ചെന്നൈ: പ്രായപൂർത്തിയാകാത്ത നിരവധി പെൺകുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന കേസിൽ റിമാൻഡിൽ കഴിയുന്ന വ്യവസായപ്രമുഖൻ ആർ. വീരമണിക്കെതിരെ പുതിയ പരാതി. പത്ത് വർഷം മുൻപ് പ്ലസ് ടു വിദ്യാർഥിനിയായിരുന്ന തന്റെ മകൾ ജീവനൊടുക്കിയത് വീരമണിയുടെ പീഡനം മൂലമാണെന്ന് ആരോപിച്ച് അമ്മ ചെന്നൈ പൊലീസ് കമ്മിഷണർക്ക് പരാതി നൽകി.
ജെം ഗ്രാനൈറ്റ്‌സിന്റെ സ്ഥാപകനായ വീരമണി ലൈംഗികമായി ചൂഷണം ചെയ്തതായി ഇതിനകം പത്ത് പെൺകുട്ടികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. പുതിയ പരാതിയിൽ പറയുന്നതനുസരിച്ച്, മകളുടെ പഠനത്തിനായി വീരമണി സാമ്പത്തിക സഹായം നൽകിയിരുന്നു. പിന്നീട് ഈ സഹായത്തിന്റെ മറവിൽ വീട്ടിലേക്ക് വിളിച്ചുവരുത്തി മകളെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് അമ്മയുടെ ആരോപണം.
സംഭവത്തെ തുടർന്ന് മാനസികമായി തകർന്ന മകൾ 2016ൽ ജീവനൊടുക്കിയെന്നും അമ്മ പരാതിയിൽ പറയുന്നു. അന്ന് ചെന്നൈ ഐസ് ഹൗസ് പൊലീസ് സ്റ്റേഷനിൽ വീരമണിക്കെതിരെ പരാതി നൽകിയിരുന്നു. എന്നാൽ നടപടിയുണ്ടായില്ലെന്നും 2017ലെ ജല്ലിക്കെട്ട് പ്രക്ഷോഭത്തിനിടെ പൊലീസ് സ്റ്റേഷൻ ആക്രമിക്കപ്പെട്ടപ്പോൾ പരാതി നഷ്ടപ്പെട്ടുവെന്നാണ് പിന്നീട് അറിയിച്ചതെന്നും പരാതിയിൽ പറയുന്നു.
അമ്മ നൽകിയ പരാതി വീരമണിക്കെതിരായ കേസുകൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. സെൻട്രൽ ക്രൈംബ്രാഞ്ച് അഡീഷണൽ കമ്മിഷണർ പി.സി. തേൻമൊഴിയുടെ നേതൃത്വത്തിലുള്ള വനിതകൾ മാത്രമുള്ള നാലംഗ എസ്.ഐ.ടിയാണ് കേസുകൾ അന്വേഷിക്കുന്നത്. അന്വേഷണത്തിനായി കൂടുതൽ ഉദ്യോഗസ്ഥരെയും സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
രണ്ടുവർഷം മുൻപ് വീരമണിക്കെതിരെ പരാതി നൽകിയിരുന്ന കോൺഗ്രസ് നേതാവ് രഞ്ജൻകുമാറിനെയും അന്വേഷണസംഘം ചോദ്യം ചെയ്തു. എഗ്മോർ ക്രൈംബ്രാഞ്ച് ഓഫീസിൽ ഒൻപത് മണിക്കൂറോളം ചോദ്യംചെയ്ത സംഘം, അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന രേഖകളും ശേഖരിച്ചു.
പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്ന് 11 മാസത്തിന് ശേഷമാണ് വീരമണിയെയും സഹായി ശാന്തിയെയും ശാന്തിയുടെ ഭർത്താവ് മഹേന്ദ്ര സിംഹനെയും ജെം ഗ്രാനൈറ്റ്‌സ് മുൻ ജീവനക്കാരൻ ഗണേശനെയും പൊലീസ് അറസ്റ്റ് ചെയ്തത്.
അതേസമയം, കേസുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യുന്നതിൽനിന്ന് മാധ്യമങ്ങളെ മദ്രാസ് ഹൈക്കോടതി വിലക്കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളിലൂടെ ദൃശ്യങ്ങളോ വിവരങ്ങളോ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്ന് സൈബർ പൊലീസും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.




