നെഹ്‌റു പ്രതിമയ്ക്കു നേരെയും അക്രമം; കരി പൂശി വികൃതമാക്കി; പിന്നില്‍ ബിജെപിയെന്ന് കോണ്‍ഗ്രസ്

കൊല്‍ക്കത്ത: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പ്രതിമയ്ക്കു നേരെയും അക്രമം. അക്രമികള്‍ പ്രതിമയില്‍ കറുത്ത നിറം പൂശി. ബംഗാളിലെ കത്‌വയില്‍ ശനിയാഴ്ചയാണ് നെഹ്‌റുവിന്റെ പൂര്‍ണകായ പ്രതിമയ്ക്കു നേരെ അക്രമമുണ്ടായത്.
സംഭവത്തിനു പിന്നില്‍ ബിജെപിയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ ആരോപണം ബിജെപി നിഷേധിച്ചു. കത്‌വ നഗരത്തിലെ ടെലിഫോണ്‍ മൈതാനത്തു സ്ഥാപിച്ച പ്രതിമയ്ക്കു നേരെയാണ് അക്രമമുണ്ടായത്. അക്രമികള്‍ക്കെതിരെ അടിയന്തര നടപടിയാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസ് സ്‌റ്റേഷനു മുന്നില്‍ ഉപരോധ സമരം നടത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തി വരികയാണ്.
പ്രതിമ തകര്‍ത്ത സംഭവത്തിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തെത്തി. ബിജെപി പ്രവര്‍ത്തകര്‍ക്കു സംഭവത്തില്‍ പങ്കുണ്ടെന്നും പ്രതിമ നഗരസഭ ചിലവില്‍ വൃത്തിയാക്കുമെന്നും കത്‌വ നഗരസഭ ചെയര്‍മാന്‍ രബീന്ദ്രനാഥ് ചതോപാധ്യായ പ്രതികരിച്ചു.
മാര്‍ച്ച് ഏഴിന് കൊല്‍ക്കത്തയില്‍ ജനസംഘം സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമ ഏഴുപേര്‍ ചേര്‍ന്നു തകര്‍ത്തിരുന്നു. തമിഴ്‌നാട്ടില്‍ പെരിയാറുടെ പ്രതിമ, യുപിയില്‍ അംബേദ്കര്‍ പ്രതിമ, ത്രിപുരയില്‍ ലെനിന്‍ പ്രതിമ എന്നിവയും തകര്‍ക്കപ്പെട്ടിരുന്നു. തൃപുരയില്‍ ബിജെപി അധികാരം പിടിച്ചെടുത്തതിനു പിന്നാലെയായിരുന്നു രാജ്യവ്യാപകമായി പ്രതികള്‍ തകര്‍ക്കുന്നതിലേക്ക് കാര്യങ്ങളെത്തിച്ചത്. തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിഷയത്തില്‍ ഇടപെട്ടിരുന്നു.

pathram:
Leave a Comment