറങ്ങിയിട്ടുണ്ട്. വലപ്പാട് കെഎസ്ആര്‍ടിസി ബസിനു നേരെ കല്ലേറുണ്ടായി. െ്രെഡവര്‍ക്ക് പരിക്കേറ്റു. മുരിയാട് കെഎസ്ആര്‍ടി ബസിനു നേരെ ഹര്‍ത്താല്‍ അനുകൂലികളുടെ കല്ലേറ്. തൃപ്രയാറും ചാവക്കാട്ടും സ്വകാര്യ ബസുകള്‍ തടഞ്ഞു.

കാസര്‍ഗോഡ് ഹര്‍ത്താല്‍ ഭാഗികമാണ്. കാറുകളടക്കം സ്വകാര്യ വാഹനങ്ങള്‍ ഓടുന്നുണ്ട്. കര്‍ണാടക ആര്‍ടിസിയും കെഎസ്ആര്‍ടിസിയും ഓട്ടോറിക്ഷകളും സര്‍വീസ് നടത്തുന്നുണ്ട്. പെരിയ, ഭീമനടി, മഞ്ചേശ്വരം എന്നിവിടങ്ങളിലും ചില ഗ്രാമപ്രദേങ്ങളിലും വാഹനങ്ങള്‍ തടഞ്ഞു. ഹര്‍ത്താല്‍ മലയോരത്ത് പൂര്‍ണ്ണമാണ്. ചിറ്റാരിക്കാല്‍, കടുമേനി, പരപ്പ, ഭീമനടി ടൗണുകളില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണമായിരുന്നു. രാവിലെ തന്നെ ഹര്‍ത്താല്‍ അനുകൂലികള്‍ ടൗണുകളിലെത്തി വാഹനങ്ങള്‍ തടയുകയായിരുന്നു. പല ടൗണുകളിലും തുറന്നിരുന്ന കടകളും അടപ്പിച്ചു. ടൗണുകളില്‍ പൊലീസ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. മലയോരത്ത് സമാധാനപരമായാണു ഹര്‍ത്താല്‍ ആരംഭിച്ചത്.

ഉത്തരേന്ത്യയിലെ ദലിത് പ്രക്ഷോഭങ്ങള്‍ക്കു നേരെ പൊലീസ് നടത്തിയ വെടിവയ്പ്പിലും ആക്രമണങ്ങളിലും പ്രതിഷേധിച്ചാണു ദലിത് ഐക്യവേദി ഹര്‍ത്താലിനു ആഹ്വാനം ചെയ്തത്.

ദലിത് സഘടനകളുടെ സംയുക്ത സമിതി ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താല്‍ രാവിലെ ആറ് മണിക്കാണ് ആരംഭിച്ചത്. വൈകുന്നേരം ആറു വരെയാണു ഹര്‍ത്താല്‍. ഉത്തരേന്ത്യയിലെ ഭാരത് ബന്ദില്‍ പങ്കെടുത്ത ദലിതരെ വെടിവച്ചുകൊന്നതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

ഹര്‍ത്താലിനെ തുടര്‍ന്ന് കണ്ണൂര്‍, കാലിക്കറ്റ് സര്‍വകലാശാലകളുടെ പരീക്ഷകള്‍ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ബിഎസ്പി, ആദിവാസി ഗോത്രമഹാസഭ, ഡിഎച്ച്ആര്‍എം, അഖില കേരള ചേരമര്‍ ഹിന്ദു മഹാസഭ, കേരള ചേരമര്‍ സംഘം, സാംബവര്‍ മഹാസഭ, ചേരമ സംബാവ ഡെവലപ്‌മെന്റ് സൊസൈറ്റി, കെപിഎംഎസ്, വേലന്‍ മഹാസഭ, പെമ്പിളൈ ഒരുമൈ, നാഷണല്‍ ദലിത് ലിബറേഷന്‍ ഫ്രണ്ട്, സോഷ്യല്‍ ലിബറേഷന്‍ ഫ്രണ്ട്, കേരള ദലിത് മഹാസഭ, ദലിത്ആദിവാസി മുന്നേറ്റ സമിതി, ആദിജന മഹാസഭ, ഐഡിഎഫ്, സിപിഐ(എംഎല്‍), റെഡ് സ്റ്റാര്‍ തുടങ്ങിയ സംഘടനകളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

pathram:
Leave a Comment