ശ്രീദേവിയുടെ മൃതദേഹവുമായി വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടു, സംസ്‌കാരം നാളെ വൈകിട്ട് മൂന്നരയ്ക്ക് മുംബൈയില്‍

ദുബൈ: അന്തരിച്ച നടി ശ്രീദേവിയുടെ മൃതദേഹവുമായുള്ള വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടു. അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള പ്രത്യേക വിമാനത്തിലാണ് മൃതദേഹം മുംബൈയില്‍ എത്തിക്കുന്നത്. മൃതദേഹം കൈമാറിയത് മലയാളിയായ സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരിക്കാണ്. മൃതദേഹം ദുബൈയില്‍ പൊതുദര്‍ശനത്തിന് വെച്ചില്ല.

സംസ്‌കാരം നാളെ വൈകിട്ട് മൂന്നരയ്ക്ക് നടക്കും. വിലെപേരല്‍ സേവ സമാജ് ശ്മശാനത്തിലാണ് സംസ്‌കാരം. രാവിലെ 9.30 മുതല്‍ 12.30 വരെ അന്ധേരിയിലെ വസതിക്കു സമീപമുള്ള സെലിബ്രേഷന്‍സ് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. ഇതിനായുള്ള ഒരുക്കങ്ങള്‍ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ തുടങ്ങി. ശ്രീദേവിയുടേത് അബന്ധത്തിലുള്ള മുങ്ങിമരണമാണെന്നാണ് ദുബൈ പൊലീസിന്റെ അന്തിമ റിപ്പോര്‍ട്ട്.

ലോഖണ്ഡ്വാല ഹൗസിങ് കോംപ്ലക്‌സിലെ ശ്രീദേവിയുടെ വീടിനു മുന്നിലേക്ക് ആരാധകരുടെ പ്രവാഹമാണ്. ചലച്ചിത്ര ടിവി താരങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരും സമൂഹത്തിലെ മറ്റു മേഖലകളില്‍നിന്നുള്ളവരും എത്തുന്നുണ്ട്. ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറിന്റെ അനുജന്‍ അനില്‍ കപൂറിന്റെ വസതിയിലേക്കാണു പ്രമുഖരെല്ലാം എത്തുന്നത്. ശ്രീദേവിയുടെ മക്കളായ ജാന്‍വിയും ഖുഷിയും ഇവിടെയാണ്. ഇവരെ ആദരാഞ്ജലികള്‍ അറിയിക്കുന്നതിനും ആശ്വസിപ്പിക്കുന്നതിനുമാണു പ്രമുഖരുടെ വരവ്. തിങ്കളാഴ്ച രാത്രി അമിതാഭ് ബച്ചനും രജനീകാന്തും വീട്ടിലെത്തി അനുശോചനം അറിയിച്ചു.

pathram desk 2:
Leave a Comment