പാക് സൈന്യത്തിന്റെ ഒരു വെടിയുണ്ട ഇന്ത്യന്‍ അതിര്‍ത്തി കടന്നെത്തിയാള്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് രാജ്‌നാഥ് സിംഗ്

അഗര്‍ത്തല: പാകിസ്താനുമായി നല്ല ബന്ധം പുലര്‍ത്താനാണ് ആഗ്രഹിക്കുന്നതെന്നും എന്നാല്‍ പാക് സൈന്യത്തിന്റെ ഒരു വെടിയുണ്ട അതിര്‍ത്തി കടന്നെത്തിയാള്‍ ശക്തമായ തിരിച്ചടി നല്‍കാനാണ് ഇന്ത്യന്‍ സൈന്യത്തോട് നിര്‍ദ്ദേശിച്ചിട്ടുള്ളതെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. അഗര്‍ത്തലയില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അയല്‍ രാജ്യങ്ങളുമായി സമാധാനം പുലര്‍ത്താനും സൗഹൃദം നിലനിര്‍ത്താനുമാണ് ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യ ഒരിക്കലും പാകിസ്താനെ ആക്രമിക്കാന്‍ മുതിരുകയില്ല. എന്നാല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇന്ത്യന്‍ സൈന്യത്തിനുനേരെ വെടിവെപ്പ് നടത്തുകയാണ് പാക് സൈന്യമെന്നും അദ്ദേഹം പറഞ്ഞു.

ത്രിപുരയിലെ 25 വര്‍ഷത്തെ ഇടത് ഭരണം സംസ്ഥാനത്തിന്റെ വികസനം തടസപ്പെടുത്തിയെന്ന് രാജ്നാഥ് ആരോപിച്ചു. സംസ്ഥാനത്തിന്റെ സാമ്പത്തികനില മെച്ചപ്പെടുത്തുകയും ദാരിദ്ര്യവും തൊഴിലില്ലായ്മയും തുടച്ചുനീക്കുകയും ചെയ്യേണ്ടതുണ്ട്. പശ്ചിംമംഗാളിലെ 35 വര്‍ഷം നീണ്ട ഇടതുഭരണം ആ സംസ്ഥാനത്തെ തകര്‍ത്തുവെന്നും രാജ്നാഥ് ആരോപിച്ചു.

രാജ്യത്തും ത്രിപുര അടക്കമുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും വികസനം കൊണ്ടുവരാന്‍ ബിജെപിക്ക് മാത്രമെ കഴിയൂ. ഇടതുപാര്‍ട്ടികള്‍ക്ക് പലതവണ അവസരം നല്‍കിയ ത്രിപുരയിലെ ജനങ്ങള്‍ ബിജെപിക്ക് ഒരവസരം നല്‍കാന്‍ തയ്യാറാകണം. സംസ്ഥാനത്തെ എല്ലാ മേഖലകളിലും ബിജെപി വികസനം കൊണ്ടുവരികയും ത്രിപുരയെ രാജ്യത്തെ നമ്പര്‍ വണ്‍ സംസ്ഥാനമാക്കി മാറ്റുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

pathram desk 1:
Leave a Comment