ഷുബൈബ് വധത്തിന് അക്രമികള്‍ ഉപയോഗിച്ച മൂന്ന് വാളുകള്‍ കണ്ടെടുത്തു; ആയുധങ്ങള്‍ കണ്ടെത്തിയത് കൊലപാതകം നടന്ന സ്ഥലത്തിന് രണ്ടു കിലോമീറ്റര്‍ അകലെ നിന്ന്

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മട്ടന്നൂര്‍ ഷുഹൈബിന്റെ കൊലപാതകത്തിന് അക്രമി സംഘം ഉപയോഗിച്ചെന്നു കരുതുന്ന മൂന്ന് വാളുകള്‍ പൊലീസ് കണ്ടെടുത്തു. കൊല്ലപ്പെട്ട സ്ഥലത്തുനിന്നും രണ്ട് കിലോമീറ്റര്‍ അകലെ വെള്ളിയാംപറമ്പില്‍ കാട് വെട്ടിതെളിക്കുന്ന തൊഴിലാളികളാണ് വാളുകള്‍ കണ്ടത്.

കേസില്‍ ആയുധം കണ്ടെടുക്കാത്തതിനെ കോടതി വിമര്‍ശിച്ചിരുന്നു. ഷുഹൈബ് വധം സിബിഐയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് സുധാകരന്‍ നടത്തിവന്ന നിരാഹാര സമരം കഴിഞ്ഞ ദിവസമാണ് അവസാനിപ്പിച്ചത്.

എന്നാല്‍ സിബിഐ അന്വേഷണമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് സമരം അവസാനിപ്പിക്കാന്‍ യുഡിഎഫ് നേതൃത്വം സുധാകരനോട് ആവശ്യപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് തുടര്‍സമരങ്ങള്‍ യുഡിഎഫ് ഏറ്റെടുക്കുകയും ചെയ്തിരുന്നു.

ഒമ്പത് ദിവസം നീണ്ടു നിന്ന സമരം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമരപ്പന്തലിലെത്തി നാരങ്ങാ നീര് നല്‍കിയാണ് അവസാനിപ്പിച്ചത്. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊല്ലപ്പെട്ട ഷുഹൈബിന്റെ കുടുംബാഗങ്ങളും സമരപ്പന്തലില്‍ എത്തിയിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ തെന്നല ബാലകൃഷ്ണപ്പിള്ള, വയലാര്‍ രവി എന്നിവരും പരിപാടിക്കെത്തി. ഇതിനിടെ കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഷുഹൈബിന്റെ പിതാവ് മുഹമ്മദ് നല്‍കിയ ഹര്‍ജിയില്‍ അടുത്തയാഴ്ച സിബിഐ വിശദികരണം നല്‍കും.

pathram desk 1:
Leave a Comment