നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന് നല്‍കില്ല, കോടതിയുടെ നീരീക്ഷണങ്ങള്‍ ഇങ്ങനെ

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ ഒഴികെ ദിലീപ് ആവശ്യപ്പെട്ട എല്ലാ രേഖകളും നല്‍കണമെന്ന് സെഷന്‍സ് കോടതി. ദൃശ്യങ്ങള്‍ ഒഴികെയുള്ള എല്ലാ രേഖകളും ഫോറന്‍സിക് പരിശോധന ഫലങ്ങളും നടിയുടെ മെഡിക്കല്‍ പരിശോധനാ ഫലവും മറ്റ് എല്ലാ തെളിവുകളും ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് കൈമാറണമെന്ന് എറണാകുളം സെഷന്‍സ് കോടതി പ്രോസിക്യുഷന് നിര്‍ദേശം നല്‍കി. എന്നാല്‍ ഇത് നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ രേഖകളും തെളിവുകളും കൈമാറാതെ വിചാരണ നടക്കാനാവില്ലെന്നാണ് കോടതി പറഞ്ഞത്.

ദൃശ്യങ്ങള്‍ നല്‍കണമോ എന്നത് ഹൈക്കോടതി തീരുമാനിക്കട്ടെ എന്നും സെഷന്‍സ് കോടതി വ്യക്തമാക്കി. 28നകം എല്ലാ രേഖകളും കൈമാറണം. 28ന് കേസില്‍ വീണ്ടും വിചാരണ നടപടികള്‍ തുടരുമെന്നും കോടതി അറിയിച്ചു. ഏപ്രില്‍ പകുതിയോടെ മധ്യവേനല്‍ അവധിക്കു കോടതി പിരിയും. ഇതിനു ശേഷം വിചാരണ തുടരാനാണ് സാധ്യത. നടിക്കു വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയോഗിച്ചിരിക്കുന്ന സാഹചര്യത്തില്‍ പ്രത്യേക അഭിഭാഷകന്‍ ഹാജരാകുന്നതില്‍ കോടതി സംശയം പ്രകടിപ്പിച്ചു. സ്വന്തമായി അഭിഭാഷകനെ നിയോഗിക്കാന്‍ ഇത്തരം കേസുകളില്‍ ഇരയാകുന്ന സ്ത്രീകള്‍ക്ക് അവകാശമുണ്ടെന്ന് നടിയുടെ അഭിഭാഷകന്‍ മറുപടി നല്‍കി.

കേസില്‍ ദിലീപ് അടക്കം 12 പ്രതികളാണുള്ളത്. പള്‍സര്‍ സുനി അടക്കം ജയിലില്‍ ഉണ്ടായിരുന്ന ആറ് പ്രതികളെയും പോലീസ് കോടതിയില്‍ ഹാജരാക്കി. ജാമ്യത്തില്‍ കഴിയുന്നവരും ഇന്ന് കോടതിയില്‍ എത്തിയിട്ടുണ്ട്. രാവിലെ പത്തു മണിയോടെയാണ് ദിലീപ് കോടതിയില്‍ എത്തിയത്.

pathram desk 2:
Related Post
Leave a Comment