BREAKING NEWS

‘വിഷയം വളരെ സങ്കീർണം’- ട്രംപ്!! പ്രസിഡന്റിന്റെ ശാസ്ത്ര- സാങ്കേതിക ഉപദേശക സമിതിയിൽ അംഗം, ചൈനീസ് ചാരവനിതയുമായുള്ള വിവാഹേതര ബന്ധം അം​ഗീകരിച്ച് എൻവിഡിയ സിഇഒ…. മാധ്യമ രം​ഗത്ത് ഈ പേര് കേട്ടിട്ടുപോലുമില്ലെന്ന് ഹുനാൻ ടിവിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ!! സിസിടിവിയുടെ വെബ്സൈറ്റിലും ഇവരെക്കുറിച്ചുള്ള പ്രൊഫൈൽ അജ്ഞാതം… ആരാണ് ശരിക്കും ആലിസ് ഹുവാങ്?

· · 1 min read
Share: Copied!

വാഷിങ്ടൺ: ലോകത്തിലെ ഏറ്റവും നൂതനമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ചിപ്പുകൾ നിർമിക്കുന്ന എൻവിഡിയയുടെ (Nvidia) സിഇഒ ജെൻസൻ ഹുവാങ് അവിഹിതബന്ധം സമ്മതിച്ചതായി റിപ്പോർട്ട്. ചൈനീസ് ചാരവനിതയെന്ന് സംശയിക്കപ്പെടുന്ന ചൈനീസ് ബിസിനസുകാരിയുമായുള്ള അടുപ്പത്തെക്കുറിച്ച് പുറത്തുവന്ന റിപ്പോർട്ടുകളെത്തുടർന്ന് 4.5 ട്രില്യൺ ഡോളർ മൂല്യമുള്ള കമ്പനിയുടെ ഡയറക്ടർ ബോർഡ് അന്വേഷണം ആരംഭിച്ചതിനു പിന്നാലെയാണ് ഹുവാങ് ബന്ധം സമ്മതിച്ചതെന്നാണ് വിവരം.

സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മെഗാസ്പീഡ് (Megaspeed) എന്ന കമ്പനിയുടെ മുൻ എക്സിക്യൂട്ടീവായ ആലിസ് ഹുവാങുമായി ജെൻസൻ ഹുവാങിന് ബന്ധമുണ്ടായിരുന്നുവെന്നാണ് കഴിഞ്ഞ മാസം ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തത്. 63 വയസ്സുകാരനായ തായ്‌വാനിൽ ജനിച്ച ജെൻസൻ ഹുവാങുമായി കുടുംബബന്ധമില്ലാത്ത വ്യക്തിയാണ് ആലിസ് ഹുവാങ്. ചൈനീസ് ചാരസംഘടനയ്ക്കുവേണ്ടി പ്രവർത്തിച്ചിരുന്ന ഇവരെ അമേരിക്കൻ അധികൃതർ നേരത്തേ നിരീക്ഷിക്കുകയും ചൈനീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഏജന്റാണെന്ന് കണ്ടെത്തുകയും ചെയ്തതായും റിപ്പോർട്ടിലുണ്ട്.

ജെൻസൻ ഹുവാങും ആലിസ് ഹുവാങും ആദ്യമായി കണ്ടുമുട്ടിയത് എപ്പോഴാണെന്നോ ഇവരുടെ ബന്ധം എത്രകാലം നീണ്ടുനിന്നെന്നോ വ്യക്തമല്ല. എന്നാൽ 2024 ജൂണിൽ തായ്‌വാനിലെ ഒരു ബാറിൽ ഇരുവരും ഒന്നിച്ചിരിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഗിഗാബൈറ്റ്, നെറ്റ്‌തണ്ടർ എന്നീ കമ്പനികളുടെ എക്സിക്യൂട്ടീവുകൾക്കൊപ്പം ഇരുവരും മദ്യപിക്കുന്നതായാണ് ചിത്രങ്ങളിലുള്ളത്. ഇതേ കാലയളവിലാണ് മെഗാസ്പീഡ് കോടിക്കണക്കിന് ഡോളർ വിലമതിക്കുന്ന അത്യാധുനിക എഐ ചിപ്പുകൾ വാങ്ങാൻ തുടങ്ങിയത്. ന്യൂയോർക്ക് ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

അടുത്ത വർഷം മേയിലും തായ്‌വാനിലെ ഒരു റെസ്റ്റോറന്റിന് പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുന്ന ജെൻസൻ ഹുവാങിന്റെ പിന്നിൽ ആലിസ് ഹുവാങിനെ കണ്ടിരുന്നു. അപ്പോഴേക്കും മെഗാസ്പീഡിന്റെ എൻവിഡിയയുമായുള്ള ഇടപാടുകൾ അമേരിക്കൻ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. നടത്തിയ അന്വേഷണത്തിൽ മെഗാസ്പീഡിന്റെ മേധാവി ചൈനയ്ക്ക് രഹസ്യവിവരങ്ങൾ കൈമാറിയിരുന്നതായി അമേരിക്കൻ അധികൃതർ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്.

