അഡാര്‍ ലവ് എന്ന ചിത്രത്തിനെതിരേ ഇനി ഒരിടത്തും കേസെടുക്കരുതെന്ന് സുപ്രീം കോടതി

ഡല്‍ഹി: അഡാര്‍ ലവ് എന്ന ചിത്രത്തിനെതിരേ ഇനി ഒരിടത്തും കേസെടുക്കരുതെന്ന് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. എഫ്ഐആറിലെ തുടര്‍നടപടികളും സുപ്രീം കോടതി സ്റ്റേ ചെയ്തു. കേസില്‍ പിന്നീട് കോടതി വാദം കേള്‍ക്കും. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാര്‍ ലവ് സിനിമയിലെ ഗാനത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതിനെ ചോദ്യം ചെയ്ത് നടി പ്രിയ വാര്യര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
മാണിക്യമലരായ പൂവി എന്ന മാപ്പിളപ്പാട്ട് മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് വിവിധ സംസ്ഥാനങ്ങളില്‍ നടിക്കും സംവിധായകനുമെതിരേ കേസുകള്‍ നിലവിലുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള തുടര്‍ നടപടികള്‍ക്കാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. പാട്ടുമായിബന്ധപ്പെട്ടുള്ള തുടര്‍ നടപടികള്‍ ഇതോടെ സാധ്യമല്ലാതായി.
സംവിധായകന്‍ ഒമര്‍ ലുലുവും കേസ് എടുത്തതിനെതിരെ ഹര്‍ജി നല്‍കിയിട്ടുണ്ട്. കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഹൈദരാബാദിലെ റാസ അക്കാദമിയും, മഹാരാഷ്ട്രയിലെ ജാഗരണ്‍ സമിതിയും നല്‍കിയ പരാതിയിലാണ് കേസ് എടുത്തിട്ടുള്ളത്.
ഗാനം ഇസ്ലാമിനെ അധിക്ഷേപിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു പരാതി. ഗാനം ഇംഗ്ലീഷിലേക്ക് തര്‍ജമ ചെയ്യുമ്പോള്‍ അര്‍ത്ഥവ്യത്യാസം ഉണ്ടാകുന്നുവെന്നും പരാതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും കേരളത്തില്‍ കാലങ്ങളായി പ്രചാരത്തിലുള്ള മാപ്പിളപ്പാട്ടാണ് ഇതെന്നും സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു.
ഗാനത്തെക്കുറിച്ചും ഗാനരംഗത്തെക്കുറിച്ചും വിവാദങ്ങള്‍ കത്തിപ്പടര്‍ന്നതോടെ സിനിമയില്‍ നിന്നും ഗാനം പിന്‍വലിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഗാനത്തിന് ലഭിച്ച പിന്തുണകാരണം തീരുമാനം ഉപേക്ഷിക്കുകയായിരുന്നു.

pathram:
Leave a Comment