കൊച്ചി: ഇസ്രയേലിൽ എത്തിയ ചിത്രം എക്സ് അക്കൗണ്ടിൽ പങ്കുവെച്ച യുക്തിവാദി ആരിഫ് ഹുസൈൻ തെരുവത്തിന് തെറിയഭിഷേകം. ചിത്രത്തിനൊപ്പം ഇസ്രയേലിന് ഐക്യദാർഡ്യം അറിയിച്ചുള്ള വാചകങ്ങൾ ആരിഫ് കുറിച്ചിരുന്നു. അതോടൊപ്പം ഫലസ്തീൻ അനുകൂല പ്രചാരണങ്ങളെ തുറന്നുകാണിക്കുന്നതും രാജ്യമെന്ന നിലയിൽ ഇസ്രയേലിന് നിലനിൽക്കാനുള്ള അവകാശത്തിനായി പ്രവർത്തിക്കുന്നതും തുടരുമെന്നും ഇദ്ദേഹം കുറിച്ചിരുന്നു.
പിന്നാലെയാണ് ‘അമേലിയ’ എന്നുപേരുള്ള വനിതയുടെ അക്കൗണ്ടിൽ നിന്ന് ‘ജിഹാദി ഹുസൈൻ എന്റെ രാജ്യത്ത് നിന്ന് പുറത്തുപോകൂ’എന്ന് തെറിവാക്കുകളോടെ പ്രതികരണമുണ്ടായത്. ഇവരെ തിരുത്തിക്കൊണ്ട് ‘നാമോ’ ആരാധകൻ എന്ന് എക്സിൽ സ്വയം പരിചയപ്പെടുത്തുന്ന കെ. രാഹുൽ എന്നയാൾ ആരിഫ് ഇസ്രയേൽ അനുകൂലിയാണെന്നും എക്സ് മുസ്‍ലിമാണെന്നും പരിചയപ്പെടുത്തുന്നുണ്ട്.
എന്നാൽ ഇയാൾക്കും തെറിയോടെയുള്ള മറുപടിയാണ് അമേലിയ നൽകുന്നത്. മുസ്‍ലിങ്ങൾ എപ്പോഴും മുസ്‍ലിങ്ങൾ തന്നെയാണെന്നും പറഞ്ഞുകൊണ്ട് ‘നാമോ’ ആരാധകനെതിരെയും വംശീയാധിക്ഷേപങ്ങൾ ചൊരിയുന്നുണ്ട്. ഇരുണ്ട നിറക്കാരനാണെന്നും നിങ്ങളുടെ ചുണ്ടിൽ ശരിയായ ചാണകമാണ് പുരട്ടിയതെന്നും അധിക്ഷേപിച്ചതിനൊപ്പം ‘ഭീകരവാദി’യെന്നും വിളിക്കുന്നുണ്ട്.














































