വിവാഹ രജിസ്‌ട്രേഷന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയും നടത്താം..!! വേറിട്ട നിരീക്ഷണവുമായി ഹൈക്കോടതി

വിദേശത്തുള്ള ദമ്പതിമാരുടെ വിവാഹരജിസ്‌ട്രേഷന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിക്കൊടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. അമേരിക്കയിലുള്ള കൊല്ലം സ്വദേശി പ്രദീപിന്റെയും ആലപ്പുഴ സ്വദേശിനി ബെറൈലിയുടെയും വിവാഹം വീഡിയോ കോണ്‍ഫറന്‍സിങ് വഴി നടത്തണമെന്ന ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ വേറിട്ട നിരീക്ഷണം. വിവാഹരജിസ്‌ട്രേഷനുള്ള അപേക്ഷ ദമ്പതിമാരുടെ അറിവോടെയാണെന്ന് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഉറപ്പാക്കി രജിസ്‌ട്രേഷന്‍ നടത്തിക്കൊടുക്കാനാണ് കോടതിയുടെ നിര്‍ദേശം.

2000 ജനുവരിയിലാണ് ഇവര്‍ വിവാഹിതരായത്. ഐ.എസ്.ആര്‍.ഒയില്‍ ജോലിചെയ്ത പ്രദീപ് പിന്നീട് അയര്‍ലന്‍ഡില്‍ ജോലിക്ക് ചേര്‍ന്നു. കുടുംബത്തെയും കൊണ്ടുപോയി. പ്രദീപ് ജോലിചെയ്ത സ്ഥാപനം 2006-ല്‍ അമേരിക്കയിലേക്ക് പ്രവര്‍ത്തനം മാറ്റി. അമേരിക്കയില്‍ പ്രദീപിന് സ്ഥിരം താമസക്കാരനെന്ന പദവി ലഭിച്ചെങ്കിലും ഭാര്യയ്ക്കും മക്കള്‍ക്കും കിട്ടിയില്ല. ആവര്‍ക്ക് ആ പദവിക്ക് അപേക്ഷിക്കാന്‍ നാട്ടിലെ വിവാഹസര്‍ട്ടിഫിക്കറ്റ് വേണം. ബന്ധുക്കള്‍ വഴി കൊല്ലത്തെ വിവാഹരജിസ്ട്രാര്‍ക്ക് അപേക്ഷ നല്‍കി.

17 കൊല്ലംമുന്‍പ് നടന്ന വിവാഹം സ്ഥിരീകരിച്ച രജിസ്ട്രാര്‍ ദമ്പതിമാരോട് ഹാജരാകാന്‍ പറഞ്ഞു. അമേരിക്കയില്‍ വിസ വ്യവസ്ഥകളില്‍ വലിയ മാറ്റംവന്ന സമയമായതിനാല്‍ നാട്ടില്‍ വന്നാല്‍ തിരികെച്ചെല്ലാന്‍ വിഷമം നേരിട്ടേക്കുമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആശങ്ക. അതിനാല്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി വിവാഹരജിസ്‌ട്രേഷന്‍ നടത്തിനല്‍കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു.

നിയമം സാമൂഹിക സാഹചര്യങ്ങള്‍ക്കും മൂല്യങ്ങള്‍ക്കുമൊപ്പം മുന്നോട്ടുനീങ്ങണമെന്നും നിന്നിടത്തുതന്നെ നില്‍ക്കരുതെന്നും കോടതി വിലയിരുത്തി. സമൂഹത്തിലെ മാറ്റങ്ങളോട് പ്രതികരിക്കുന്നതില്‍ നിയമം പരാജയപ്പെട്ടാല്‍ സാമൂഹികപുരോഗതിക്ക് തടസ്സമാകും. സാമൂഹികമാറ്റം ശക്തമാണെങ്കില്‍ പുരോഗതിക്ക് തടസ്സമാകുന്ന നിയമത്തെ തട്ടിയെറിയുമെന്നും കോടതി ഓര്‍മിപ്പിച്ചു. ഇരുവരുടെയും അറിവോടെയാണ് രജിസ്‌ട്രേഷന്‍ എന്ന് ഉറപ്പാക്കാനാണ് നേരിട്ടെത്താന്‍ നിര്‍ദേശിക്കുന്നത്.

അക്കാര്യം വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയും ഉറപ്പാക്കാനാവുമെന്നും കോടതി പറഞ്ഞു. ക്രിമിനല്‍ വിചാരണ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നടപ്പാക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്നിരിക്കേ വിവാഹരജിസ്‌ട്രേഷനെക്കുറിച്ച് ഇരുവര്‍ക്കും ബോധ്യമായോ എന്ന് വീഡിയോ കോണ്‍ഫറന്‍സിങ് വഴി പ്രാദേശിക രജിസ്ട്രാര്‍ക്ക് ഉറപ്പാക്കാമെന്നതില്‍ സംശയമില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

pathram desk 1:
Leave a Comment