തൃശ്ശൂർ: തമിഴ്നാട് വാൽപ്പാറയിൽ മലയാളികൾ സഞ്ചരിച്ച ടെമ്പോ ട്രാവലർ അപകടത്തിൽപ്പെട്ട് 9 മലയാളികൾക്ക് ദാരുണാന്ത്യം. മരിച്ചവരിൽ ഏഴു സ്ത്രീകളും ഒരു പുരുഷനും ഒരു കുട്ടിയും ഉൾപ്പെടുന്നു.
മലപ്പുറത്തുനിന്ന് വിനോദയാത്രയ്ക്കു പോയ അധ്യാപകസംഘമാണ് വാഹനത്തിലുണ്ടായിരുന്നത്. 12 അധ്യാപകരും ഡ്രൈവറും ഉൾപ്പെട്ടതായിരുന്നു സംഘം. അപകടത്തിൽ വാഹനം പൂർണമായി തകർന്നു.
വാൽപ്പാറ-പൊള്ളാച്ചി റൂട്ടിൽ 13-ാം വളവിൽനിന്ന് 16-ാം വളവിലേക്കാണ് വാഹനം മറിഞ്ഞത്. പരിക്കേറ്റവരെ പൊള്ളാച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ നില ഗുരുതരമാണെന്നാണ് വിവരം. വാൽപ്പാറയിൽനിന്ന് പൊള്ളാച്ചിയിലേക്കുള്ള ചുരമിറങ്ങുമ്പോഴായിരുന്നു അപകടം.











































