ഷുഹൈബ് വധം പാര്‍ട്ടി അന്വേഷിക്കാന്‍ ഇത് ചൈനയല്ല..! ജനാധിപത്യ രാജ്യമാണ്

കണ്ണൂര്‍: കണ്ണൂരിലെ കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ വധവുമായി ബന്ധപ്പെട്ട കോണ്‍ഗ്രസിന്റെ പ്രതിഷേധം ശക്തമാവുകയാണ്. ഷുഹൈബ് വധക്കേസ് പാര്‍ട്ടി അന്വേഷിക്കാന്‍ ഇത് ചൈനയല്ല, ജനാധിപത്യ രാജ്യമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേസില്‍ സിപിഐഎം ജില്ലാ കമ്മിറ്റിക്കു വീഴ്ചയുണ്ടായെങ്കില്‍ തുറന്നുപറയാനുള്ള ആര്‍ജവം മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും കാണിക്കണമെന്നും ചെന്നിത്തല പറഞ്ഞു. കണ്ണൂരില്‍ ഷുഹൈബ് കുടുംബ സഹായ ഫണ്ട് പിരിവിനിടെയാണു ചെന്നിത്തലയുടെ വിമര്‍ശനം. ജില്ലയില്‍ 110 കേന്ദ്രങ്ങളില്‍ പണപ്പിരിവിനു തുടക്കമിട്ടു.
കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കുടുംബത്തെ സഹായിക്കാനുള്ള ഫണ്ട് പിരിവിനായി കേരളത്തിലെ കോണ്‍ഗ്രസിന്റെ ഒട്ടുമിക്ക നേതാക്കളും എംഎല്‍എമാരും എംപിമാരും കണ്ണൂരിലുണ്ട്. യുഡിഎഫിലെ ഘടകകക്ഷികളുടെ സംസ്ഥാന നേതാക്കളും എത്തുന്നുണ്ട്. കെപിസിസി പ്രസിഡന്റ് എം.എം.ഹസന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.ശങ്കരനാരായണന്‍, വി.എം.സുധീരന്‍, എംപിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, എം.ഐ.ഷാനവാസ്, എം.കെ.രാഘവന്‍, കൊടിക്കുന്നില്‍ സുരേഷ്, എംഎല്‍എമാരായ കെ.സി.ജോസഫ്, കെ.മുരളീധരന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, സണ്ണി ജോസഫ്, അടൂര്‍ പ്രകാശ്, കെ.എസ്.ശബരീനാഥ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ജില്ലയിലെ 110 കേന്ദ്രങ്ങളില്‍ നിധി സമാഹരണം പുരോഗമിക്കുന്നു.
അതേസമയം ഷുഹൈബ് വധക്കേസിലെ യഥാര്‍ഥ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്റെ അനിശ്ചിതകാല നിരാഹാര സമരം കലക്ടറേറ്റു പടിക്കല്‍ നാലാം ദിവസത്തിലേക്കു കടന്നു. സുധാകരന്റെ ആരോഗ്യനില തൃപ്തികരമാണെന്നു മെഡിക്കല്‍ സംഘം പരിശോധിച്ചു വിലയിരുത്തി. പാര്‍ട്ടി ഏര്‍പ്പാടാക്കിയ സ്വകാര്യ ഡോക്ടര്‍മാരുടെ സംഘമാണു പരിശോധിച്ചത്. ജില്ലാ ആശുപത്രിയില്‍നിന്ന് എത്തിയ മെഡിക്കല്‍ സംഘത്തെ സുധാകരന്‍ തിരിച്ചയച്ചിരുന്നു.
നിരാഹാരത്തിന്റെ ആദ്യത്തെ രണ്ടു ദിവസവും പരിശോധനയ്ക്കു ഡോക്ടറെ അയക്കാതിരുന്ന സര്‍ക്കാരില്‍നിന്ന് ഇനി സൗജന്യസേവനം വേണ്ടെന്നാണു സുധാകരന്റെ നിലപാട്. സമരപ്പന്തലും പരിസരവും രാവുംപകലും ജനസാഗരമാണ്. കണ്ണൂരില്‍ കോണ്‍ഗ്രസ് അടുത്തെങ്ങും കാണാത്തത്ര ആവേശത്തിലാണ്. സമരത്തിന്റെ ഭാവിയും തുടര്‍നടപടികളും തീരുമാനിക്കാന്‍ യുഡിഎഫ് സംസ്ഥാന നേതൃയോഗം ഇന്നു മൂന്നിനു സമരപ്പന്തലില്‍ ചേരും.
സിബിഐ അന്വേഷണത്തിനു സര്‍ക്കാര്‍ തയാറാണെന്നു മന്ത്രി എ.കെ.ബാലന്‍ അറിയിച്ച സാഹചര്യത്തില്‍ സുധാകരന്റെ നിരാഹാര സമരം അവസാനിപ്പിക്കണമെന്നാണു മിക്ക നേതാക്കളുടെയും നിലപാട്. കെപിസിസി നേതൃത്വവും യുഡിഎഫ് സംസ്ഥാന യോഗവും ചര്‍ച്ച ചെയ്തു തീരുമാനമെടുക്കും.

pathram:
Leave a Comment