ശ്രീജിവിന്റ കസ്റ്റഡിമരണം മറയ്ക്കാന്‍ പൊലീസ് കളളത്തെളിവുണ്ടാക്കി, വെളിപ്പെടുത്തലുമായി ജസ്റ്റിസ് നാരായണക്കുറിപ്പ്

തിരുവനന്തപുരം: ശ്രീജിത്തിന്റെ അനുജന്‍ ശ്രീജിവിന്റേത് കസ്റ്റഡി മരണം തന്നെയെന്ന് മുന്‍ പൊലീസ് കംപ്ലയിന്റ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് നാരായണക്കുറിപ്പ്. കസ്റ്റഡിമരണം മറയ്ക്കാന്‍ പൊലീസ് കളളത്തെളിവുണ്ടാക്കി. തന്റെ ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവില്‍ വ്യക്തതയില്ല. ഇതുമാറ്റാന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ലെന്നും നാരായണക്കുറിപ്പ് വ്യക്തമാക്കി.

ശ്രീജിത്തിന്റെ സമരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടതിന് ശേഷമാണ് നാരായണക്കുറിപ്പ് പ്രതികരിച്ചതെന്നും ശ്രദ്ധേയമാണ്.ശ്രീജിവിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന് കത്തുനല്‍കാന്‍ തീരുമാനിച്ചിരുന്നു. ഇതിന് പുറമെ സംഭവത്തിന് ഉത്തരവാദികളായ പൊലീസുകാര്‍ ശിക്ഷാ നടപടികള്‍ക്കെതിരെ ഹൈക്കോടതിയില്‍ നിന്ന് വാങ്ങിയ സ്റ്റേ നീക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ അഡ്വക്കേറ്റ് ജനറലിന് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു

സിബിഐ അന്വേഷണമോ പൊലീസുകാര്‍ക്കെതിരായ നടപടിയോ ആവശ്യപ്പെട്ട് ശ്രീജിത്ത് ഹൈക്കോടതിയെ സമീപിച്ചാല്‍ നിയമസഹായം ഉള്‍പ്പെടെ നല്‍കാനും തയ്യാറാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.ശ്രീജിത്തിന്റെ ആവശ്യം നേരത്തെ സി.ബി.ഐ തള്ളിയിരുന്നു. കേസ് സിബിഐക്ക് വിടാന്‍ കഴിഞ്ഞ ജൂണില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍ കേസ് ഏറ്റെടുക്കാനാവില്ലെന്ന് സിബിഐ സംസ്ഥാന സര്‍ക്കാരിനെ രേഖാമൂലം അറിയിക്കുകയായിരുന്നു.

pathram desk 2:
Related Post
Leave a Comment