ഇന്ത്യന്‍ സാമ്പത്തിക രംഗം മോദി കുട്ടിച്ചോറാക്കി; നരേന്ദ്ര മോദിക്കും ബി.ജെ.പിക്കുമെതിരെ ആഞ്ഞടിച്ച് മന്‍മോഹന്‍ സിങ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കുമെതിരെ ആഞ്ഞടിച്ച് മുന്‍ പ്രധാനമന്ത്രിയും ധനകാര്യ വിദഗ്ധനുമായ ഡോ. മന്‍മോഹന്‍ സിങ്. മോദി രാജ്യത്തെ ജനങ്ങളെ വലിയ വാഗ്ദാനങ്ങള്‍ നല്‍കി കബളിപ്പിച്ചെന്ന് അദ്ദേഹം പറഞ്ഞു. 84ാമത് കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ സംസാരിക്കവെയാണ് മന്‍മോഹന്‍ ഇക്കാര്യം തുറന്നടിച്ചത്.

രണ്ട് കോടി തൊഴിലവസരങ്ങള്‍ നല്‍കുമെന്നത് അടക്കം വലിയ വാഗ്ദാനങ്ങളാണ് ഭരണത്തിലേറാനായി മോദി നല്‍കിയത്. എന്നാല്‍ രണ്ട് കോടി പോയിട്ട് രണ്ടു ലക്ഷം തൊഴില്‍ പോലും നല്‍കാന്‍ ബി.ജെ.പി സര്‍ക്കാറിന് സാധിച്ചില്ല. നോട്ട് അസാധുവാക്കല്‍ പോലുള്ള നടപടി ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചു. ഇന്ത്യന്‍ സാമ്പത്തിക രംഗം ബി.ജെ.പി കുട്ടിച്ചോറാക്കിയെന്നും മന്‍മോഹന്‍ സിങ് ആരോപിച്ചു.

സമ്മേളനത്തില്‍ ആനന്ദ് ശര്‍മ്മ രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചു. സ്ഥിരതയുള്ള ഇന്ത്യയുടെ വിദേശ നയത്തെ മോദി സര്‍ക്കാര്‍ അട്ടിമറിച്ചുവെന്നും വിദേശ നയത്തില്‍ മോദി സര്‍ക്കാര്‍ സ്വന്തം അജണ്ട നടപ്പാക്കുന്നുവെന്നും പ്രമേയം കുറ്റപ്പെടുത്തി. ഇന്ന് വൈകുന്നേരം നാല് മണിക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സമ്മേളനത്തെ അഭിസംബോധന ചെയ്യും. അതിന് മുന്‍പ് വിഷന്‍ 2020 എന്ന പേരിലുള്ള പ്രവര്‍ത്തന പദ്ധതിയും പുറത്തിറക്കും.

pathram desk 1:
Leave a Comment