തെളിവില്ല; കെ.എം. മാണിയ്ക്ക് വീണ്ടും വിജിലന്‍സിന്റെ ‘ക്ലീന്‍ ചിറ്റ്’

തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ കെ.എം മാണിയെ കുറ്റവിമുക്തനാക്കി വീണ്ടും വിജിലന്‍സ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. മാണിക്കെതിരെ തെളിവൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇത് മൂന്നാം തവണയാണ് മാണിയെ കുറ്റവിമുക്തനാക്കി കൊണ്ട് വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ വിജിലന്‍സ് എസ്.പി. കെ.ജി.ബൈജുവാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. മാണിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് 45 ദിവസത്തിനകം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. അടുത്തയാഴ്ച കോടതി കേസ് പരിഗണിക്കുമ്പോള്‍ വിമര്‍ശനം നേരിടുമെന്നതിനാലാണ് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്.

നേരത്തെ രണ്ടു തവണയും സമാനമായ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ നല്‍കിയിരുന്നു. ശങ്കര്‍ റെഡ്ഡിയും വിന്‍സന്‍ എം പോളും വിജിലന്‍സ് ഡയറക്ടര്‍മാര്‍ ആയിരുന്ന സമയത്താണ് നേരത്തെ രണ്ടു തവണ അന്വേഷണ സംഘം മാണിക്കെതിരെ തെളിവില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയത്.

കെ.എം. മാണി പ്രതിയായ ബാര്‍ കോഴക്കേസില്‍ സാഹചര്യത്തെളിവുകളോ ശാസ്ത്രീയത്തെളിവുകളോ കണ്ടത്താനായിട്ടില്ലെന്ന് ജനുവരിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വിജിലന്‍സ് വ്യക്തമാക്കിയിരുന്നു. മാണി കോഴ വാങ്ങിയതിനും തെളിവില്ല. കേസിലെ പരാതിക്കാരനായ ബിജു രമേശ് തെളിവായി ഹാജരാക്കിയ സിഡിയില്‍ കൃത്രിമമുണ്ടെന്നു ഫൊറന്‍സിക് പരിശോധനയില്‍ തെളിഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

പൂട്ടിയ ബാറുകള്‍ തുറക്കാന്‍ മന്ത്രിയായിരിക്കെ കെ.എം. മാണിക്ക് ഒരുകോടി രൂപ കോഴ നല്‍കിയെന്ന ബിജു രമേശിന്റെ ആരോപണത്തിലാണു 2014 ഡിസംബറില്‍ മാണിയെ പ്രതിയാക്കി വിജിലന്‍സ് കേസെടുത്തത്. മാണിക്കെതിരെ സഹചര്യത്തെളിവുണ്ടെന്ന് അന്നത്തെ എസ്പി: ആര്‍.സുകേശന്‍ നിലപാടെടുത്തു. എന്നാല്‍ കേസ് വേണ്ടെന്ന്, നിയമോപദേശം നല്‍കിയ എഡിജിപി: ഷെയ്ക്ക് ദര്‍ബേശ് സാഹിബും നിലപാടെടുത്തു. തെളിവില്ലെന്നു ചൂണ്ടിക്കാട്ടി 2015 ജൂലൈയില്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

എന്നാല്‍ തുടരന്വേഷണമാവശ്യപ്പെട്ടു വി.എസ്. അച്യുതാനന്ദന്‍ അടക്കം 11 പേര്‍ കോടതിയിലെത്തി. ഇതോടെ തുടരന്വേഷണത്തിനു കോടതി നിര്‍ദേശിച്ചു. കേസില്‍ തെളിവില്ലെന്നു ചൂണ്ടിക്കാട്ടി ഈ സര്‍ക്കാര്‍ എത്തിയശേഷം വീണ്ടും റിപ്പോര്‍ട്ട് നല്‍കി.

pathram desk 1:
Related Post
Leave a Comment