തിരുവനന്തപുരം: എൽപിഎസ്ടി ഉദ്യോഗാർഥികളുടെ പ്രതിഷേധം ശക്തമാകുന്നതിനിടെ ചികിത്സയുമായി സഹകരിക്കാതെ സമരനേതാവ് വളർമതി. നിലവിൽ ഐസിയുവിലുള്ള വളർമതി, വാർഡിലേക്ക് മാറ്റിയാൽ മാത്രമേ ചികിത്സയുമായി സഹകരിക്കൂവെന്ന് അറിയിച്ചതായാണ് വിവരം. സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തൽ രാത്രിയോടെ പോലീസ് പൊളിച്ചുനീക്കിയതിനു പിന്നാലെയാണ് നിരാഹാര സമരം നടത്തിയിരുന്ന വളർമതിയെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയത്.
പോലീസ് നടപടിക്കെതിരെ ഡിവൈഎഫ്ഐ രംഗത്തെത്തി. ബലപ്രയോഗത്തിലൂടെയാണ് സമരക്കാരെ ഒഴിപ്പിക്കാൻ ശ്രമിച്ചതെന്ന് ഉദ്യോഗാർഥികൾ ആരോപിച്ചു. ആവശ്യങ്ങൾ നേടിയെടുത്തിട്ടേ സമരം അവസാനിപ്പിക്കൂവെന്നും അവർ വ്യക്തമാക്കി. സമരപ്പന്തൽ പൊളിച്ചുനീക്കുന്നതുമായി ബന്ധപ്പെട്ട് പോലീസ് നേരത്തെ നോട്ടീസ് നൽകിയിരുന്നു. വളർമതിക്കെതിരെയും കേസെടുത്തിരുന്നു. എന്നാൽ, പന്തൽ പൊളിച്ചുനീക്കില്ലെന്ന നിലപാടിലായിരുന്നു സമരക്കാർ. പന്തലില്ലെങ്കിലും സമരം തുടരുമെന്നും അവർ അറിയിച്ചിരുന്നു.
മന്ത്രി ഒ.ജെ. ജനീഷ് നടത്തിയ ജാഥയ്ക്കുനേരെ സമരക്കാർ പ്ലക്കാർഡുകളുയർത്തി പ്രതിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പോലീസ് എത്തി സമരപ്പന്തൽ പൊളിച്ചുനീക്കിയത്. ഹൈക്കോടതി നിർദേശപ്രകാരമാണ് നടപടിയെന്നും സ്ഥിരം പന്തൽ മാത്രമാണ് നീക്കിയതെന്നും താൽക്കാലിക പന്തൽ പൊളിച്ചിട്ടില്ലെന്നും പോലീസ് വിശദീകരിച്ചു.
വളർമതിയെ അറസ്റ്റ് ചെയ്ത് നീക്കിയതിനു പിന്നാലെ ജയകൃഷ്ണൻ നിരാഹാര സമരം ഏറ്റെടുക്കുമെന്ന് അറിയിച്ചു. പോലീസ് സംഘം സ്ഥലത്തുനിന്ന് മടങ്ങിയിട്ടുണ്ട്. അതേസമയം, പോലീസ് നടപടിക്കു പിന്നാലെ സമരസ്ഥലത്തെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ മന്ത്രി ജനീഷിന്റെ ജാഥയുടെ ഫ്ലക്സുകൾ തകർത്തു. സിപിഎം നേതാക്കളായ സി.എസ്. സുജാത, പി.കെ. ബിജു എന്നിവരും സമരസ്ഥലത്തെത്തി.
സമരക്കാരെ ഒഴിപ്പിച്ച നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയനും നേരത്തെ വിമർശനമുന്നയിച്ചിരുന്നു. അതേസമയം, വ്യത്യസ്ത പ്രതിഷേധങ്ങളുമായി കൂടുതൽ സംഘടനകളും രംഗത്തെത്തുകയാണ്. ഇന്നുമുതൽ യുവമോർച്ച പ്രവർത്തകരും സമരപ്പന്തലിൽ പ്രതിഷേധിക്കുമെന്ന് അറിയിച്ചു. വളർമതി തിരിച്ചെത്തുന്നതുവരെ സമരസ്ഥലത്ത് തുടരുമെന്നാണ് യുവമോർച്ചയുടെ നിലപാട്.