തോല്‍പ്പിക്കാനാവില്ല; വിമര്‍ശനങ്ങളിലും തളരാതെ ടി.വി അനുപമ

തന്നെ തോല്‍പ്പിക്കാന്‍ സാധിക്കില്ല, ഫിനിക്സ് പക്ഷിയെപ്പോലെ ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന് ആലപ്പുഴ ജില്ലാ കളക്ടര്‍ ടി വി അനുപമ. തോമസ് ചാണ്ടിയുടെ കൈയ്യേറ്റ വിഷയത്തില്‍ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം ഏറ്റുവാങ്ങിയ ശേഷമാണ് അനുപമ നിഖിത ഖില്ലിന്റെ പ്രശസ്തമായ വരികള്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ചത്.

‘അവര്‍ നിങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കും. നിങ്ങളെ ദഹിപ്പിക്കാനും പരിഹാസിക്കാനും പരിക്കേല്‍ക്കാനും ശ്രമിക്കും. നിങ്ങളെ അവര്‍ ഉപേക്ഷിക്കുകയും ചെയ്യും. പക്ഷേ അവര്‍ക്ക് ഒരിക്കിലും നിങ്ങളെ തോല്‍പ്പിക്കാന്‍ സാധിക്കില്ല. ചാരത്തില്‍ പണിത റോമിനെ പോലെ ഫിനിക്സ് പക്ഷിയെപ്പോലെ നിങ്ങള്‍ ഉയര്‍ത്തെഴുന്നേല്‍ക്കുമെന്നാണ്’ നിഖിത ഖില്ലിന്റെ വരികള്‍.

ആലപ്പുഴയിലെ ലേക് പാലസ് റിസോര്‍ട്ട് കയ്യേറ്റം നടത്തിയെന്ന കേസില്‍ ഹൈക്കോടതിയുടെ വിമര്‍ശനം ഏറ്റുവാങ്ങിയതിനു പിന്നാലെയാണ് ടി വി അനുപമയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ജില്ലാ കലക്ടര്‍ നല്‍കിയ രണ്ടു നോട്ടീസുകള്‍ സര്‍വേ നമ്പര്‍ തെറ്റായി രേഖപ്പെടുത്തിയതാണ് കോടതി വിമര്‍ശിച്ചത്. പക്ഷേ രണ്ടാമത്തെ നോട്ടീസില്‍ തെറ്റു പറ്റിയില്ല. ഈ വിവരം കോടതിയെ അറിയിക്കുമെന്ന് അനുപമ പിന്നീട് വ്യക്തമാക്കിയിരുന്നു.

മുന്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ആലപ്പുഴയിലെ ലേക് പാലസ് റിസോര്‍ട്ട് കയ്യേറ്റം നടത്തിയതുമായി ബന്ധപ്പെട്ട് നല്‍കിയ നോട്ടീസിലാണ് സര്‍വേ നമ്പര്‍ തെറ്റായി രേഖപ്പെടുത്തിയെന്നു ഹൈക്കോടതി കണ്ടെത്തിയത്.

ജില്ലാ കലക്ടര്‍ക്ക് ചില ഉത്തരവാദിത്തങ്ങള്‍ ഉണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ വീഴ്ച സംഭവിക്കുന്നതെന്ന് കോടതി ചോദിച്ചിരുന്നു.

pathram desk 1:
Leave a Comment