മുത്തലാഖ്: നിലപാടില്‍ നിന്ന് വ്യതിചലിക്കാതെ പ്രതിപക്ഷം; ബില്‍ സെലക്ട് കമ്മറ്റിക്ക് വിടാന്‍ സാധ്യത

ന്യൂഡല്‍ഹി: മുത്തലാഖിനെ ക്രിമിനല്‍ കുറ്റമായി പരിഗണിക്കുന്ന ബില്ലിനെതിരെ പ്രതിപക്ഷം കടുത്ത നിലപാടുമായി രംഗത്തെത്തിയതോടെ സര്‍ക്കാര്‍ സമവായത്തിന് ശ്രമിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ബില്ലിന് മുകളില്‍ കടുത്ത നിലപാടുമായി രാജ്യസഭയില്‍ പ്രതിപക്ഷം രംഗത്തെത്തിയതോടെയാണ് സര്‍ക്കാര്‍ നിലപാടില്‍ മാറ്റം വരുത്താന്‍ ആലോചിക്കുന്നത്. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം പരിഗണിക്കാതെ വന്നതോടെ പ്രത്യേക യോഗം ചേര്‍ന്ന് ബില്ലെനെ എതിര്‍ക്കാന്‍ പ്രതിപക്ഷം തീരുമാനിക്കുകയായിരിന്നു. രാജ്യസഭയില്‍ പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ളതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ അങ്കലാപ്പിലാണ് ഉള്ളത്.

അതേസമയം വിഷയത്തില്‍ പ്രതിപക്ഷ നിലപാടിലേക്കാണ് ഇപ്പോള്‍ ഭരണപക്ഷവും നീങ്ങിക്കൊണ്ടിരിക്കുന്നത്. പ്രതിപക്ഷം ആവശ്യപ്പെട്ടിരിക്കുന്നത് പോലെ ബില്‍ സെലക്ട് കമ്മിറ്റിക്ക് വിട്ടേക്കും. ഇതിനായി പ്രതിപക്ഷവുമായി ചര്‍ച്ച നടത്താനും ഭരണപക്ഷം ആലോചിക്കുന്നുണ്ട്. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ നേരത്തേ തന്നെ ലോകസഭ പാസാക്കിയിരുന്നു. നിയമ മന്ത്രി രവിശങ്കര്‍ പ്രസാദാണ് ബില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷത്തിന്റെ ഭേദഗതി നിര്‍ദേശങ്ങള്‍ വോട്ടിനിട്ട് തളളിയാണ് സഭ ബില്‍ പാസ്സാക്കിയത്. നാല് മണിക്കൂര്‍ നേരം നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് ബില്‍ പാസ്സായത്.

സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് അധ്യക്ഷനായ മന്ത്രിതല സമിതി തയ്യാറാക്കിയ ബില്ലാണ് ലോക്സഭയിലെത്തിയത്. പുതിയ ബില്ലിനെതിരെ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിയത്. ഒറ്റയടിക്കു മൂന്നു തവണ തലാഖ് ചൊല്ലുന്നതു നിയമവിരുദ്ധവും ജാമ്യമില്ലാ കുറ്റവുമാക്കുന്ന ബില്‍. മുത്തലാഖ് ചൊല്ലുന്ന പുരുഷനു മൂന്നു വര്‍ഷം വരെ തടവും പിഴയും ഉറപ്പാക്കുന്ന ശിക്ഷയാണു ബില്ലിലുളളത്. വിവാഹ മോചനശേഷം സ്ത്രീക്കും കുഞ്ഞിനും ജീവനാംശത്തിന് അര്‍ഹതയുണ്ടാവും.

pathram desk 1:
Leave a Comment