പിഎസ് സി പരീക്ഷയ്ക്ക് ഗൈഡിലെ ചോദ്യങ്ങള്‍ പകര്‍ത്തിയത് വിവാദമാകുന്നു; പ്രതിഷേധവുമായി ഉദ്യോഗാര്‍ഥികള്‍

സ്വന്തം ലേഖകന്‍
കോഴിക്കോട്: ഹയര്‍സെക്കന്‍ഡറി കെമിസ്ട്രി അദ്ധ്യാപക തസ്തികയിലേക്കുള്ള പി.എസ്.സി പരീക്ഷയ്ക്കു വന്ന ചോദ്യങ്ങളില്‍ ഭൂരിപക്ഷവും ഒരു സ്വകാര്യ ഏജൻസി പ്രസിദ്ധീകരിച്ച ഗൈഡില്‍ നിന്ന് പകര്‍ത്തിയതാണെന്ന് പരാതി. കഴിഞ്ഞ മാസം 26 നു നടന്ന പരീക്ഷയില്‍ നൂറില്‍ 46 ചോദ്യങ്ങളും ഗൈഡില്‍ നിന്നാണെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. എഴുപത് മാര്‍ക്കിന്റെ കെമിസ്ട്രി വിഷയവുമായുള്ള ചോദ്യങ്ങളില്‍ 42 മാര്‍ക്കിന്റെ ചോദ്യങ്ങളും ഇത്തരത്തില്‍ ഗൈഡില്‍ നിന്ന് പകര്‍ത്തിയിരിക്കുകയാണ്. ജനറല്‍ വിഭാഗത്തിലെ 30 മാര്‍ക്കിന്റെ ചോദ്യങ്ങളിലാണെങ്കില്‍ പിഴവുകളും നിരവധിയാണ്.
പരീക്ഷയുടെ research methodology ഭാഗത്തുനിന്നു വന്ന അഞ്ചു ചോദ്യങ്ങളിൽ നാലും ഒരു സ്വകാര്യ ഏജൻസി പ്രസിദ്ധീകരിച്ച ഗൈഡിലെ 15 പ്രാക്ടീസ് ചോദ്യങ്ങളിൽ നിന്ന് യാതൊരു മാറ്റവുമില്ലാതെ പകർത്തുകയാണ് ചെയ്തിരിക്കുന്നത് (ചോദ്യപ്പേപ്പർ code A ചോദ്യം നമ്പർ 76, 77 ,79, 80) അതിൽ ഏറെ ഗൗരവമുള്ള മറ്റൊരു വസ്തുത വിഷയ ഭാഗത്തുനിന്നു വന്ന 70 ചോദ്യങ്ങളിൽ നാൽപതിലധികം ചോദ്യങ്ങളും ഒരു സ്വകാര്യ പരിശീലന സ്ഥാപനം നൽകിയ മെറ്റീരിയലിൽ നിന്ന് പകർത്തിയതാണ് എന്നുള്ളതാണ്. ഇതിൽ 11 ചോദ്യങ്ങൾ യാതൊരു മാറ്റവുമില്ലാതെ യാണ് ചോദ്യപ്പേപ്പറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. (ചോദ്യപ്പേപ്പർ code A ചോദ്യ നമ്പർ 41, 45, 46, 48, 49, 50, 52, 57, 63, 68, 69) തെറ്റായ ചോദ്യങ്ങൾ പോലും ഓപ്ഷനുകൾ മാറ്റാതെയാണ്‌ ചോദ്യകർത്താവ് നൽകിയിരിക്കുന്നത്. സിലബസ്സിൽ നിദ്ദേശിച്ച പ്രകാരം ചോദ്യങ്ങൾ എല്ലാ ഭാഗത്തുനിന്നും വന്നില്ല എന്നതിലുപരി spectroscopy, coordination compounds എന്നീ ഭാഗത്തുനിന്നും വളരെയധികം ചോദ്യങ്ങൾ വരികയും ചെയ്തു.
ക്രമക്കേടിന്റെ വിശദാംശങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും പിഎസ് സി ചെയര്‍മാനും പരാതി നല്‍കിക്കഴിഞ്ഞു. സംഭവത്തില്‍ മുഖ്യമന്ത്രി ഇടപെട്ട് നടപടി എടുക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
അഞ്ചുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ പഠിച്ച് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥികളെ വിഢികളാക്കുകയാണ് പിഎസ് സി ചെയ്തിരിക്കുന്നത്. പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെയും സമീപിക്കാനൊരുങ്ങുകയാണ് ഉദ്യോഗാര്‍ത്ഥികള്‍.

pathram:
Leave a Comment