എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെതിരെ വേറിട്ട പ്രതിഷേധവുമായി വാര്‍ത്താ അവതാരക; വാര്‍ത്ത വായിക്കാനെത്തിയത് സ്വന്തം മകളെ മടിയിലിരുത്തി!!

ഇസ്ലാമാബാദ്: കിഴക്കന്‍ പാകിസ്താനിലെ കസൂരില്‍ എട്ടുവയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെതിരെ വേറിട്ട പ്രതിഷേധവുമായി പാക് ചാനല്‍ അവതാരക. സ്വന്തം മകളെ മടിയില്‍ ഇരുത്തിയാണ് പ്രതിഷേധവുമായി പാക് വാര്‍ത്താ ചാനലായ സമാ ടിവിയിലെ വാര്‍ത്ത അവതാരക കിരണ്‍ നാസ് എന്ന തത്സമയ വാര്‍ത്ത അവതരണത്തിനായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്.

ബുധനാഴ്ചയാണ് കിരണ്‍ പൊലീസിനും ഭരണകൂടത്തിനുമെതിരെ ലോകശ്രദ്ധ പിടിച്ചുപറ്റിയ പ്രതികരണം നടത്തിയത്. ‘ഇന്ന് ഞാന്‍ നിങ്ങളുടെ അവതാരക കിരണ്‍ നാസ് അല്ല, ഒരു അമ്മയാണ് അതുകൊണ്ടാണ് ഇവിടെ എന്റെ മകളുമൊത്ത് ഞാന്‍ ഇരിക്കുന്നത്.’ ക്യാമറക്ക് മുന്നിലിരുന്ന് പ്രേക്ഷകരോട് കിരണ്‍ പറഞ്ഞു.

ശവശരീരം എത്ര ചെറുതായാലും അതുണ്ടാക്കുന്ന വേദന വളരെ വലുതാണ്. ഇന്ന് ഒരു ചെറിയ ശവശരീരം കസൂറിലെ നിരത്തില്‍ കിടക്കുകയാണ്. പാകിസ്താന്‍ മുഴുവനും അതിന്റെ ഭാരത്താല്‍ ഞെരിയുന്നു. മനുഷ്യത്വത്തിന്റെ ശവദാഹമാണ് ഇന്നേ ദിവസം അടയാളപ്പെടുത്തുന്നത്.

ഇത്തരം കേസുകളില്‍ കണ്ടുവരുന്ന പൊലീസ് നിഷ്‌ക്രിയത്വത്തെയും പരസ്പരമുള്ള രാഷ്ട്രീയ പഴിചാരലുകളെയും ശക്തമായ ഭാഷയില്‍ കിരണ്‍ വിമര്‍ശിച്ചു. പെണ്‍കുട്ടിക്ക് നീതി ലഭിക്കണം കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം-കിരണ്‍ ആവശ്യപ്പെടുന്നു.

കസൂര്‍ ജില്ലയിലെ വീട്ടില്‍നിന്ന് കഴിഞ്ഞയാഴ്ച തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടിയുടെ മൃതദേഹം മാലിന്യ കൂമ്പാരത്തിനടുത്ത് കണ്ടെത്തിയത്. ബലാത്സംഗത്തിന് ഇരയായതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടതെന്ന് മൃതദേഹ പരിശോധനയില്‍ വ്യക്തമായിരുന്നു. മാതാപിതാക്കള്‍ തീര്‍ഥാടനത്തിന് പോയതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ക്കൊപ്പം കഴിഞ്ഞ പെണ്‍കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

pathram desk 1:
Leave a Comment