ന്യൂയോർക്ക് ടൈംസും ഫിനാൻഷ്യൽ ടൈംസും പുറത്തുവിട്ട രഹസ്യ മെമ്മോയിലെ വിവരങ്ങൾ പ്രകാരം, എൻവിഡിയ മേധാവിയെക്കുറിച്ച് രഹസ്യവിവരങ്ങൾ ശേഖരിക്കാനും ചൈനയിലേക്ക് ഏറ്റവും നൂതനമായ ചിപ്പുകൾ വിൽക്കാനുള്ള കമ്പനിയുടെ നീക്കങ്ങളെ സ്വാധീനിക്കാനും ചൈനയുടെ സ്റ്റേറ്റ് സെക്യൂരിറ്റി മന്ത്രാലയം ആലിസ് ഹുവാങിനെ നിയോഗിച്ചിരുന്നു. എൻവിഡിയയുടെ ചിപ്പ് കയറ്റുമതി നയങ്ങളിൽ സ്വാധീനം ചെലുത്തുകയായിരുന്നു ചൈനീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ലക്ഷ്യമെന്നും റിപ്പോർട്ടിൽ പറയുന്നു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ ആഗോള മത്സരം ശക്തമായതോടെ എൻവിഡിയയുടെ അത്യാധുനിക ചിപ്പുകൾ ചൈനയ്ക്ക് വിൽക്കുന്നതിന് മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഡൊണാൾഡ് ട്രംപ് അധികാരത്തിലെത്തിയതിനു പിന്നാലെ ചൈനയിലേക്കുള്ള എൻവിഡിയ ചിപ്പ് കയറ്റുമതിക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെതിരെ ജെൻസൻ ഹുവാങ് രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ചൈനീസ് ചാരവനിതയുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തെക്കുറിച്ചുള്ള ആരോപണങ്ങൾ പുറത്തുവന്നിരിക്കുന്നത്.

ആരാണ് ആലിസ് ഹുവാങ്

ആലിസ് ഹുവാങിനെക്കുറിച്ചുള്ള വിവരങ്ങളും ഇപ്പോൾ പുറത്തുവരുന്നുണ്ട്. ഹുവാങ് ലെ (Huang Le) എന്ന പേരിലും അറിയപ്പെടുന്ന ഇവർ ചൈനീസ് പൗരയാണ്. സിംഗപ്പൂർ ആസ്ഥാനമായ മെഗാസ്പീഡിൽ ഉന്നത പദവി വഹിച്ചിരുന്നു. ചൈനയിലെ ഒരു സ്വകാര്യ നിക്ഷേപ ഫണ്ട് ഡാറ്റാബേസിലുള്ള പ്രൊഫൈൽ പ്രകാരം ഇവർ മുൻ ടെലിവിഷൻ റിപ്പോർട്ടറാണ്. ഹുനാൻ ടിവിയിലും ചൈനയുടെ ഔദ്യോഗിക ടെലിവിഷൻ ചാനലായ സിസിടിവിയിലും പ്രവർത്തിച്ചിട്ടുണ്ടെന്നാണ് രേഖകളിലുള്ളത്. എച്ച്എസ്ബിസിയിലും ജോലി ചെയ്തിരുന്ന ഇവർ ബാങ്കിന്റെ പ്രൈവറ്റ് ബാങ്കിങ് വിഭാഗം മേധാവിയുടെ അസിസ്റ്റന്റായും പിന്നീട് സിഐടിഐസി സെക്യൂരിറ്റീസിൽ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം ഇവരുടെ മാധ്യമപ്രവർത്തന പശ്ചാത്തലത്തെക്കുറിച്ച് സംശയങ്ങളും ഉയർന്നിട്ടുണ്ട്. ഹുനാൻ ടിവിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ ആലിസ് ഹുവാങിനെക്കുറിച്ച് കേട്ടിട്ടുപോലുമില്ലെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. സിസിടിവിയുടെ വെബ്സൈറ്റിലും ഇവരെക്കുറിച്ചുള്ള പ്രൊഫൈൽ കണ്ടെത്താനായില്ലെന്നാണ് പത്രത്തിന്റെ റിപ്പോർട്ട്.

ചൈനീസ് നിക്ഷേപ രേഖകൾ പ്രകാരം ഷാങ്ഹായ് ഹെക്സി ഇൻവെസ്റ്റ്മെന്റ് മാനേജ്മെന്റിൽ എക്സിക്യൂട്ടീവ് ഡയറക്ടറായും ഫണ്ട് മാനേജറായും ആലിസ് ഹുവാങ് പ്രവർത്തിച്ചിട്ടുണ്ട്. ചൈനീസ് ഗെയിമിങ് കമ്പനിയായ 7റോഡുമായി ഈ സ്ഥാപനത്തിന് ബന്ധമുണ്ടായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

മെഗാസ്പീഡിന്റെ കമ്പനി ചരിത്രവും 7റോഡുമായി ബന്ധപ്പെട്ടതാണ്. 7റോഡിന്റെ വിദേശ പ്രവർത്തനങ്ങൾക്കായുള്ള സിംഗപ്പൂർ ആസ്ഥാനമായ സ്ഥാപനമായിരുന്നു മെഗാസ്പീഡിന്റെ മുൻഗാമി. 2023-ലാണ് കമ്പനി സ്ഥാപിതമായത്. ആലിസ് ഹുവാങിന്റെ നേതൃത്വത്തിലുള്ള ഹുവാങ് ലെ ലിമിറ്റഡിന്റെ ഉടമസ്ഥതയിലായിരുന്ന കമ്പനി അതേ വർഷം തന്നെ സ്വിഫ്റ്റ്ഡാറ്റയ്ക്ക് വിറ്റു. എന്നാൽ വിൽപ്പനയ്ക്കു ശേഷവും ചൈനയുമായി ബന്ധമുള്ള നിരവധി കമ്പനികളുടെ ശൃംഖലയുടെ കേന്ദ്രത്തിലുള്ള മെഗാസ്പീഡുമായി ആലിസ് ഹുവാങിന്റെ പേര് ബന്ധപ്പെട്ടിരുന്നു. തെക്കുകിഴക്കൻ ഏഷ്യയിൽ എൻവിഡിയയുടെ ഏറ്റവും വലിയ ഉപഭോക്താക്കളിലൊന്നാണ് ഈ കമ്പനി.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ മെഗാസ്പീഡ് 4.8 ബില്യൺ ഡോളറിലധികം വിലമതിക്കുന്ന എൻവിഡിയ ചിപ്പുകൾ വാങ്ങിയതായാണ് ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട്. ചൈനീസ് ചാരവനിതയെന്ന് സംശയിക്കപ്പെടുന്ന ഒരാളുമായി ബന്ധപ്പെട്ട കമ്പനി എൻവിഡിയയുടെ ഇത്രയും വലിയ ഉപഭോക്താവായിരുന്നുവെന്നത് അമേരിക്കൻ അധികൃതരുടെ അന്വേഷണത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നുണ്ട്.

പ്രശ്നം ​ഗുരുതരം- ട്രംപ്

സംഭവത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളോട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രതികരിച്ചു. ഒക്ടോബർ 31-ന് നടന്ന ഹാലോവീൻ ആഘോഷത്തിനിടെ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവേ വിഷയം വളരെ സങ്കീർണമാണെന്ന് ട്രംപ് പറഞ്ഞു. ജെൻസൻ ഹുവാങിന് എല്ലാം ശരിയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. പ്രസിഡന്റിന്റെ ശാസ്ത്ര-സാങ്കേതിക ഉപദേശക സമിതിയിൽ അംഗമാണ് ജെൻസൻ ഹുവാങ്.

“ജെൻസൻ ഹുവാങിനെ ഞാൻ എല്ലായ്പ്പോഴും വിശ്വസനീയവും സുതാര്യവുമായ വ്യക്തിയായാണ് കണ്ടിട്ടുള്ളത്,” ഒക്ടോബർ 31-ന് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. വിഷയത്തിൽ ഭരണകൂടം വളരെ അടുത്തുനിന്ന് അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹുവാങിനെ മിടുക്കനും അസാധാരണ കഴിവുള്ളവനുമായാണ് ട്രംപ് നേരത്തേ വിശേഷിപ്പിച്ചിട്ടുള്ളത്. വിദേശരാജ്യങ്ങളിലേക്കുള്ള ഔദ്യോഗിക സന്ദർശനങ്ങളിൽ ഹുവാങ് ഒപ്പമുണ്ടാകണമെന്നും ട്രംപ് പലപ്പോഴും ആവശ്യപ്പെട്ടിരുന്നു.

അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയും വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായില്ല. ജി7 യോഗത്തിൽ പങ്കെടുക്കുന്നതിനായി പാരീസിലേക്ക് പോകുന്നതിനിടെ ഞായറാഴ്ച മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. “വിഷയത്തിന്റെ സ്വഭാവം കണക്കിലെടുക്കുമ്പോൾ എനിക്ക് ഇതേക്കുറിച്ച് പ്രതികരിക്കാനാവില്ല. എൻവിഡിയയിൽ നടക്കുന്ന ആഭ്യന്തര കോർപ്പറേറ്റ് വിഷയത്തെക്കുറിച്ചും അഭിപ്രായം പറയാനാവില്ല,” റൂബിയോ പറഞ്ഞു.

ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനിയായ എൻവിഡിയ കഴിഞ്ഞ മൂന്ന് വർഷമായി വാൾസ്ട്രീറ്റിന്റെ പ്രതീക്ഷകളെ മറികടക്കുന്ന സാമ്പത്തിക നേട്ടമാണ് കൈവരിച്ചുകൊണ്ടിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ വളർച്ചയ്ക്കുള്ള പ്രധാന അടിസ്ഥാനമായി കമ്പനിയുടെ അത്യാധുനിക ചിപ്പുകൾ മാറിയതോടെയാണ് ഈ നേട്ടം. കാലിഫോർണിയയിലെ സാന്താ ക്ലാര ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി ഓഗസ്റ്റിൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഒരു പാദത്തിലെ ലാഭം മാത്രം 59.69 ബില്യൺ ഡോളറായിരുന്നു.

അതേസമയം, ജെൻസൻ ഹുവാങിനെതിരായ ആരോപണങ്ങളും ആലിസ് ഹുവാങിന്റെ ചൈനീസ് രഹസ്യാന്വേഷണ വിഭാഗവുമായുള്ള ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങളും സംബന്ധിച്ച അന്വേഷണം കമ്പനിയുടെ ഭാവി ചിപ്പ് കയറ്റുമതി നയങ്ങളിലും അമേരിക്ക-ചൈന എഐ മത്സരത്തിലും നിർണായകമായേക്കും.

BREAKING NEWS
നിരവധി കേസുകളിൽ പ്രതി, അറസ്റ്റ് ചെയ്യാതിരിക്കാൻ വീടിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണി... അറസ്റ്റ് ചെയ്യാൻ വരുന്നവരെ ആക്രമിക്കാൻ സമീപത്ത് കൊടുവാൾ, കല്ലുകൾ, പൈപ്പ് തുടങ്ങിയ മാരകായുധങ്ങൾ കണ്ണിലെറിയാൻ മുളകുപൊടിയും!! കെട്ടിടത്തിനിരുവശത്ത് നിന്നും ലാഡറുകൾ പിച്ച് ചെയ്ത് കെട്ടിടത്തിൽ കയറി പ്രതിയെ തൂക്കിയെടു...
09 Nov 2026
BREAKING NEWS
റോഡില്‍ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പടക്കം പൊട്ടിക്കലും റീല്‍ ചിത്രീകരണവും, ചോദ്യം ചെയ്ത പൊലീസുകാരനെ മര്‍ദിച്ച് കൊന്ന് മദ്യപ സംഘം, നാലുപേര്‍ അറസ്റ്റില്‍
09 Nov 2026
BREAKING NEWS
അറബ് പാർട്ടികളെ കണ്ണിൽകണ്ടുകൂടാ...ദേശീയ ഐക്യസർക്കാർ രൂപീകരിക്കണം.... അധികാരം വിട്ടുകൊടുക്കാൻ തയ്യാറാകാതെ നെതന്യാഹു!! ഇസ്രയേലിൽ പുതിയ സർക്കാർ രൂപീകരിക്കാൻ ഗാദി ഐസൻകോട്ടിന് പ്രസിഡന്റിന്റെ ആദ്യം ക്ഷണം!! അനുവദിച്ചിരിക്കുന്നത് 28 ദിവസത്തെ സമയം... ഐസൻകോട്ടിനു മുന്നിലുള്ള ലക്ഷ്യവും ചെറുതല്ല
09 Nov 2026
BREAKING NEWS
ഹാലോവീന്‍ പാര്‍ട്ടിയുടെ മറവില്‍ മദ്യ വിരുന്ന്, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേര ലൈംഗികാതിക്രമവും, അതിഥികളായെത്തിയത് പ്രമുഖരുടെ മക്കള്‍, മയക്കു മരുന്ന് ഉപയോഗിച്ചതായി സംശയം, ഒരാള്‍ അറസ്റ്റില്‍
09 Nov 2026